പ്രണയം നടിച്ചു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്ന ലൗ ജിഹാദ്, റോമിയോ ജിഹാദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. തീര്‍ച്ചയായും ഈ അന്വേഷണം സ്വാഗതംചെയ്യപ്പെടേണ്ടതാണ്. മതാതീത വിവാഹങ്ങളും മതപരിവര്‍ത്തനങ്ങളും ധാരാളമായി നടക്കുന്ന ഇക്കാലത്ത് ഇങ്ങനെയൊരു അന്വേഷണം നമ്മുടെ സാമൂഹിക ജീവിതത്തിലും കുടുംബങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ചലനങ്ങളെപ്പറ്റി കൃത്യമായ ധാരണകള്‍ രൂപപ്പെടാന്‍ സഹായകമാവും. മതപരിവര്‍ത്തനംപോലെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ധാരണകളുടെയും പ്രചാരവേലകളുടെയും നിജസ്ഥിതി അറിയാനും ഇത് ഉപകരിക്കും. മുന്‍വിധികളോടെയല്ലാതെയാണ് അന്വേഷണം നടക്കുന്നതെങ്കില്‍ അതു ഗുണപരമായ ഫലങ്ങളാണുളവാക്കുക എന്ന കാര്യത്തില്‍ സംശയവുമില്ല.
അതേസമയം, ഇങ്ങനെയൊരന്വേഷണത്തിന് ആവശ്യപ്പെടുന്നതിലേക്ക് കോടതിയെ നയിച്ച സാഹചര്യങ്ങളെപ്പറ്റിയും ആലോചിക്കേണ്ടതുണ്ട്. സമൂഹത്തില്‍ ഭിന്നമതക്കാരും ജാതിക്കാരും തമ്മില്‍ ധാരാളമായി വിവാഹബന്ധങ്ങള്‍ നടക്കാറുണ്ട്. കാംപസ് പ്രണയങ്ങള്‍ വിവാഹങ്ങളിലെത്തിച്ചേരുന്നതും സാധാരണമാണ്. പ്രണയത്തെപ്പറ്റിയും വിവാഹജീവിതത്തെപ്പറ്റിയുമൊക്കെ നിലനില്‍ക്കുന്ന നൂതന ധാരണകള്‍മൂലം മതാതീതമായ കാഴ്ചപ്പാടോടെയുള്ള വിവാഹം എന്ന ആശയത്തിനു സ്വീകാര്യത കൈവന്നിരിക്കുന്നു. ഇത്തരം വിവാഹങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കോടതികളിലെത്തുമ്പോള്‍ പ്രായപൂര്‍ത്തിയായവരുടെ കാര്യത്തില്‍, അവരവരുടെ ഇഷ്ടത്തിനു വിടുക എന്നതാണു വഴക്കം. പ്രണയവിവാഹങ്ങളും മതപരിവര്‍ത്തനങ്ങളും ഒളിച്ചോട്ടവും കേസുമൊക്കെ സ്ഥിരം സംഭവങ്ങളായിരിക്കെ അതില്‍ മുസ്ലിംകള്‍ ഉള്‍പ്പെട്ടതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതില്‍ ദുഷ്ടലാക്കുണ്ടോ എന്ന സംശയം അസ്ഥാനത്തല്ല. വിശേഷിച്ചും സംഘപരിവാരം അടിസ്ഥാനരഹിതമായ പ്രചാരവേലകള്‍ കൊണ്ടുപിടിച്ചു നടത്തുമ്പോള്‍. പ്രണയവിവാഹങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്ലാമിലേക്കും തിരിച്ചും മതപരിവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍, ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിനു മാത്രം തീവ്രവാദമുദ്രയും വര്‍ഗീയ സ്വഭാവവും ചാര്‍ത്തിക്കൊടുക്കുന്നതിന്റെ ആന്തരാര്‍ഥങ്ങള്‍ തീര്‍ച്ചയായും കണ്ടെടുക്കണം. അതിന്റെ ദുഷ്ടലാക്ക് തിരിച്ചറിയുകയും വേണം. തീര്‍ച്ചയായും പരിഷ്കൃതസമൂഹത്തിനു ചേരാത്ത പ്രതിലോമ സമീപനമാണിത്.
ലൗ ജിഹാദ് എന്നത് സംഘപരിവാരം ഉണ്ടാക്കിയ ആഭാസപ്രയോഗമാണ്. സംഘപരിവാരത്തിന് അതൊക്കെ ചേരും. അങ്ങനെയാണോ ഹൈക്കോടതി? സംഘപരിവാരത്തിന്റെ ഭാഷയില്‍ കോടതിയും സംസാരിക്കുന്നു എന്നത് ന്യായീകരിക്കാവുന്നതല്ല. മുസ്ലിം സംഘടനാ നേതാക്കളും മതപണ്ഡിതരും പൊതുസമൂഹവും ഈ പദപ്രയോഗത്തിന്റെ പേരില്‍ ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. തുല്യാവകാശങ്ങളുള്ള ജനസമൂഹമെന്ന നിലയില്‍ സ്വന്തം അസ്തിത്വം നിലനിര്‍ത്താന്‍ മുസ്ലിം ന്യൂനപക്ഷത്തിനു സാധിക്കണമെങ്കില്‍ ആശങ്കകള്‍ ദൂരീകരിക്കപ്പെടേണ്ടതാണ്.
(Source)
No comments:
Post a Comment