Friday, October 16, 2009

മധുചഷകത്തില്‍ വിഷം ചാലിച്ചവര്‍

പ്രണയം മനസ്സിന്റെ ആര്‍ദ്ര സുന്ദര ആവിഷ്കാരമാണെന്നാണ്‌ ഉമര്‍ ഖയ്യാം വിശേഷിപ്പിച്ചതു. ഇണക്കിളികളെ അമ്പെയ്യാന്‍ വന്ന വേട്ടക്കാരനെ നോക്കിയാണ്‌ ആദികവി 'അരുത്‌ കാട്ടാളാ' എന്നു പാടിയതും. പക്ഷേ, മനുഷ്യമനസ്സുകളില്‍ മതദ്വേഷത്തിന്റെ വന്‍മതിലുകള്‍ പണിത സംഘപരിവാരം കൗമാര ജീവിതത്തിലും മതവെറിയുടെ മാരക വിഷക്കൂട്ടുകള്‍ ചാലിക്കുന്നതാണു പുതിയ വിവാദത്തിലൂടെ തെളിയുന്നത്‌.

1990കളുടെ തുടക്കം. അയോധ്യയില്‍ നിന്ന്‌ ആളിക്കത്തിയ വര്‍ഗീയാഗ്നി മലയാളക്കരയിലും മതസഹിഷ്ണുതയ്ക്കു ചിതയൊരുക്കിത്തുടങ്ങിയ കാലം. അമ്പലമുറ്റങ്ങളൊക്കെ ആര്‍.എസ്‌.എസ്‌ ശാഖകളാക്കി മാറ്റാനുള്ള പി പി മുകുന്ദന്റെ പദ്ധതികള്‍ക്കു പക്ഷേ, സംസ്ഥാനത്തു പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ല.

ആര്‍.എസ്‌.എസ്‌ ശാഖകളിലേക്കു വേണ്ടത്ര യുവാക്കളെ കിട്ടാതെ പോയ പശ്ചാത്തലത്തില്‍ സംഘപരിവാര നേതൃത്വം പ്രവര്‍ത്തനരീതി മാറ്റി. ഗൃഹസമ്പര്‍ക്കങ്ങളിലൂടെയും സ്വകാര്യ പ്രസിദ്ധീകരണങ്ങളിലൂടെയും ഹിന്ദു യുവാക്കളില്‍ വിഷം കുത്തിവച്ച്‌ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള പദ്ധതികളാണു പിന്നീട്‌ ആവിഷ്കരിക്കപ്പെട്ടത്‌. നിയമത്തിന്റെ പരിമിതിയില്‍ നിന്ന്‌ കേസരിക്ക്‌ ചീറ്റാനാവാത്ത കൊടിയ മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങളുമായി അന്നു നിയമവിരുദ്ധ ഹിന്ദുത്വ പ്രസിദ്ധീകരണങ്ങള്‍ കേരളമാകെ പ്രചരിച്ചു. മഞ്ചേരിയില്‍ നിന്നു പ്രസിദ്ധീകരിക്കപ്പെട്ട ഹിന്ദു ശബ്ദമായിരുന്നു മുന്‍പന്തിയില്‍.

കേരളത്തില്‍ മുസ്ലിംകള്‍ എലികളെപ്പോലെ പെറ്റു പെരുകുകയാണെന്നും ഒരു മുസ്ലിം യുവതിയെ മതംമാറ്റുന്നത്‌ ഒരു സമൂഹത്തെ ഒന്നാകെ മതംമാറ്റുന്നതിനു തുല്യമാണെന്നും മറ്റുമായിരുന്നു '91 നവംബറില്‍ പുറത്തിറങ്ങിയ ഹിന്ദു ശബ്ദത്തിലെ പരാമര്‍ശം. ഇതുസംബന്ധിച്ച സചിത്രവാര്‍ത്ത മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതോടെ പോലിസ്‌ നടപടി ശക്തമാവുകയും കുറച്ചുകാലത്തേക്ക്‌ ഹിന്ദുശബ്ദം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ നിലയ്ക്കുകയും ചെയ്തു. സംസ്ഥാനത്തെ പോലിസുകാര്‍ പോലും ഹിന്ദു ശബ്ദത്തിന്റെ തപാല്‍ വരിക്കാരാണെന്ന വിവരവും മാധ്യമം വെളിച്ചത്തു കൊണ്ടുവന്നിരുന്നു. അന്യമതപ്രണയവും വിവാഹവുമൊക്കെ കേരളത്തില്‍ അതുവരെ ഒറ്റപ്പെട്ടതോ യാദൃച്ഛികമോ ആയ സംഭവങ്ങളായിരുന്നു. എന്നാല്‍, ആര്‍.എസ്‌.എസ്‌ ഒരുമ്പെട്ടിറങ്ങിയതോടെ മതിലിനപ്പുറത്തെ പ്രണയക്കെണിയില്‍ മുസ്ലിം ചുറ്റുവട്ടങ്ങളില്‍ നിന്നും ഒട്ടേറെ കഴുത്തുകള്‍ കുരുക്കപ്പെട്ടു.

മുസ്ലിം യുവതികളെ പ്രണയം നടിച്ചു മതംമാറ്റാന്‍ പരിസര യാഥാര്‍ഥ്യങ്ങള്‍ ചൂഷണംചെയ്തുകൊണ്ടുള്ള കുടിലതന്ത്രങ്ങളാണ്‌ ആര്‍.എസ്‌.എസ്‌ പ്രയോഗിച്ചതു. പ്രണയനാടകങ്ങള്‍ പരിശീലിച്ച തെക്കന്‍ ജില്ലകളില്‍ നിന്നുള്ള കെട്ടിടനിര്‍മാണത്തൊഴിലാളികളെയും ആശാരിമാരെയും തയ്യല്‍ക്കാരെയും ഇതിനായി ആര്‍.എസ്‌.എസ്‌ മലബാറിലേക്കു നിയോഗിച്ചു. സാമ്പത്തിക പരാധീനത അനുഭവിക്കുന്നതും കുടുംബസാഹചര്യം ഭദ്രമല്ലാത്തതുമായ മുസ്ലിം യുവതികളെയാണ്‌ ആര്‍.എസ്‌.എസുകാര്‍ ആദ്യമാദ്യം റാഞ്ചി നാടുകടത്തിയത്‌. മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകളില്‍ നിന്നു മാത്രമായി '91നും '95നുമിടയ്ക്ക്‌ 1600 ഓളം മുസ്ലിം യുവതികളെ ഇങ്ങനെ മതംമാറ്റിയതായാണു കണക്ക്‌.

ഹിന്ദു യുവാക്കള്‍ക്കൊപ്പമുള്ള മുസ്ലിം യുവതികളുടെ ഒളിച്ചോട്ടം കുത്തഴിഞ്ഞ കുടുംബസാഹചര്യങ്ങളുടെയും മതബോധമില്ലായ്മയുടെയും അനിവാര്യ ദുരന്തങ്ങളായാണ്‌ സമുദായം ആദ്യം വിലയിരുത്തിയത്‌. എന്നാല്‍, ചില സംഭവങ്ങള്‍ക്കു പിന്നിലെ ആസൂത്രണപാടവം ആര്‍.എസ്‌.എസ്‌ ഗൂഢാലോചന പുറത്തുകൊണ്ടുവന്നു.

വയനാട്‌ മാനന്തവാടിക്കടുത്ത പായ്യോട്ടെ സീനത്ത്‌ എന്ന യുവതിയെ ആര്‍.എസ്‌.എസ്സിന്റെ പ്രാദേശിക നേതാവ്‌ പ്രണയിച്ചു മതംമാറ്റിയത്‌ ആ കാലയളവിലാണ്‌. അയല്‍വാസികള്‍ തമ്മിലുള്ള സ്വാഭാവിക പ്രണയവും ഒളിച്ചോട്ടവുമെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുത്തിയത്‌.

എന്നാല്‍, സീനത്തിനെ കാണാതായ ശേഷം പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ കൂട്ട മതംമാറ്റത്തിനുള്ള ആര്‍.എസ്‌.എസ്സിന്റെ ആസൂത്രണവും ഗൂഢാലോചനയും വ്യക്തമാക്കുന്നതായിരുന്നു. സീനത്തിനെ ഉപയോഗിച്ച്‌ പ്രദേശത്തെ അഞ്ചു മുസ്ലിം യുവതികളെക്കൂടി പ്രണയക്കുരുക്കിലകപ്പെടുത്തി മതംമാറ്റാനുള്ള ശ്രമം നടന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. വിവാഹശേഷം യുവതികള്‍ മതം മാറേണ്ടെന്നും യുവാക്കള്‍ ഇസ്ലാം ആശ്ലേഷിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു മാനന്തവാടിയിലെ തയ്യല്‍ത്തൊഴിലാളിയടക്കമുള്ള ആര്‍.എസ്‌.എസുകാര്‍ യുവതികളെ വലവീശിയത്‌. ഇവരുടെ പ്രണയം മുന്നേറുന്നതിനിടെ ഇടനിലക്കാരിയായ സീനത്ത്‌ ക്ഷേത്രദര്‍ശനം നടത്താനും ഹൈന്ദവ ആചാരങ്ങള്‍ അനുഷ്ഠിക്കാനുമാരംഭിച്ചതറിഞ്ഞു കൂട്ടുകാരഅയ അഞ്ചു മുസ്ലിം യുവതികളും ആര്‍.എസ്‌.എസ്‌ പ്രണയക്കുരുക്കില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു.

മാരകായുധങ്ങളുമായി കണ്ണൂരില്‍ നിന്നെത്തിയ ആര്‍.എസ്‌.എസുകാര്‍ സുരക്ഷാവലയം സൃഷ്ടിച്ചാണു സീനത്തിനെ കടത്തിക്കൊണ്ടുപോയത്‌. സീനത്തിനെ പ്രണയിച്ച്‌ മതംമാറ്റിയതില്‍ ഒതുങ്ങിയില്ല ആര്‍.എസ്‌.എസ്‌ അജണ്ട. മതം മാറിയ യുവതിയെ ഹൈന്ദവ വേഷത്തില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മുമ്പിലൂടെ നിരന്തരം ആനയിച്ച്‌ പ്രദേശത്ത്‌ വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും അരങ്ങേറി. മകളെ ഇരയാക്കിയുള്ള ആര്‍.എസ്‌.എസ്‌ കാഴ്ചകളില്‍ മനംനൊന്ത്‌ തുച്ഛമായ വിലയ്ക്ക്‌ വീടും സ്ഥലവും വിറ്റ്‌ നാടുവിടുകയായിരുന്നു ഒടുവില്‍ സീനത്തിന്റെ കുടുംബം.

ആ കുടുംബത്തിന്റേത്‌ ഒറ്റപ്പെട്ട ദുരന്തമല്ല. ആര്‍.എസ്‌.എസ്‌ ഭീകരത തിരിച്ചറിയാതെ പ്രണയവിവശരായി ജീവിതം തുലച്ച ഒട്ടേറെ സീനത്തുമാരുണ്ട്‌. അവരില്‍ മഹാഭൂരിഭാഗവും ഇപ്പോള്‍ നമ്മുടെ കണ്‍വെട്ടങ്ങളില്‍ കരഞ്ഞുവിളിക്കുന്ന പേക്കോലങ്ങളാണ്‌. മദ്യപാനികളും അധാര്‍മികളുമായ ഭര്‍ത്താക്കന്മാര്‍ ചോരയും നീരും ഊറ്റിയെടുത്ത മരിച്ചു ജീവിക്കുന്ന ഇരകള്‍.

തേജസിന്റെ അന്വേഷണവഴികളില്‍ ആര്‍.എസ്‌.എസ്‌ പ്രണയനാടകത്തില്‍ ആടിത്തിമര്‍ത്ത്‌ ഒടുവില്‍ ജീവിതം ചോദ്യചിഹ്നമായി പകച്ചുനില്‍ക്കുന്ന ഒട്ടേറെ ദുരന്തകഥാപാത്രങ്ങളെ കണ്ടുമുട്ടി.

92ല്‍ ബാബരി ദുരന്തത്തിനു ശേഷം മുസ്ലിം സമുദായത്തോടു കുടിപ്പക തീര്‍ക്കാനും ഹിന്ദുത്വ വര്‍ഗീയത ഉദ്ദീപിപ്പിക്കാനും സംഘപരിവാരം കേരളത്തില്‍ പ്രയോഗിച്ച പ്രധാന ആയുധങ്ങളിലൊന്ന്‌ മതംമാറ്റമായിരുന്നു.

എന്നാല്‍, ഈ ഗൂഢപദ്ധതികളില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ മുസ്ലിംകള്‍ ഹിന്ദു യുവതികളെ മതംമാറ്റുന്നുവേന്ന കൊണ്ടുപിടിച്ച പ്രചാരണവുമായി ഇതേസമയം തന്നെ സംഘപരിവാരവും ചില മാധ്യമങ്ങളും രംഗത്തുവരുകയും ചെയ്തു. ആക്രമണോല്‍സുകമായ ആ കുപ്രചാരണങ്ങളുടെ ആദ്യ രക്തസാക്ഷിയായിരുന്നു തിരൂരങ്ങാടിയിലെ ആമിനക്കുട്ടി. തൊട്ടുപിറകെ തിരൂരിലെ മുഹമ്മദ്‌ യാസിറിന്റെ കുടല്‍മാല ചീന്തിയതും ആര്‍.എസ്‌.എസ്‌ ഭീകരത തന്നെ.

വിധിവൈരുധ്യങ്ങളുടെ കാണാപ്പുറങ്ങള്‍

ഒരേ നിയമം, ഒരേ കോടതി, സമാനമായ കേസുകള്‍; പക്ഷേ, വിധിയുടെ വൈരുധ്യങ്ങളില്‍ ദുരൂഹതകളുടെ കാണാപ്പുറങ്ങള്‍.

പത്തനംതിട്ടയിലെ എം.ബി.എ വിദ്യാര്‍ഥികള്‍ മതംമാറിയ കാലയളവില്‍ തന്നെയാണ്‌ ആലപ്പുഴ എസ്‌.എന്‍ കോളജ്‌ വിദ്യാര്‍ഥിനിയായ മുസ്ലിം പെണ്‍കുട്ടിയെ ഒരു ക്രിസ്ത്യന്‍ യുവാവ്‌ പ്രണയിച്ചു മതംമാറ്റിയത്‌. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത്‌ അഞ്ചാംവാര്‍ഡിലെ സമ്പന്ന കുടുംബത്തില്‍പ്പെട്ട മുസ്ലിം പെണ്‍കുട്ടിയുടെ പേരില്‍ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തമായുണ്ട്‌.

ക്രിസ്ത്യന്‍ യുവാവിനൊപ്പം യുവതിയെ കാണാതായി മൂന്നാംദിവസം റോമില്‍ നിന്നു യുവാവിന്റെ സഹോദരിയായ കന്യാസ്ത്രീ എത്തിയാണു മതംമാറ്റച്ചടങ്ങുകള്‍ നടത്തിയത്‌.

റൈസ എന്ന പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു പിതാവ്‌ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പസ്‌ ഫയല്‍ ചെയ്തു. കഴിഞ്ഞ മാസം യുവതിയെ കോടതിയില്‍ ഹാജരാക്കി. ക്രിസ്ത്യന്‍ യുവാവിനു 21 വയസ്സ്‌ തികഞ്ഞിരുന്നില്ല. എന്നിട്ടും പെണ്‍കുട്ടിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടില്ല. യുവാവിനു 21 വയസ്സു തികയുന്നതുവരെ ഹോസ്റ്റലില്‍ താമസിക്കാനാണു കോടതി ഉത്തരവിട്ടത്‌. യുവതിയുമായി ദിവസവും ഫോണില്‍ ബന്ധപ്പെടാന്‍ യുവാവിനെ കോടതി അനുവദിക്കുകയും ചെയ്തു.

അതേസമയം, സമാനമായ കേസില്‍ പത്തനംതിട്ടയിലെ മുസ്ലിം യുവാക്കള്‍ക്ക്‌ നിയമത്തിന്റെ ഇത്തരം ഔദാര്യങ്ങളൊന്നും ലഭിച്ചില്ല. മതംമാറിയ രണ്ട്‌ എം.ബി.എ വിദ്യാര്‍ഥികളും സ്വമേധയാ ആണ്‌ ഇസ്ലാം സ്വീകരിച്ചതെന്ന്‌ അറിയിച്ചിട്ടും യുവാക്കള്‍ക്കൊപ്പം വിടാതെ മാതാപിതാക്കള്‍ക്കൊപ്പമാണു വിട്ടത്‌. രണ്ടാംതവണയും അതുതന്നെ ആവര്‍ത്തിച്ചു. ബന്ധുക്കള്‍ക്ക്‌ യുവതികളെ നിരന്തര കൗണ്‍സലിങ്ങിനും മറ്റും വിധേയമാക്കാനുള്ള സാവകാശം ലഭിക്കുകയും ചെയ്തു.

എന്നാല്‍, ആലപ്പുഴയിലെ റൈസ എന്ന മുസ്ലിം പെണ്‍കുട്ടിയുടെ പിതാവിന്‌ നിയമത്തിന്റെ അത്തരം ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല.

(Source)

No comments:

Post a Comment