കണക്കുകളെ കബളിപ്പിക്കുന്ന കുതന്ത്രങ്ങളോടെയാണു കേരളത്തില്‍ ആര്‍.എസ്.എസ് പ്രണയ മതംമാറ്റ നാടകങ്ങളുടെ ആവിഷ്കാരം. സംസ്ഥാനത്ത് പിന്നാക്ക ക്രിസ്ത്യാനികളുടെ മതംമാറ്റം മാത്രമാണ് ആര്യസമാജങ്ങളിലും ഹിന്ദു വിഷനിലും അയ്യപ്പസേവാ സംഘത്തിലും മറ്റും കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്നത്. പ്രണയത്തിലൂടെ മതംമാറ്റുന്ന മുസ്ലിം യുവതികള്‍ക്കു സുരക്ഷിതമായ ഭാവിജീവിതമല്ല മദനകാമരാജന്മാരും ലക്ഷ്യമിടുന്നതെന്നതിനാല്‍ അത്തരം മതംമാറ്റ വിവാഹങ്ങള്‍ ഭൂരിഭാഗവും രജിസ്റ്റര്‍ ചെയ്യപ്പെടുകയോ ആര്‍.എസ്.എസ് മതംമാറ്റ കേന്ദ്രങ്ങളില്‍പ്പോലും രേഖപ്പെടുത്തപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ് അന്വേഷണത്തില്‍ വ്യക്തമായത്.
സാവധാനത്തിലുള്ള വംശഹത്യയായതിനാല്‍ പ്രേമച്ചുഴിയില്‍ പെടുന്ന മുസ്ലിം യുവതികള്‍ മേല്‍വിലാസവും ബന്ധങ്ങളും ഒടുവില്‍ ജീവിതംതന്നെയും ചോദ്യചിഹ്നമായി മുങ്ങിപ്പോവുന്നുവേന്നതാണു പച്ചയായ യാഥാര്‍ഥ്യങ്ങള്‍.
ഫാറൂഖ് കോളജ് വിദ്യാര്‍ഥിനിയായ ഷഹനാസിനെ 2005ലാണ് ഒരു ആര്‍.എസ്.എസുകാരന്‍ പ്രണയിച്ചു മതംമാറ്റി വിവാഹം ചെയ്തത്. എന്നാല്‍, 2008ലാണു കോഴിക്കോട് ആര്യസമാജത്തില്‍ ഈ മതംമാറ്റം രജിസ്റ്റര്‍ ചെയ്തത്. കുട്ടിയായ ശേഷം ഉപേക്ഷിക്കാനുള്ള നീക്കത്തിനിടെ യുവതി നിയമനടപടിക്കൊരുങ്ങിയതോടെയായിരുന്നു അത്. ശുദ്ധി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഭര്‍ത്താവായ ആര്‍.എസ്.എസുകാരന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. മതംമാറ്റി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്ന സമയത്ത് പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നില്ല. ബന്ധം ഉപേക്ഷിച്ചാല്‍ ബലാല്‍സംഗക്കുറ്റത്തിന് അഴിയെണ്ണേണ്ടിവരുമെന്നതിനാല്‍ മാത്രമാണു മൂന്നു വര്‍ഷത്തിനു ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്തത്.
വടകരയ്ക്കടുത്ത മേപ്പയൂരില്‍ പാരലല്‍ കോളജ് അധ്യാപകനായ രാജന്‍ എന്ന ആര്‍.എസ്.എസുകാരന്റെ കെണിയില്‍ കുടുങ്ങിയ മുസ്ലിം യുവതിയുടെ കഥ ദുരന്തപൂര്‍ണമാണ്. 'കാര്യം' കഴിഞ്ഞപ്പോള്‍ യുവതിയെ വേണ്ടാതായി. പീഡനങ്ങളില്‍ പൊറുതിമുട്ടി ബന്ധം ഉപേക്ഷിച്ച് പെണ്‍കുട്ടി കുടുംബത്തിലേക്കു തിരിച്ചുവരാന്‍ ശ്രമിക്കുന്നു. എന്നാല്‍, ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണു മാതാപിതാക്കളും ബന്ധുക്കളും.
കോഴിക്കോട് പണിക്കര്‍ റോഡില്‍ ആര്‍.എസ്.എസുകാരനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി പീഡനങ്ങളില്‍ മനംനൊന്ത് ഇപ്പോള്‍ കേസ് നടത്തുകയാണ്. കടലുണ്ടിയില്‍ ഉന്നത സലഫി കുടുംബത്തിലെ പെണ്‍കുട്ടിയാണ് ആര്‍.എസ്.എസുകാരന്റെ ബാണത്തിന് ഇരയായത്.
ബന്ധുക്കള്‍ ഏറ്റെടുക്കാത്തതിനാല്‍ എല്ലാ ദുരനുഭവങ്ങളോടെയും ജീവിതം നരകിച്ചു തീര്‍ക്കുകയാണ് ആ യുവതി. മലാപ്പറമ്പ് അംബേദ്കര്‍ കോളനിയിലെ മുസ്ലിം പെണ്‍കുട്ടിയെ ആര്‍.എസ്.എസുകാരനൊപ്പം അപ്രത്യക്ഷമായി ദിവസങ്ങള്‍ക്കു ശേഷം പോലിസ് പിടികൂടുകയായിരുന്നു. പോലിസിന്റെ ഇടപെടല്‍കൊണ്ടു മാത്രം യുവാവ് കല്യാണത്തിനു നിര്‍ബന്ധിതനായി.
കലഹപൂര്‍ണമാണ് ആ 'ദാമ്പത്യ'വും. മാവൂര്‍ ലക്ഷംവീട് കോളനിയില്‍ ആര്‍.എസ്.എസുകാരനൊപ്പം ഒളിച്ചോടിയ മുസ്ലിം യുവതി മറ്റൊരു ദുരന്ത കഥാപാത്രമാണ്. യുവതിക്കു ഭര്‍ത്താവില്‍ നിന്നു മര്‍ദ്ദനമേല്‍ക്കാത്ത ദിവസമില്ല. ശോഭനയായി മാറിയ വാഴക്കാട്ടെ ആമിനയ്ക്ക് മാവൂരിലെ വിജയന്റെ കൂടെയുള്ള പൊറുതിയും മധുരിക്കുന്നതല്ല.
മേപ്പയൂരില്‍ അധ്യാപികയായ മുസ്ലിം യുവതിയെ അടുത്തകാലത്താണു ഹിന്ദു യുവാവ് കടത്തിക്കൊണ്ടുപോയത്. കല്‍പ്പള്ളിയില്‍ മദ്‌റസാ അധ്യാപകന്റെ ഭാര്യയെയാണു രാത്രിയുടെ മറവില്‍ ആലപ്പുഴ സ്വദേശിയായ ആര്‍.എസ്.എസുകാരന്‍ കെണിവച്ചുപിടിച്ചതു.
മുക്കത്തെ ഫാന്‍സികടയുടമയായ ആര്‍.എസ്.എസുകാരന്‍ പ്രണയനാടകത്തിലൂടെ മതംമാറ്റി വിവാഹം ചെയ്ത മുസ്ലിം യുവതി അധികം കഴിയുംമുമ്പേ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. അതുസംബന്ധിച്ച് പോലിസ് അന്വേഷണം നടത്തുകയോ കാമദേവന്റെ സഹായത്തോടെ നടത്തുന്ന 'ദേശസ്നേഹ'പ്രവര്‍ത്തനത്തെപ്പറ്റി കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയോ ചെയ്തില്ല. കുറ്റിക്കാട്ടൂരില്‍ നിന്ന് ആര്‍.എസ്.എസുകാരനായ സ്റ്റീല്‍ കമ്പനി ജീവനക്കാരന്‍ തട്ടിക്കൊണ്ടുപോയ മുസ്ലിം യുവതി ജീവിച്ചിരിപ്പുണ്ടോ എന്നുപോലും വിവരമില്ല. നാദാപുരത്തെ ഷംന എന്ന വിദ്യാസമ്പന്നയായ യുവതിയെ വണ്ടൂരിലെ രാജീവന്‍ എന്ന ആര്‍.എസ്.എസുകാരന്‍ മാസങ്ങള്‍ക്കു മുമ്പു വശീകരിച്ചുകൊണ്ടുപോയി. ഹിന്ദു യുവാവിനൊപ്പം ഒളിച്ചോടിയ തുവ്വൂരിലെ ഇംഗ്ലീഷ് സ്കൂള്‍ അധ്യാപികയായിരുന്ന ഷബാനയുടെ ജീവിതം കണ്ണീരും കൈയുമാണെന്നു ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
മഞ്ചേരി പാണ്ടിക്കാട് സ്വദേശിയായ യുവമോര്‍ച്ച നേതാവ് മുസ്ലിം യുവതിയെ പ്രണയിച്ചു മതംമാറ്റിയാണു വിവാഹം കഴിച്ചതു. വണ്ടൂരിലെ സുബൈദ, കരുവാരക്കുണ്ടിലെ ബാലവാടി പരിചാരിക റംലത്ത്, കരുവാരക്കുണ്ടിലെ സലീന, നിലമ്പൂരിലെ സുബൈദ, തൊടിയൂരിലെ ജമീല, കാരക്കാപറമ്പിലെ റജീന, മുക്കില്‍പീടികയിലെ അധ്യാപകന്റെ മകള്‍ റജീന, കോട്ടക്കലിലെ ഹസീന, പടിക്കപ്പറമ്പിലെ ശബ്ന, മഞ്ചേരിയിലെ ഉമ്മുകുല്‍സു, ഹഫ്സത്ത് തുടങ്ങിയവര്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ആര്‍.എസ്.എസ് പ്രണയക്കുരുക്കില്‍ കുടുങ്ങി മതത്തിന്റെ മതില്‍ചാടിയവരാണ്. മലപ്പുറം-കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിഗ്രാമത്തില്‍ ഇക്കഴിഞ്ഞ റമദാനില്‍ മൂന്നു മുസ്ലിം യുവതികളെയാണ് അഴകിയ രാവണന്‍മാര്‍ കടത്തിക്കൊണ്ടുപോയത്. കോഴിക്കോട് ചേളന്നൂറിലെ ഇസ്ലാമിയ കോളജ് വിദ്യാര്‍ഥിനി വീടിനു പിറകിലെ ആശാരിയോടൊപ്പം പോയി മതം മാറി വന്നു അവിടെത്തന്നെ താമസമാക്കി. ദിനേന മദ്യപിച്ചു വരുന്ന ഭര്‍ത്താവിന്റെ പീഡനം മൂലമുള്ള നിലവിളി കേട്ട് സഹിക്കാതായ പെണ്‍കുട്ടിയുടെ കുടുംബം വീട് വിറ്റു സ്ഥലംവിടുകയായിരുന്നു.
വടകര ശാന്തിനഗറിലെ മുസ്ലിം യുവതിയെ കന്യാസ്ത്രീയുടെ കാര്‍മികത്വത്തിലാണു കടത്തിക്കൊണ്ടുപോയി മതംമാറ്റിയത്. യുവതി തിരിച്ചുവരാനാഗ്രഹിക്കുന്നെങ്കിലും സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറല്ല. ശാന്തപുരം ഇസ്ലാമിയ കോളജിലെ ഒരു വിദ്യാര്‍ഥിനി അവിടെ അധ്യാപകനായിരുന്ന ക്രൈസ്തവ യുവാവിനോടൊപ്പം ഒളിച്ചോടിയിട്ട് നാളേറെയായില്ല.
തൃശൂരിലെ ഒരു മുസ്ലിം യുവതി പ്രേമാതിരേകം മൂലം ഒരു കന്യാമഠത്തില്‍ ചെന്നുപെട്ട് ഇപ്പോള്‍ ആത്മഹത്യയെക്കുറിച്ചു സംസാരിക്കുന്നു.
കഴിഞ്ഞ രണ്ടുദശകത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ആര്‍.എസ്.എസ് പ്രണയനാടകത്തിലൂടെ ആയിരക്കണക്കിനു മുസ്ലിം യുവതികളെ മതംമാറ്റിയതായാണു മഹല്ല് തലങ്ങളിലുള്ള അന്വേഷണങ്ങളില്‍ വ്യക്തമാവുന്നത്. സ്ഥിതിവിവരങ്ങളിലെ അക്കങ്ങള്‍ക്കപ്പുറമാണ് ഈ മതംമാറ്റങ്ങളുടെയും മതില്‍ച്ചാട്ടങ്ങളുടെയും ദുരന്ത വ്യാപ്തി. അന്യമതസ്ഥര്‍ക്കൊപ്പം വേലി(ളി) ചാടിയ മുസ്ലിം യുവതികളില്‍ 95 ശതമാനവും സുരക്ഷിതകുടുംബജീവിതമല്ല ഇപ്പോള്‍ നയിക്കുന്നത്. ഈ ഇരകള്‍ തിരസ്കൃതരും ഉപേക്ഷിക്കപ്പെട്ടവരും പീഡിതരുമൊക്കെയായി ജീവിതം തള്ളിനീക്കുന്നു. സംഘപരിവാര പ്രേമത്തിലകപ്പെട്ട് ഒളിച്ചോടുന്ന പെണ്‍കുട്ടികളില്‍ ണല്ലോരു ശതമാനം ഗര്‍ഭിണികളാവുമ്പോഴോ ഒരു കുട്ടിയുണ്ടാവുമ്പോഴോ ഉപേക്ഷിക്കപ്പെടുകയാണെന്ന് തേജസ് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഇവരുടെ കൈവശമുള്ള ആഭരണങ്ങള്‍ അപ്പോഴേക്കും വിറ്റുതീര്‍ന്നിട്ടുണ്ടാവും. മാനഹാനി മൂലം സ്വന്തം വീട്ടിലേക്കും നാട്ടിലേക്കും തിരിച്ചുചെല്ലാനാവാതെ ഇവര്‍ നേരെ പെണ്‍വാണിഭസംഘങ്ങളിലേക്കെത്തിപ്പെടുന്നു. കാമുകന്മാര്‍ പെണ്‍വാണിഭം നടത്തുന്ന സംഭവങ്ങളും സെക്സ് റാക്കറ്റുകള്‍ക്ക് ഭാര്യമാരെ വിറ്റ സംഭവങ്ങളും നിരവധിയാണ്. മുസ്ലിം യുവതികളെ മതംമാറ്റി കാമാസക്തി തീര്‍ത്ത് പെരുവഴിയിലുപേക്ഷിച്ച് മതവൈരം തീര്‍ക്കുന്നവരാണ് അതേ നാണയത്തിലുള്ള ആരോപണങ്ങളുമായി മുസ്ലിം യുവാക്കള്‍ക്കെതിരേ രംഗത്തുള്ളത്.
കേരളത്തിന്റെ സായാഹ്നങ്ങളെ മുസ്ലിംവിരുദ്ധ കെട്ടുകഥകള്‍ കൊണ്ടു മലിനമാക്കുന്നതില്‍ മുന്‍പന്തിയിലുള്ള അന്തിപ്പത്രമാണ് തോഗാഡിയയുടെ നാവ് കടമെടുത്ത് ലൗ ബോംബ് കേരളത്തില്‍ ആദ്യമായി പൊട്ടിച്ചതു. അതിനിടെ, വിദ്യാസമ്പന്നയായൊരു മുസ്ലിം പെണ്‍കുട്ടിയെ മതില്‍ചാടിക്കാനായി സ്വന്തം സബ് എഡിറ്ററെ നിയോഗിക്കുക കൂടി ചെയ്തുകളഞ്ഞൂ ഈ പത്രം.
'റോമിയോ ജിഹാദി'മാരെ തേടി ഫ്ലാഷിന്റെ കഥയെഴുത്തുകാര്‍ ഭാവനയുടെ ചിറകിലേറി കാംപസുകളില്‍ വട്ടംപറക്കുമ്പോള്‍ ആ പത്രത്തിന്റെ ഒരു സബ് എഡിറ്റര്‍ യഥാര്‍ഥ റോമിയോ വേഷം കെട്ടി കണ്ണൂര്‍ എസ്.എന്‍ കോളജ് കാംപസില്‍ അലയുകയായിരുന്നു. എടക്കാടിനടുത്ത മഹല്ല് ഭാരവാഹിയുടെ മകളായ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു തിരൂര്‍ സ്വദേശിയായ ആ പത്രപ്രവര്‍ത്തകന്റെ പ്രണയനായിക. കല്യാണം നടന്നു. 'പ്രണയ ജിഹാദി'കളുടെ പേരില്‍ മുസ്ലിം യുവത്വത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച ഇന്ത്യാവിഷന്‍ ചാനലിന്റെ റിപോര്‍ട്ടറായിരുന്നു മുസ്ലിം പെണ്‍കുട്ടിയെ മതത്തിന്റെ മതില്‍ ചാടിക്കാന്‍ മുഖ്യ കാര്‍മി. 'നിനക്ക് നിന്റെ മതം, എനിക്കെന്റെ മതം' എന്നായിരുന്നു മതില്‍ ചാടിവന്ന പെണ്‍കുട്ടിയോടുള്ള മാധ്യമ സുഹൃത്തിന്റെ ഉറപ്പ്. പക്ഷേ, മധുവിധു കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ലെന്നു പെണ്‍കുട്ടി തിരിച്ചറിഞ്ഞു.
കഥാനായകന്റെയും നായികയുടെയും മതപശ്ചാത്തലം നേരെ തിരിച്ചായിരുന്നെങ്കില്‍ ഫ്ലാഷിന്റെയും കേരള കൗമുദിയുടെയും കലാകൗമുദിയുടെയുമൊക്കെ നിറംപിടിപ്പിച്ച കഥകളില്‍ ആ വിവാഹം 'മാധ്യമ മതംമാറ്റ ജിഹാദായി' ഇടംനേടുമായിരുന്നു. ലൗ ജിഹാദിനെക്കുറിച്ച് പച്ചക്കള്ളം കുത്തിനിറച്ച കവര്‍സ്റ്റോറി തയ്യാറാക്കിയ കലാകൗമുദിയുടെ ഇപ്പോഴത്തെ കൈകാര്യകര്‍ത്താവ്, എന്‍ട്രന്‍സ് എഴുതാന്‍ വടകരയില്‍ നിന്നു തിരുവനന്തപുരത്തു വന്ന മുസ്ലിം പെണ്‍കുട്ടിക്ക് വഴികാണിച്ചു കൊടുത്ത് പ്രേമിച്ചതും സ്‌അംഭവം വഷളായതും പത്രത്തില്‍ വരാത്ത കഥ മാത്രം.
മുസ്ലിം യുവാക്കളെ മതംമാറ്റ ഭീകരതയുടെ വക്താക്കളായി ചിത്രീകരിക്കുന്ന കോട്ടയം പൈങ്കിളി പത്രത്തിന്റെ കഥയും വ്യത്യസ്തമല്ല. ക്നാനായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയി കൊച്ചിയിലെ ആര്‍.എസ്.എസ് ഓഫിസില്‍വച്ചു നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ ആളാണു മതംമാറ്റ ഭീകരതയെക്കുറിച്ച് 'ഗവേഷണ പ്രബന്ധങ്ങള്‍' അവതരിപ്പിച്ചു വായനക്കാരെ കോള്‍മയിര്‍ കൊള്ളിക്കുന്നത്.
ഒരു കോട്ടയം പത്രപ്രഭുവിന്റെ മകന്‍ പാകിസ്താനിലെ ഐ.എസ്.ഐ ഓഫിസറുടെ മകളെയാണ് പ്രേമത്തില്‍ കുരുക്കി മാമോദീസ മുക്കിയത്. പ്രധാന ദിവ്യന്‍മാര്‍ കുതിച്ചുചെന്ന ആ അന്താരാഷ്ട്ര വിവാഹത്തില്‍ പക്ഷേ മന്ത്രി മുഖ്യന്മാര്‍ പങ്കെടുത്തില്ല. കാരണം വ്യക്തം.
ഈ വര്‍ഷം താമരശ്ശേരിയില്‍ മതംമാറ്റിയത് 36 മുസ്ലിം യുവതികളെ
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി മേഖലയില്‍ മാത്രം ഈ വര്‍ഷം 36 മുസ്ലിം യുവതികള്‍ പ്രണയ മതംമാറ്റത്തിനു വിധേയരായി. പുതുപ്പാടി, താമരശ്ശേരി, കട്ടിപ്പാറ, പനങ്ങാട് പഞ്ചായത്തുകളില്‍ കഴിഞ്ഞ 10 മാസത്തിനിടയില്‍ 35 മുസ്ലിം പെണ്‍കുട്ടികളെ മതംമാറ്റി കടത്തിക്കൊണ്ടുപോയത് ആര്‍.എസ്.എസുകാരാണ്. ക്രിസ്ത്യന്‍ യുവാവാണ് ഒരു മുസ്ലിം പെണ്‍കുട്ടിയെ പ്രണയം നടിച്ചു മതംമാറ്റിയത്.
തലയാട്ടെ സമ്പന്ന മുസ്ലിം കുടുംബത്തിലെ ഏക പെണ്‍തരിയായ വിദ്യാസമ്പന്നയായ യുവതിയെ രണ്ടാഴ്ച മുമ്പ് ആര്‍.എസ്.എസുകാര്‍ സംഘടിതമായാണു തട്ടിക്കൊണ്ടുപോയത്. മകളെ അന്വേഷിച്ച പിതാവിനെയും ബന്ധുക്കളെയും ആര്‍.എസ്.എസുകാര്‍ പോലിസിന്റെ കണ്‍മുമ്പിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പക്ഷേ കേസെടുക്കാന്‍ പോലിസ് തയ്യാറായില്ല. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്.
മര്‍കസ് ഗാര്‍ഡന് കീഴിലുള്ള പൂനൂറിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്ന മുസ്ലിം യുവതിയെ കേബിള്‍ ജോലിക്കാരനായ കൂരാച്ചുണ്ടിലെ ക്രിസ്ത്യന്‍ യുവാവ് കടത്തിക്കൊണ്ടുപോയി മതം മാറ്റിയത് രണ്ടുമാസം മുമ്പാണ്.
മാലോറത്തെ മുതിര്‍ന്ന മതപണ്ഡിതന്റെ മകളെ അഞ്ചുമാസം മുമ്പ് ആര്‍.എസ്.എസുകാരന്‍ മതംമാറ്റി യത് പ്രദേശവാസികളെ ഞെട്ടിച്ചു. ഗുരുവായൂരിലായിരുന്നു മതംമാറ്റം. ഇവര്‍ ആര്‍.എസ്.എസ് സംരക്ഷണയില്‍ ഇപ്പോള്‍ തൃശൂര്‍ മാളയില്‍ താമസിക്കുന്നു.
പുതുപ്പാടിയിലെ പെണ്‍കുട്ടിയെ ആര്‍.എസ്.എസുകാരന്‍ മുസ്ലിമായി അഭിനയിച്ചാണു പ്രണയിച്ച് മതം മാറ്റിയത്. ബാലുശ്ശേരി സ്വദേശിയായ ഒരു പോലിസുകാരനാണ് ഈ മതംമാറ്റത്തിന്റെ സൂത്രധാരണ്‍. സംഭവത്തിലെ നായകനായ ആര്‍.എസ്.എസുകാരന്‍ നേരത്തേ വിവാഹത്തട്ടിപ്പ് കേസില്‍ കുടുങ്ങിയപ്പോള്‍ രക്ഷപ്പെടുത്തിയതും ഇതേ പോലിസുകാരനാണ്.
ആറുമാസം മുമ്പ് പുതുപ്പാടി ഈങ്ങാപ്പുഴയില്‍ ഒരു കുഞ്ഞിന്റെ മാതാവായ ഗള്‍ഫുകാരന്റെ ഭാര്യയെയാണ് ആര്‍.എസ്.എസുകാരന്‍ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയത്. സ്വര്‍ണാഭരണങ്ങളും സമ്പാദ്യങ്ങളും കൈക്കലാക്കി രണ്ടരമാസത്തിനു ശേഷം യുവതിയെ ഉപേക്ഷിച്ചു. തിരിച്ചെത്തിയ യുവതി നരകജീവിതമാണു നയിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം യുവതികള്‍ മതംമാറ്റത്തിനു വിധേയരാവുന്നതു താമരശ്ശേരി മേഖലയിലാണ്. തെക്കന്‍ ജില്ലകളില്‍ നിന്നുള്ള നിര്‍മാണത്തൊഴിലാളികളും ആശാരിമാരുമായ ആര്‍.എസ്.എസുകാര്‍ താഴ്‌ന്ന സാമ്പത്തിക ചുറ്റുപാടുള്ള യുവതികളെ മതംമാറ്റി കടത്തിക്കൊണ്ടുപോവുന്നത് നിത്യസംഭവമാവുന്നുണ്ട്. എന്നാല്‍ ഇങ്ങനെ മതംമാറ്റത്തിനു വിധേയരാവുന്നവര്‍ ഭൂരിഭാഗവും അധികം താമസിയാതെ ഉപേക്ഷിക്കപ്പെടുന്ന ദുരവസ്ഥയാണു നിലവിലുള്ളത്.
No comments:
Post a Comment