കൊച്ചി: മതം മാറ്റി വിവാഹം കഴിച്ചുവേന്ന കേസില്‍ മാധ്യമവേട്ടയ്ക്കിരയായ പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷായും സിറാജുദ്ദീനും കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിക്കുന്നതിനു ഹരജി നല്‍കി. ഇപ്പോഴത്തെ അവസ്ഥയില്‍ നീതി കിട്ടുമെന്ന് ഉറപ്പില്ലാത്ത പശ്ചാത്തലത്തിലാണ് തങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിക്കുന്നതെന്ന് ഇവര്‍ ഹരജിയില്‍ പറയുന്നു. ദൈവവിധി തങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ അതിനെ തടുക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന ഉറച്ച വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ഇന്നലെ ഹൈക്കോടതിയിലെ ഫയലിങ് വിഭാഗത്തില്‍ നേരിട്ടെത്തി ഹരജി സമര്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, ഒരിക്കല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന്, ഇവര്‍ സ്പീഡ്പോസ്റ്റില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഹരജി അയക്കുകയായിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളുടെ പേര് പുറത്തു പറയുന്നത് അവരുടെ ഭാവിയെ ബാധിക്കുമെന്നതിനാല്‍, ഹിന്ദു പെണ്‍കുട്ടി, ക്രിസ്ത്യന്‍ പെണ്‍കുട്ടി എന്നിങ്ങനെയാണ് കോടതി പെണ്‍കുട്ടികളെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഷഹന്‍ഷായുടെയും സിറാജുദ്ദീന്റെയും പേരുകള്‍ വ്യക്തമാക്കുന്നുമുണ്ട്. ഈ വൈരുദ്ധ്യവും സംഘപരിവാര ശക്തികള്‍ പ്രചരിപ്പിക്കുന്ന 'ലൗ ജിഹാദ്' എന്ന പദം കോടതി കടമെടുത്തതിലെ അസാംഗത്യവും ഇവര്‍ ഹരജിയില്‍ വ്യക്തമാക്കുന്നുമുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കാംപസുകളില്‍ മറ്റു മതസ്ഥരായ പെണ്‍കുട്ടികള്‍ ഇസ്ലാമിലേക്ക് മതം മാറിയതിന്റെ കണക്കെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ മറുവശത്തെപ്പറ്റി അന്വേഷിക്കാത്തതിന്റെ അനൗചിത്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിക്കുന്ന തങ്ങള്‍, ഈ വിഷയത്തില്‍ തുടര്‍ന്നുള്ള നിയമനടപടികള്‍ നേരിടാന്‍ ഒരുക്കമാണെന്നും ഷഹന്‍ഷായും സിറാജുദ്ദീനും വ്യക്തമാക്കുന്നു.
പെണ്‍കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തൃപ്പൂണിത്തുറ ഹില്‍പാലസ്, തിരുവനന്തപുരം പേരൂര്‍ക്കട പോലിസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതിയില്‍ അറസ്റ്റു ചെയ്യപ്പെടാനിടയുണ്ടെന്നതിനാലാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതു. ഈ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് 'ലൗ ജിഹാദ്' നിലനില്‍ക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിച്ച് റിപോര്‍ട്ട് ചെയ്യാന്‍ ജസ്റ്റിസ് കെ ടി ശങ്കരന്‍ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.
(Source)
No comments:
Post a Comment