Monday, October 19, 2009

മതംമാറ്റ നിഗൂഢതകളുടെ ക്രൈസ്തവമാനങ്ങള്‍

ഒരു മതസംഘടനയുടെ സജീവ സഹയാത്രികനായിരുന്നു വെള്ളയില്‍ സ്വദേശിയായ കോഴിക്കോട്ടെ ഇരുമ്പുവ്യാപാരി. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അദ്ദേഹത്തിന്റെ മകന്‍ മരണപ്പെട്ടു. കഫന്‍ ചെയ്ത്‌ മയ്യിത്ത്‌ പള്ളിയിലേക്കെടുക്കാന്‍ നേരം മരിച്ചയാളുടെ ഭാര്യയുടെ അഭ്യര്‍ഥന:

'അല്‍പ്പംകൂടി കാക്കണം, ഫാദര്‍ ഒന്നു വന്നോട്ടെ.'

നാട്ടുകാര്‍ കരുതി യുവതിയുടെ പിതാവിനെയായിരിക്കും കാത്തിരിക്കുന്നതെന്ന്‌. അല്‍പ്പം കഴിഞ്ഞപ്പോള്‍ 'ഫാദര്‍' വന്നു. യുവതിയുടെ പിതാവല്ല; സാക്ഷാല്‍ പള്ളീലച്ചന്‍. ഫാദര്‍ അന്ത്യകര്‍മങ്ങള്‍ തുടങ്ങി. നാട്ടുകാര്‍ ആദ്യം ഞെട്ടി. ആ ഞെട്ടല്‍ പിന്നെ സംഘര്‍ഷമായി. ഫാദറെ പുറത്താക്കി മയ്യിത്ത്‌ ബലമായി പള്ളിയിലേക്കെടുത്തു, ഖബറടക്കി.

മരണപ്പെട്ടയാള്‍ നേരത്തേ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. മരണംവരെ അതു മറച്ചുവയ്ക്കുകയായിരുന്നു. അന്ന്‌ അവിടെ മറനീങ്ങിയത്‌ കാലങ്ങളായി കേരളത്തില്‍ അരങ്ങേറുന്ന ക്രൈസ്തവ മതംമാറ്റ നിഗൂഢതകളുടെ ഒരധ്യായം മാത്രം.

വയനാട്‌ പടിഞ്ഞാറത്തറ സ്വദേശിയായ സുലൈമാന്‍ നന്തി ദാറുസ്സലാം അറബിക്‌ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. ഇ കെ അബൂബക്കര്‍ മുസ്ല്യാരുടെ ശിഷ്യന്‍. ഖുര്‍ആന്‍ വചനങ്ങളും ഹദീസും അറബി കാവ്യശകലങ്ങളുമൊക്കെ മനോഹരമായുപയോഗിച്ച്‌ ഈണത്തില്‍ പ്രഭാഷണം നടത്തിവന്ന യുവ പണ്ഡിതന്‍. വിട്ടുമാറാത്ത തൊണ്ടവേദന പ്രസംഗത്തിനു തടസ്സമായപ്പോള്‍ സുലൈമാന്‍ പല ഡോക്ടര്‍മാരെയും സമീപിച്ചു. ഒടുവില്‍, സഭയുടെ കീഴിലുള്ള കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ആശുപത്രിയിലെത്തി.

13 വര്‍ഷം മുമ്പായിരുന്നു സംഭവം. വൈദികനായ ഡോക്ടര്‍ ദിവസങ്ങള്‍ നീണ്ട പരിശോധനയ്ക്കിടെ സുലൈമാന്റെ അടുത്ത സുഹൃത്തായിമാറി. മരുന്നുകൊണ്ട്‌ അസുഖം പൂര്‍ണമായി ഭേദമാവില്ലെന്നും രണ്ടാഴ്ച പോട്ടയില്‍ ധ്യാനമിരിക്കണമെന്നും ഉപദേശിച്ചു. മരുന്നിനു പകരം, ക്രിസ്തുമതത്തെ അടുത്തറിയാനുള്ള പുസ്തകങ്ങളും നല്‍കി.

കുറച്ചുകാലം സുലൈമാനെ കാണാതായി. തിരിച്ചുവന്ന ശേഷം കുടുംബത്തിലും മത സാഹചര്യങ്ങളിലും യുവാവ്‌ സാധാരണപോലെ ഇടപഴകി. ആരുമൊന്നുമറിഞ്ഞില്ല. പിന്നീട്‌ വീണ്ടും സുലൈമാന്‍ മുങ്ങി. മൂന്നാംവര്‍ഷം ക്രിസ്തുമത പ്രചാരകനായി അയാള്‍ വയനാട്ടില്‍ പ്രത്യക്ഷപ്പെട്ടു. മലബാറില്‍ മതപ്രചാരണത്തിനു മിഷനറിമാര്‍ ഇപ്പോള്‍ പ്രധാനമായും ഉപയോഗിക്കുന്നത്‌ ഇയാളെയാണ്‌. ഖുര്‍ആനിനെയും പ്രവാചക വചനങ്ങളെയും ഖണ്ഡിക്കുന്ന സുലൈമാന്റെ സി.ഡികളും കാസറ്റുകളും ഇപ്പോള്‍ സജീവം.

കേരള കാത്തലിക്‌ ബിഷപ്‌ കൗണ്‍സിലിന്റെ കീഴിലുള്ള കെ.സി.ബി.സി സോഷ്യല്‍ ഹാര്‍മണിയുടെ സെക്രട്ടറി ഫാദര്‍ ജോണി കൊച്ചു പറമ്പില്‍ ജാഗ്രതയെന്ന പേരില്‍ കഴിഞ്ഞ ദിവസമിറക്കിയ നോട്ടീസില്‍ ആരോപിക്കുന്നത്‌, മാനുഷികവികാരങ്ങള്‍ ചൂഷണം ചെയ്ത്‌ മുസ്ലിം യുവാക്കള്‍ അന്യമത പെണ്‍കുട്ടികളെ മതംമാറ്റുന്നുവേന്നാണ്‌. സംഘപരിവാരം പുറത്തുവിട്ട അടിസ്ഥാനരഹിതമായ കണക്കുകളും ഫാ. ജോണി ആവര്‍ത്തിച്ചിട്ടുണ്ട്‌.

പട്ടിണി മുതല്‍ പ്രാര്‍ഥന വരെയുള്ള മാനുഷിക വൈകാരികതകളെ ഒന്നാന്തരം ആയുധങ്ങളായി പ്രയോഗിച്ച്‌ മതത്തിന്‌ ആളെ ചേര്‍ക്കുന്ന പാരമ്പര്യമാണ്‌ ഒട്ടുമിക്ക സഭകളുടേതുമെന്ന യാഥാര്‍ഥ്യം മറച്ചുവച്ചാണ്‌ ഫാ. ജോണി കൊച്ചു പറമ്പിലിനെ പോലെയുള്ളവരുടെ ആരോപണങ്ങള്‍ക്കു മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നത്‌.

മുസ്ലിംകള്‍ക്കെതിരേ ഇപ്പോള്‍ ആര്‍.എസ്‌.എസ്സിന്റെ ഭാഷ കടമെടുക്കുന്ന കാത്തലിക്‌ ബിഷപ്‌ കൗണ്‍സിലിനും സഭകള്‍ക്കുമെതിരേ നേരത്തേ വിശ്വഹിന്ദു പരിഷത്ത്‌ പുറത്തുവിട്ട 'വസ്തുതകള്‍' മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഇപ്പോള്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണെന്നതും ശ്രദ്ധേയം.

ഒറീസ കലാപവുമായി ബന്ധപ്പെട്ട നാളുകളില്‍ സംസ്ഥാനത്തെ സംഘപരിവാര നേതൃത്വം മാതംമാറ്റവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളാണ്‌ കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കും മേധാവികള്‍ക്കുമെതിരേ ഉന്നയിച്ചതു.

വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരളത്തിലെ ഒട്ടുമിക്ക സഭകളുടേയും കീഴില്‍ പ്രധാനമായി നടക്കുന്നത്‌ സംഘടിത മതംമാറ്റമാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനകളുടെ അച്ചടിമഷി ഇനിയും ഉണങ്ങിയിട്ടുമില്ല.

പട്ടിണിയും ജീവിതദൈന്യതകളും ചൂഷണം ചെയ്തുകൊണ്ടുള്ള വിപുലമായ മതംമാറ്റ പദ്ധതികള്‍ നടപ്പാക്കുന്നതിനിടയില്‍ തന്നെയാണ്‌ മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള പ്രത്യേക മതംമാറ്റ സംരംഭങ്ങളും ക്രിസ്ത്യന്‍ മിഷനറികള്‍ കേരളത്തില്‍ ആവിഷ്കരിച്ചതു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം മഞ്ചേരിയില്‍ ലൂഥറന്‍ സഭയുടെ കീഴില്‍ 1981ല്‍ ആരംഭിച്ച മര്‍കസുല്‍ ബിഷാറ അതിന്റെ സാക്ഷ്‌യമാണ്‌.

ഒതുക്കുങ്ങല്‍ സ്വദേശിയായ നെച്ചിക്കുന്നന്‍ അലവിയെ ഫാദര്‍ അലവിയായി വേഷം കെട്ടിച്ചാണ്‌ ലൂഥറന്‍ സഭ മര്‍കസുല്‍ ബിഷാറ മഞ്ചേരിയില്‍ സ്ഥാപിച്ചതു. ഇതേസമയം തന്നെ, കായംകുളത്ത്‌ വേറൊരു അലവിയെ രംഗത്തിറക്കി സമാനമായ മറ്റൊരു മതംമാറ്റ കേന്ദ്രവും ആരംഭിച്ചു.

മതബോധമില്ലാത്ത ദരിദ്ര മുസ്ലിം യുവതികളെയായിരുന്നു മര്‍കസുല്‍ ബിഷാറ ലക്ഷ്യമിട്ടത്‌. അവിടെ വന്നുപെട്ട യുവതികള്‍ നടത്തിപ്പുകാരന്റെ മറ്റു ലക്ഷ്യങ്ങള്‍ക്കു കൂടി ഇരയാക്കപ്പെട്ടുവേന്നാണ്‌ ആരോപണം. ഒടുവില്‍, ലൈംഗിക പീഡനക്കേസില്‍ വരെ കാര്യങ്ങളെത്തിയപ്പോള്‍ '97ല്‍ മര്‍കസുല്‍ ബിഷാറക്ക്‌ താഴുവീണു. മഞ്ചേരിയില്‍ നിന്നു നാടുകടത്തപ്പെട്ട ഫാദര്‍ അലവി കേസും കൂട്ടവുമായി ഇപ്പോള്‍ കോഴിക്കോട്‌ വെസ്തില്ലില്‍ കഴിയുന്നു.

ക്രൈസ്തവസഭകളുടെ നിയന്ത്രണത്തിലുള്ള കോളജുകളില്‍ ഐകഫും കാംപസ്‌ ക്രൂസേഡും നടത്തുന്നത്‌ പ്രേഷിത പ്രവര്‍ത്തനമാണ്‌. അതായത്‌ മതംമാറ്റം.

'ഹൈന്ദവ കേരള'വും മാധ്യമങ്ങളും

കല്ലുവച്ച ഹിന്ദുത്വ നുണകള്‍ എങ്ങനെയാണ്‌ ഡോ. എം കെ മുനീറിന്റെ ഇന്ത്യാവിഷന്‍ ഉള്‍പ്പെടെയുള്ള ചാനലുകളുടെ പ്രൈംടൈമിലും സായാഹ്നപത്രങ്ങളുടെ പ്രധാന പേജുകളിലും മുസ്ലിംവിരുദ്ധ എക്സ്ക്ലൂസീവുകളാവുന്നതെന്നതിന്റെ മികച്ച സാക്ഷ്യമാണ്‌ യുവ മാധ്യമ പ്രവര്‍ത്തകനായ രാജീവ്‌ ശങ്കരന്റെ വെളിപ്പെടുത്തല്‍. അദ്ദേഹം ഇന്ത്യാവിഷന്റെ കോഴിക്കോട്‌ ബ്യൂറോ ചീഫായിരിക്കെ മൊബെയിലില്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകന്റെ സന്ദേശം ലഭിച്ചു. എട്ടുമ​‍ാസം മുമ്പ്‌ ലൗ ജിഹാദ്‌ വിവാദത്തിനു കളമൊരുങ്ങുന്ന സമയമായിരുന്നു അത്‌.

മുസ്ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ചു മതംമാറ്റി ലൈംഗിക ചൂഷണം നടത്തിയശേഷം ഉപേക്ഷിക്കുന്നുവേന്നായിരുന്നു രാജീവ്‌ ശങ്കരന്റെ മൊബെയിലില്‍ വന്ന സന്ദേശം. അന്വേഷണത്തില്‍ ഒരു എ.ബി.വി.പി നേതാവാണ്‌ ആ മൊബെയില്‍ സന്ദേശത്തിന്റെ ഉപജ്ഞാതാവേന്നും മാധ്യമ പ്രവര്‍ത്തകരാണു സന്ദേശവാഹകരെന്നും ബോധ്യപ്പെട്ടു. എന്തായാലും ഇന്ത്യാവിഷന്‍ അതു വാര്‍ത്തയാക്കിയെന്നും അതിന്റെ മുന്‍ ബ്യൂറോ ചീഫ്‌ സാക്ഷ്യപ്പെടുത്തുന്നു.

പ്രവീണ്‍ തോഗാഡിയയും ശ്രീരാമസേനയും ഒമ്പതുമാസം മുമ്പ്‌ മംഗലാപുരത്ത്‌ പൊട്ടിച്ച ലൗ ജിഹാദ്‌ നുണബോംബാണു കേരളത്തിലെ എ.ബി.വി.പി-യുവമോര്‍ച്ച- മാധ്യമ സിന്‍ഡിക്കേറ്റ്‌ ഏറ്റെടുത്തത്‌. എന്നാല്‍, കുപ്രചാരണങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ തണുത്തുറഞ്ഞു തുടങ്ങിയതോടെ ലൗ ബോംബ്‌ കഥകള്‍ക്കു നിറക്കൂട്ടുകള്‍ ചേര്‍ത്ത്‌ സമ്പൂര്‍ണ തിരക്കഥയുമായി സംഘപരിവാര വെബ്സൈറ്റുകള്‍ രംഗത്തുവന്നു. ആര്‍.എസ്‌.എസ്‌ നടത്തുന്ന 'ഹൈന്ദവ കേരളം' വെബ്സൈറ്റില്‍ മുസ്ലിംവിരുദ്ധമായ എല്ലാ ചേരുവകളോടെയും 'ലൗ ജിഹാദ്‌' കഥകള്‍ പ്രത്യക്ഷപ്പെട്ടു. തൊട്ടുപിന്നാലെ വി.എച്ച്‌.പിയുടെ 'ഹിന്ദു ജാഗ്രതാ സമതി' വെബ്സൈറ്റും യക്ഷിക്കഥകളുമായി രംഗത്തെത്തി.

തൊട്ടുപിറകെ കലാകൗമുദിയുടെ ഊഴം. 'ഹൈന്ദവ കേരള'ത്തിന്റെ കെട്ടുകഥകള്‍ ഇന്റലിജന്‍സ്‌ ബ്യൂറോയുടെയും സ്പേഷ്യല്‍ ബ്രാഞ്ചിന്റെയും തളികയിലാക്കിയാണ്‌ കലാകൗമുദി വിളമ്പിയത്‌. കൂട്ടത്തില്‍ ഗുജറാത്തിലെ സന്ദേശ്‌ മോഡല്‍ വിഷക്കൂട്ടുകളും. 'ഹൈന്ദവ കേരള'ത്തില്‍ വന്ന ലൗ ജിഹാദ്‌ കഥകള്‍ ഐ.ബിക്കു ലഭിച്ചതാണെന്നു കലാകൗമുദിയാണ്‌ 'വെളിപ്പെടുത്തുന്നത്‌.' കേരളം മുമ്പും കണ്ടെത്തിയിരുന്നു ഇത്തരം വെളിപ്പെടുത്തലുകള്‍. കലാകൗമുദിയൊരിക്കല്‍ എന്‍.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ ഒരുവന്‍ ജീവഭയം കാരണം ഗള്‍ഫില്‍ ഒളിച്ചിരുന്നു സംഘടനയെക്കുറിച്ചു നല്‍കിയ എക്സ്ക്ലൂസീവ്‌ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കോടതി നോട്ടീസ്‌ കൊടുത്തപ്പോള്‍ ഗള്‍ഫില്‍ ഒളിച്ചിരിക്കുന്നവന്‍ ഡസ്കിലിരിക്കുന്നവനാണെന്നു വ്യക്തമായി. കോടതിയില്‍ കലാകൗമുദി റഷ്യന്‍ ട്രപ്പീസുകാരിയെ തോല്‍പ്പിക്കുന്ന മെയ്‌വഴക്കമാണ്‌ കാണിച്ചതു.

'ഹൈന്ദവ കേരളം' ആട്ടക്കഥയുടെ ക്ലൈമാക്സിലേക്കു മാധ്യമങ്ങള്‍ കൊട്ടും കുരവയുമായി മുന്നേറുന്നതിനിടെയാണ്‌ ലൗ ജിഹാദുമായി പോലിസിന്റെ അരങ്ങേറ്റം. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി 'തീവ്രവാദ'വേട്ട നടത്തുന്നതില്‍ സാമര്‍ഥ്യം തെളിയിച്ച പോലിസിനു പത്തനംതിട്ട സെന്റ്‌ ജോണ്‍സ്‌് കോളജിലെ രണ്ടു എം.ബി.എ വിദ്യാര്‍ഥിനികളുടെ സ്വമേധയാ ഉള്ള മതംമാറ്റത്തെ 'ലൗ ജിഹാദു'മായി ബന്ധിപ്പിക്കാന്‍ അധികം തലപുകയേണ്ടി വന്നില്ല.

മതത്തെ അടുത്തറിഞ്ഞ്‌ തീരുമാനത്തിലുറച്ചുനിന്ന പെണ്‍കുട്ടികളെ ഒരുവിധത്തിലും പൈന്തിരിപ്പിക്കാനാവാതെ വന്നപ്പോള്‍ പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷാ, സിറാജുദ്ദീന്‍ എന്നിവര്‍ക്കെതിരേ പോലിസ്‌ ലൗ ജിഹാദ്‌ എന്ന പതിനെട്ടാമത്തെ ആയുധം പുറത്തെടുക്കുകയായിരുന്നു. പെണ്‍കുട്ടികളെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ തൃപ്പൂണിത്തുറ, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. കേസിന്റെ പശ്ചാത്തലത്തില്‍ ഷഹന്‍ഷയും സിറാജുദ്ദീനും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

സ്വന്തം ഇഷ്ടപ്രകാരമാണ്‌ മതംമാറിയതെന്നു പെണ്‍കുട്ടികള്‍ ആദ്യം കോടതിയെ അറിയിച്ചതിനാല്‍ യുവാക്കള്‍ക്കെതിരായ കേസ്‌ കോടതിയില്‍ തീര്‍പ്പാവുന്നത്‌ തടയാനും യുവതികള്‍ അവര്‍ക്കൊപ്പം പോവുന്ന സാഹചര്യം ഇല്ലാതാക്കാനും പോലിസ്‌ കരുക്കള്‍ നീക്കി. മതംമാറിയ ക്രിസ്ത്യന്‍ പെണ്‍കുട്ടി ഉന്നത പോലിസ്‌ ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണ്‌. ഹിന്ദു പെണ്‍കുട്ടി ബി.ജെ.പി സംസ്ഥാന നേതാവിന്റെ ബന്ധുവും.

(Source)

No comments:

Post a Comment