Sunday, October 11, 2009

വര്‍ഗീയ പരാമര്‍ശങ്ങളുമായി കത്തോലിക്കാസഭാ സര്‍ക്കുലര്‍

തിരുവനന്തപുരം: സംഘപരിവാരത്തിന്റെ ചുവടുപിടിച്ച്‌ ലൗ ജിഹാദിനെക്കുറിച്ച വര്‍ഗീയവിഷം ചീറ്റുന്ന പരാമര്‍ശങ്ങള്‍ അടങ്ങുന്ന സര്‍ക്കുലറുമായി കത്തോലിക്കാ സഭ രംഗത്ത്‌. കേരള കാത്തലിക്‌ ബിഷപ്സ്‌ കൗണ്‍സിലി(കെ.സി.ബി.സി)ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ ഹാര്‍മണി ആന്റ്‌ വിജിലന്‍സ്‌ 'ജാഗ്രത' എന്ന പേരില്‍ സഭാവിശ്വാസികള്‍ക്കിടയില്‍ പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലറിലാണ്‌ മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുള്ളത്‌.

'പ്രണയ മതതീവ്രവാദം: മാതാപിതാക്കള്‍ ജാഗരൂകരാകണം' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലര്‍ 'തീവ്രവാദത്തിന്‌ പ്രണയത്തിന്റെ മുഖം നല്‍കി പുതിയൊരു യുദ്ധമുഖം തുറക്കുകയാണ്‌ ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ എന്നൊക്കെ അറിയപ്പെടുന്ന പ്രസ്ഥാനങ്ങള്‍' എന്ന വാചകത്തോടെയാണ്‌ ആരംഭിക്കുന്നത്‌. തീവ്രവാദത്തിന്റെ പുതിയ യുദ്ധമുഖങ്ങള്‍ അന്വേഷിക്കുന്ന യോദ്ധാക്കളുടെ മനസ്സിലാണ്‌ മതപരിവര്‍ത്തനത്തിലൂടെ ലോകത്ത്‌ മുസ്ലിം ജനതയെ ഭൂരിപക്ഷത്തിലാക്കുക എന്ന യുദ്ധതന്ത്രം ഉരുത്തിരിഞ്ഞതെന്നും ആമുഖത്തില്‍ തന്നെ പറയുന്നു.

ആസൂത്രിതമായ പ്രണയം; പ്രതികാരപൂര്‍ണമായ മതംമാറ്റം, കൃത്യമായി ഒരുക്കുന്ന പ്രണയക്കുരുക്ക്‌, പ്രണയ മതതീവ്രവാദികളുടെ ലക്ഷ്യവും പ്രവര്‍ത്തനരീതിയും, ഞെട്ടിക്കുന്ന കണക്കുകള്‍, മാതാപിതാക്കള്‍ക്കു ചെയ്യാനാവുന്നത്‌ തുടങ്ങി വിവിധ ഭാഗങ്ങളായി തയ്യാറാക്കിയ നാലു പേജുള്ള ലേഖനം മാതാപിതാക്കള്‍ക്കുള്ള പ്രായോഗിക നിര്‍ദേശങ്ങളോടെയാണ്‌ അവസാനിക്കുന്നത്‌. കെ.സി.ബി.സി സോഷ്യല്‍ ഹാര്‍മണി ആന്റ്‌ വിജിലന്‍സ്‌ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പിലിന്റെ പേരിലാണ്‌ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്‌.

വിവിധ ജില്ലകളില്‍ നിന്ന്‌ കാണാതായ മുഴുവന്‍ കുട്ടികളെയും ലൗ ജിഹാദിന്റെ കെണിയില്‍ പെട്ടവരായാണ്‌ ലേഖനത്തില്‍ പെടുത്തിയിട്ടുള്ളത്‌. ഇതില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയുടെയും തിരിച്ചെത്തിയവരുടെയും കണക്ക്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍, സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന കണക്കുകളുടെ ആധികാരികതയെപ്പറ്റിയോ സ്രോതസ്സിനെപ്പറ്റിയോ വിശദീകരിക്കാന്‍ ഫാ. ജോണി കൊച്ചുപറമ്പില്‍ തയ്യാറായില്ല. സ്രോതസ്സ്‌ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ്‌ അദ്ദേഹം തേജസിനോട്‌ പ്രതികരിച്ചതു.

മതപരിവര്‍ത്തനം ചെയ്യപ്പെടുന്നതോടെ പെണ്‍കുട്ടികള്‍ പര്‍ദ്ദക്കുള്ളിലെ നരകജീവിതത്തിന്‌ ഇരയാക്കപ്പെടുന്നു, ഇവര്‍ ലൈംഗിക പീഡനത്തിന്‌ ഇരയാക്കപ്പെടുന്നു, തീവ്രവാദ ഗ്രൂപ്പുകളില്‍ പെട്ടവരുടെ ലൈംഗിക താല്‍പ്പര്യം സാധിക്കാനുള്ള ഉപകരണങ്ങളാക്കി മാറ്റപ്പെടുന്നു, അശ്ലീല സി.ഡികളില്‍ തളയ്ക്കപ്പെടുന്നതോടെ ഇവര്‍ക്ക്‌ ഒരിക്കലും സമൂഹത്തില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ കഴിയില്ല തുടങ്ങി തികച്ചും തെറ്റിദ്ധാരണ പരത്തുന്നതും മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുമാണ്‌ സര്‍ക്കുലര്‍ തയ്യാറാക്കിയിരിക്കുന്നത്‌.

സംഘപരിവാര മാധ്യമങ്ങള്‍ പടച്ചുവിട്ട ലൗ ജിഹാദ്‌ എന്ന സാങ്കല്‍പ്പിക പദപ്രയോഗവും അവര്‍ കെട്ടിച്ചമച്ച കഥകളും അതേപടി സര്‍ക്കുലറില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്‌.

(Source)

No comments:

Post a Comment