Thursday, October 15, 2009

കള്ളം പറയാത്ത കണക്കുകള്‍; കെട്ടുകഥകളുടെ പിറകെ കോടതിയും 2

ഇക്കഴിഞ്ഞ സപ്തംബര്‍ 30നു കേരള ഹൈക്കോടതി സംസ്ഥാന ആഭ്യന്തരവകുപ്പിന്‌ ഒരു നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കാംപസുകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളില്‍പ്പെട്ട മുസ്ലിം യുവാക്കള്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയം നടിച്ചു മതം മാറ്റുന്നതിനെക്കുറിച്ച്‌ അന്വേഷിക്കാനായിരുന്നു ഉത്തരവ്‌. ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ തുടങ്ങിയ പ്രണയ-മതംമാറ്റ ഭീകരസംഘടനകള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നതായി കോടതിക്കു വിവരം ലഭിച്ച പശ്ചാത്തലത്തിലാണ്‌ അന്വേഷണത്തിനുത്തരവിടുന്നതെന്നും ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ വ്യക്തമാക്കിയിരുന്നു.

അസത്യങ്ങളുടെ പുകമറയില്‍ സത്യം യാദൃച്ഛികമായാണ്‌ ഉദയം ചെയ്യുകയെന്ന്‌ ഒരു ഗ്രീക്ക്‌ ആപ്തവാക്യമുണ്ട്‌. പ്രണയനാടകങ്ങള്‍ വഴി മുസ്ലിം തീവ്രവാദികള്‍ സംസ്ഥാനത്ത്‌ വ്യാപകമായി അന്യമതക്കാരികളായ പെണ്‍കുട്ടികളെ ഇസ്ലാമിലേക്കു മതം മാറ്റുന്നുവേന്ന കുപ്രചാരണത്തിനു കോടതി അടിവരയിട്ട ദിവസം തന്നെ പുറത്തുവന്ന കേരള സര്‍ക്കാരിന്റെ ഗസറ്റ്‌ വിജ്ഞാപനം, നേരത്തേ പറഞ്ഞ ഗ്രീക്ക്‌ മഹദ്‌വചനം പോലെ സത്യത്തിന്റെ യാദൃച്ഛികവും എന്നാല്‍ സമയോചിതവുമായ ഒരിടപെടലാണ്‌.

'പ്രണയ ജിഹാദ്‌' വഴി കാംപസുകളില്‍ നിന്നും മറ്റും ഇസ്ലാമിലേക്ക്‌ അന്യമത പെണ്‍കുട്ടികള്‍ വ്യാപകമായി മതംമാറ്റം ചെയ്യപ്പെടുന്നതായി വിവരമുണ്ടെന്നു കേരള ഹൈക്കോടതി ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച ദിവസം (30-9-09) പുറത്തുവന്ന സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വിജ്ഞാപനമായ സംസ്ഥാന ഗസറ്റ്‌ വരച്ചുകാണിക്കുന്നതു വിപരീത യാഥാര്‍ഥ്യമാണ്‌. 'പ്രണയ ഭീകരതാ' നാടകത്തിലെ യഥാര്‍ഥ പ്രതികളും ഇരകളും ആരാണെന്നും അന്വേഷണം എങ്ങോട്ടാണ്‌, ആരെ കേന്ദ്രീകരിച്ചാണു നടക്കേണ്ടതെന്നും മതംമാറ്റത്തിന്റെ ഔദ്യോഗിക കണക്കുകള്‍ വിളിച്ചോതുന്നു.

ഗസറ്റ്‌ വിജ്ഞാപനപ്രകാരം വിശ്വഹിന്ദു പരിഷത്തുമായി ബന്ധമുള്ള തിരുവനന്തപുരം ഹിന്ദുമിഷന്‍ വഴി സപ്തംബര്‍ 15 മുതല്‍ 30 വരെ 26 പേര്‍ ഹിന്ദുമതത്തിലേക്കു മതം മാറി. 2009 ആഗസ്തില്‍ മാത്രം 123 പേരാണു ഹിന്ദുമതത്തിലേക്കു മാറിയത്‌. ഇതില്‍ 120 പേര്‍ ക്രിസ്ത്യന്‍ യുവതീയുവാക്കളാണ്‌. ഇക്കാലയളവില്‍ ഒരാള്‍ മാത്രമാണ്‌ ഇസ്ലാമിലേക്കു മതം മാറിയതെന്നും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

ഹിന്ദുത്വ സംഘടനകള്‍ നിയന്ത്രിക്കുന്ന തിരുവനന്തപുരം ആര്യസമാജം വഴി ഒരുവര്‍ഷം ശരാശരി 1,450 പേര്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെടുന്നതായാണു കണക്കുകള്‍. ആര്യസമാജത്തിന്റെ തന്നെ രേഖകള്‍ പ്രകാരം 2009 ഏപ്രില്‍ മുതല്‍ ജൂണ്‍ 26 വരെ 249 പേര്‍ ഹിന്ദുമതത്തിലേക്കു മാറി. പ്രതിമാസം ശരാശരി 120 പേര്‍ ആര്യസമാജം വഴി മതം മാറുന്നുവേന്നാണു കണക്ക്‌. പ്രതിദിനം 18നും 24നും ഇടയില്‍ പ്രായമുള്ള നാലുപേരെ ആര്യസമാജം മതം മാറ്റുന്നുവേന്നു വ്യക്തം. 2009 ആഗസ്ത്‌ 10 വരെയുള്ള 10 വര്‍ഷത്തിനിടെ മൊത്തം 20,516 യുവതീയുവാക്കളാണ്‌ ആര്യസമാജം വഴി മതപരിവര്‍ത്തനത്തിനു വിധേയരായതെന്നും കണക്കുകള്‍ പറയുന്നു.

തിരുവനന്തപുരം ഹിന്ദുമിഷന്‍ വഴി 2009 ആഗസ്ത്‌ അഞ്ചു വരെയുള്ള 10 വര്‍ഷക്കാലയളവില്‍ 11,5,052 പേര്‍ മതം മാറിയതായി സംസ്ഥാന ഗസറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2009 ജൂലൈ 13നും 28നുമിടയിലുള്ള രണ്ടാഴ്ചയ്ക്കിടെ മാത്രം ഇവിടെ 26 പേര്‍ മതം മാറി. ദിവസം ശരാശരി രണ്ടുപേര്‍ തിരുവനന്തപുരം ഹിന്ദുമിഷന്‍ വഴി മതം മാറുന്നു.

ആര്‍.എസ്‌.എസ്‌ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം അയ്യപ്പസേവാസംഘം വഴി 2009 ജൂണ്‍ 12 വരെ 5,053 പേരാണു മതം മാറിയത്‌. ഇവരില്‍ 98 ശതമാനവും പിന്നാക്ക ക്രിസ്ത്യാനികളാണെന്നതും ശ്രദ്ധേയം.

ആര്യസമാജം വഴിയും മറ്റും ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെടുന്നവരുടെ എണ്ണം മാസം തോറും ക്രമാതീതമായി വര്‍ധിക്കുന്നതായും ഔദ്യോഗിക രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആര്യസമാജം 249 പേരെ മതം മാറ്റി. ആഗസ്തില്‍ മതംമാറ്റത്തിനു വിധേയരായവരുടെ എണ്ണം 370 ആയി വര്‍ധിച്ചു.

ഈ വസ്തുതകളൊന്നുമറിയാതെയാണു ലൗ ജിഹാടെന്ന സംഘപരിവാര കുപ്രചാരങ്ങളില്‍ കേരള ഹൈക്കോടതിയും വീണുപോയത്‌. പത്തനംതിട്ട കോളജില്‍ നിന്ന്‌ ഇപ്പോള്‍ മതം മാറിയത്‌ ഉന്നതകുടുംബത്തിലെ വിദ്യാസമ്പന്നയായ ക്രിസ്ത്യന്‍ യുവതിയാണെന്നതില്‍ പ്രകോപിതരായാണു സഭകളും സംഘപരിവാരത്തിനോടൊപ്പം കുപ്രചാരണത്തിനു കൊഴുപ്പുകൂട്ടുന്നത്‌. എന്നാല്‍, സഭകളുടെ ജോലി തന്നെ മതംമാറ്റലാണെന്നു മാത്രമല്ല, മേല്‍പ്പറഞ്ഞ കണക്കുകള്‍ പ്രകാരം ഹിന്ദുമിഷന്‍ വഴി ഹിന്ദുമതത്തിലേക്കാണ്‌ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത്‌.

'ലൗ ജിഹാദ്‌' നുണക്കഥകളിലൂടെ കേരളത്തിലെ നിയമവ്യവസ്ഥയെയും സംവിധാനങ്ങളെയും കൂടിയാണു സംഘപരിവാരവും ഇത്തരം മാധ്യമങ്ങളും ചോദ്യംചെയ്യുന്നത്‌. കശ്മീര്‍ റിക്രൂട്ട്‌മന്റ്‌ തീവ്രവാദവുമായി ബന്ധപ്പെട്ട്‌ മാസങ്ങള്‍ക്കു മുമ്പു കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കും ചുറ്റുവട്ടങ്ങള്‍ക്കുമെതിരേ വീശിയടിച്ച പ്രചാരണ കൊടുങ്കാറ്റിന്റെ അലകള്‍ അടങ്ങിയതിനു തൊട്ടുപിറകെയാണു ലൗ ജിഹാദ്‌ നുണബോംബുകള്‍ അന്തരീക്ഷത്തില്‍ പുകമറകള്‍ ഉയര്‍ത്തുന്നത്‌.

കശ്മീരില്‍ മലയാളികള്‍ വെടിയേറ്റു മരിച്ചെന്നു കേട്ടപാതി കേള്‍ക്കാത്ത പാതി ഒരുപറ്റം മാധ്യമങ്ങളും കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന രാഷ്ട്രീയക്കാരും സമുദായത്തിനെതിരേ ചാടിപ്പുറപ്പെടുകയുണ്ടായി. എന്നാല്‍, അതുമായി ബന്ധപ്പെട്ട അറസ്റ്റും നിയമനടപടികളും സമഗ്രമായ അന്വേഷണത്തെ തുടര്‍ന്ന്‌ ഏതാനും പേരിലൊതുങ്ങിയപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്കും സംഘപരിവാരത്തിനും മാധ്യമങ്ങള്‍ക്കുമൊക്കെ മിണ്ടാട്ടം മുട്ടുകയായിരുന്നു.

കശ്മീര്‍ തീവ്രവാദക്കേസിനെ തുടര്‍ന്ന്‌ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്‌ ഐ.ബിയും റോയും സംസ്ഥാന സ്പേഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങും തീവ്രവാദവിരുദ്ധ സ്ക്വാഡുമൊക്കെ കേരളത്തിലെ മുസ്ലിം ചുറ്റുവട്ടങ്ങള്‍ അരിച്ചുപെറുക്കിയത്‌. സംഘപരിവാരവും പത്രങ്ങളും ഇപ്പോള്‍ പറയുന്നതു ശരിയാണെങ്കില്‍, ആ സമയത്തൊക്കെ ജിഹാദി റോമിയോമാര്‍ സംസ്ഥാനത്ത്‌ വിഹരിക്കുന്നുണ്ടാവണം. പക്ഷേ, തീവ്രവാദക്കേസ്‌ അന്വേഷിക്കാനായി മാത്രം എത്തിയ ഐ.ബി, റോ ഉദ്യോഗസ്ഥരും പ്രത്യേക സ്ക്വാഡുമൊന്നും ഒരു ലൗ ജിഹാദ്‌ തീവ്രവാദിയെയും സംസ്ഥാനത്തൊരിടത്തും കണ്ടില്ല.

അന്വേഷണ ഏജന്‍സികളും ഉദ്യോഗസ്ഥരുമൊന്നും കാണാതെപോയ അദൃശ്യരായ ജിഹാദി റോമിയോമാരെയാണു ചില മാധ്യമങ്ങള്‍ ഇപ്പോള്‍ അകക്കണ്ണില്‍ കാണുന്നത്‌.

(Source)

No comments:

Post a Comment