Friday, October 23, 2009

'ലൗ ബോംബ്‌' പൊളിഞ്ഞപ്പോള്‍ വ്യാജ പ്രചാരണത്തിന്‌ വീണ്ടും സംഘപരിവാര ശ്രമം

കൊച്ചി: ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ എന്നീ സംഘടനകള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നില്ലെന്ന ഡി.ജി.പിയുടെ റിപോര്‍ട്ട്‌ പുറത്തുവന്നതോടെ സംഘപരിവാര പ്രചാരണങ്ങള്‍ വ്യാജമാണെന്നു തെളിഞ്ഞ പശ്ചാത്തലത്തില്‍ മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട്‌ വിഷലിപ്തമായ പുതിയ പ്രചാരണത്തിന്‌ സംഘപരിവാരം തന്ത്രങ്ങള്‍ മെനയുന്നു. ഹിന്ദുത്വ സംഘടനകള്‍ വളരെനാളായി നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രചാരണങ്ങളെ സാധൂകരിക്കുന്ന തരത്തില്‍ നീതിപീഠം നടത്തിയ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ മൂന്നാഴ്ച കേരള പോലിസിന്റെ എല്ലാ അന്വേഷണ ഏജന്‍സികളും സംസ്ഥാനത്ത്‌ അരിച്ചുപെറുക്കിയിട്ടും ഇത്തരത്തില്‍ ഒരു സംഘടനയെ കണ്ടെത്താനായില്ലെന്നാണു കഴിഞ്ഞ ദിവസം ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ കോടതിക്കു നല്‍കിയ റിപോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌.

രാജ്യത്ത്‌ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന വിവിധ ഹിന്ദുത്വ സംഘടനകളുടെ വികൃത മുഖം ഓരോന്നായി തെളിഞ്ഞുവരുന്നതിനിടെ ജനശ്രദ്ധ തിരിക്കാനാണ്‌ ഇത്തരം വാദകോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണു സൂചന. ദീപാവലി ആഘോഷങ്ങളുടെ തലേന്ന്‌ വിദേശികളടക്കമുള്ള വിനോദസഞ്ചാരികളുടെ സന്ദര്‍ശനകേന്ദ്രമായ ഗോവയില്‍ സ്ഫോടനം നടത്തിയതിന്റെ പേരില്‍ പിടിക്കപ്പെട്ട സനാതന സംസ്ഥയും ഹിന്ദു ജനജാഗ്രതി സമിതിയുമാണ്‌ ആദ്യമായി ലൗ ജിഹാദ്‌ റോമിയോ ജിഹാദ്‌ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചതെന്നു വെളിവായിട്ടുണ്ട്‌. മലേഗാവ്‌ സ്ഫോടനത്തിന്‌ ഉത്തരവാദികളായ പ്രജ്ഞാസിങ്‌ ഠാക്കൂറിന്റെ അഭിനവ്‌ ഭാരതുമായും സനാതന്‍ സംസ്ഥയ്ക്കു ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്‌.

കര്‍ണാടകയില്‍ കാംപസുകളില്‍ കലാപക്കൊടിയുയര്‍ത്തിയ പ്രമോദ്‌ മുത്തലിക്കിന്റെ ശ്രീരാമസേനയ്ക്ക്‌ അഭിനവ ഭാരതുമായി ബന്ധമുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ 2008 ജൂണില്‍ അന്നത്തെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവനായിരുന്ന ഹേമന്ത്‌ കര്‍ക്കരെ സനാതന്‍ സംസ്ഥയെ നിരോധിക്കണമെന്നാവശ്യപ്പെട്ടിരുന്നു. മാസങ്ങളായി ശ്രീരാമസേന, ദുര്‍ഗാ വാഹിനി, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ ഹിന്ദുത്വ തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനം സംസ്ഥാനത്തു വിപുലമാക്കിയിട്ടുണ്ട്‌. ലൗ ജിഹാദിന്റെ മറപിടിച്ച്‌ ദുര്‍ഗാ വാഹിനി ഹിന്ദു കുടുംബങ്ങളില്‍ സ്വാധീനം നേടിയെടുക്കുന്നതിനുള്ള വിവിധ പദ്ധതികളും ആസൂത്രണം ചെയ്തുകഴിഞ്ഞു. ലൗ ജിഹാദിനെ പ്രതിരോധിക്കാനെന്ന പേരില്‍ ദുര്‍ഗാ വാഹിനി ഹിന്ദു യുവതികള്‍ക്ക്‌ ആയുധപരിശീലനം നല്‍കുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു. കാംപസ്‌ പ്രണയങ്ങള്‍ക്കു മതപരിവേഷം നല്‍കുന്നവര്‍ ഇതേ കാംപസില്‍ നിന്ന്‌ ഒളിച്ചോടുന്ന മുസ്ലിം പെണ്‍കുട്ടികളുടെ കണക്കെടുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്‌. രാഷ്ട്രീയമായി ജനങ്ങള്‍ തിരസ്കരിച്ച സംഘപരിവാര ആശയത്തെ വിവാദങ്ങളുയര്‍ത്തി വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ലൗ ജിഹാദ്‌ ആരോപണങ്ങളെന്നും വിലയിരുത്തപ്പെടുന്നു. ലൗ ജിഹാദ്‌ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നില്ലന്ന ഡി. ജി.പിയുടെ റിപോര്‍ട്ട്‌ സംഘപ്രചാരണങ്ങള്‍ക്ക്‌ കനത്ത തിരിച്ചടിയാവുകയായിരുന്നു.

(Source)

No comments:

Post a Comment