അണ്ടി കളഞ്ഞുപോയ അണ്ണാന്റെ വൈഷമ്യത്തെക്കുറിച്ചു വൈയാകരണന്മാര്‍ ആലങ്കാരികമായി പറയാറുണ്ടെങ്കിലും സംഭവം നേരില്‍ക്കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഉടനടി കിട്ടാവുന്ന വല്ല വാഹനവും പിടിച്ച് ഇന്ദ്രപുരിയിലെ ജാണ്ടെവാലയില്‍ ഹാജരാവുന്നതാണ് അത്യുത്തമം. ഭര്‍തൃഹരി പോലെയുള്ള സംസ്കൃത സൗന്ദര്യശാസ്ത്രജ്ഞര്‍ ഇഴകീറി പരിശോധിച്ച വിഷയമാണ്. പലവിധ സിദ്ധാന്തങ്ങള്‍ പണ്ടുമുതലേ നാട്ടിലുള്ളതുമാണ്. എന്നാല്‍, പറ്റിയൊരു ഉദാഹരണം കണ്ടുകിട്ടാന്‍ പ്രയാസം. അതുകൊണ്ട് ഇതൊരു ചരിത്രസംഭവമാണ്. അലങ്കാരശാസ്ത്ര, വ്യാകരണാദി വിജ്ഞാനീയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്കു സുവര്‍ണകാലം എന്നും പറയാം.
എന്നുവച്ചാല്‍, ജാണ്ടെവാലയില്‍ തമ്പടിച്ചിരിക്കുന്ന കുറുവടിപ്പടയുടെ ആചാര്യവൃന്ദത്തിന്റെ സമകാലീന മനോവ്യാപാരങ്ങള്‍ വിശദീകരിക്കാന്‍ ഇതിനേക്കാള്‍ ഉചിതമായ മറ്റൊരു പ്രയോഗം മലയാളഭാഷയിലോ ചെന്തമിള്‍, സംസ്കൃതം തുടങ്ങിയ ക്ലാസിക്കല്‍ ഭാഷകളിലോ കണ്ടുകിട്ടാന്‍ പ്രയാസം. ഇത്തരം കാര്യങ്ങളില്‍ മലയാളികള്‍ക്കു പ്രത്യേകമായ ഒരു കണ്ണുണ്ട്. അതു നിതരാം വ്യക്തമാക്കുന്നതാണ് ഈ സംഭവവും.
അണ്ടി കളഞ്ഞ അണ്ണാന്‍ എന്നു പറയുമ്പോള്‍, അണ്ണാന്‍ജി മഹാരാജ് ആളു വെറും ചില്ലറക്കാരനാണെന്നു കരുതി ആട്ടിക്കളയരുത്. പണ്ടു രാമേശ്വരത്ത് പാലംപണിയില്‍ സഹായിച്ച കക്ഷിയാണ്. പ്രാചീനകാലം മുതലേ സിവില്‍ എന്‍ജിനീയറിങ് രംഗത്തു വിദഗ്ധരാണെന്നു രാമായണാദി കാവ്യങ്ങളില്‍ കാണുന്നുണ്ട്. അതുകൊണ്ടു ശ്രീരാംജി നേരിട്ടുതന്നെ വരച്ചുകൊടുത്തത്താണ് പുറത്തു കാണുന്ന മൂന്നുവര. ഇപ്പോഴത്തെ കാലത്താണെങ്കില്‍ ട്രിപ്പിള്‍ സ്റ്റാറുള്ള ബ്രിഗേഡിയറിന്റേതിനു തുല്യമായ പദവി.
വിഷയം ജാണ്ടെവാലയിലെ കാരണവന്മാരാണല്ലോ. അവരാണ് അഖിലഭാരതത്തിലേയും ഹൈന്ദവചിന്തയുടെ പുണ്യാത്മാക്കള്‍. അവരെന്തു കരുതുന്നുവോ അതുതന്നെ ഹൈന്ദവചിന്ത; അവരെന്തു ചെയ്യുന്നുവോ അതുതന്നെ ഹൈന്ദവരീതി; അവരെന്ത് അതിക്രമങ്ങള്‍ ചെയ്യുന്നുവോ അതുതന്നെ ഹൈന്ദവനീതി. അങ്ങനെയാണു മഹാത്മാഗാന്ധിയുടെ സ്വര്‍ഗാരോഹണം മുതല്‍ ഗുജറാത്തിലെ ആയിരങ്ങളുടെ ജീവന്മുക്തി വരെയുള്ള പുണ്യകര്‍മങ്ങള്‍ കാലാകാലങ്ങളായി സംഘടിപ്പിച്ചതു. വച്ചടി വച്ചടി കയറ്റമായിരുന്നു ഇതുവരെ. സോമനാഥത്തുനിന്നു രഥയാത്ര ഉരുട്ടിക്കൊണ്ടുപോയി അയോധ്യയില്‍ പള്ളി പൊളിച്ച വകയില്‍ രാജ്യഭരണം തന്നെ കൈയില്‍വന്നു. സംസ്ഥാനഭരണം വേറെ. പച്ചക്കള്ളം നട്ടുമുളപ്പിച്ചാല്‍ രാജ്യത്ത് അധികാരം കൊയ്യാനാവുമെന്നു തെളിയിച്ചതു ഈ മഹാരാഷ്ട്ര ചിത്പവന്‍ ബ്രാഹ്മണപുംഗവന്മാര്‍ തന്നെ.
പക്ഷേ, എല്ലാകാലത്തും ജനത്തെ അങ്ങനെ വിഡ്ഢികളാക്കി നിര്‍ത്താന്‍ കഴിയില്ലെന്നൊരു തോന്നല്‍ കുറച്ചുകാലമായി ഉണ്ടായിരുന്നു. പഴയ മാതിരി അടവുകളൊന്നും അങ്ങോട്ട് എസ്ുന്നില്ല.
ഇപ്പോള്‍ സ്ഥിതി മാറുന്ന ലക്ഷണമാണ്. മലേഗാവില്‍ തുടങ്ങി ഗോവയില്‍ അവസാനിച്ച പരീക്ഷണങ്ങള്‍ തിരിച്ചടിക്കുന്ന ലക്ഷണമാണ്. മേത്തന്മാര്‍ അക്രമം കാണിക്കുന്നില്ലെങ്കില്‍ അവര്‍ക്കു വേണ്ടി നാം തന്നെ ചെയ്തേക്കാം എന്നുകരുതി ഒരു സേവനം നടത്തിയതാണു രണ്ടിടത്തും. ഒരിടത്തു ബോംബ് പൊട്ടി; മഹാസാധ്വിയായ പെണ്ണുമ്പിള്ള പിടിയിലായി. മറ്റേടത്തു രണ്ട് ഉശിരന്മാരായ കിടാങ്ങള്‍ വടിയായി.
പിന്നെയാണു ലൗ ജിഹാദ് എടുത്തുവീശിയത്. ജിഹാദായാല്‍ പിന്നെ നോക്കേണ്ട; മറ്റവന്മാര്‍ക്കല്ലാതെ ആര്‍ക്കാണു ജിഹാദിന്റെ ഏര്‍പ്പാട്? ജിഹാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്ണുങ്ങളുടെ കണക്കും എടുത്തു. ഇപ്പോള്‍ അതും കുരിശാവുന്ന ലക്ഷണമാണ്. യെദ്യൂരപ്പയുടെ നാട്ടില്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം കഴിക്കാമെന്നു പറഞ്ഞു പെണ്ണിനെ വേലവച്ചു വടിയാക്കിയ ചങ്ങാതി പിടിയിലായി. ജിഹാദിക്കു പകരം കാണുന്നത് സാക്ഷാല്‍ നമ്മുടെ സ്വന്തം ആള്‍. ജിഹാദികള്‍ എന്നാണാവോ ബഹുദൈവവിശ്വാസവും ക്ഷേത്രാരാധനയും ആരംഭിച്ചതു?
അതങ്ങനെ ഒരു ഭാഗത്ത്. മറുഭാഗത്തു നമ്മുടെ കക്ഷിയുടെ കച്ചവടം ഏതാണ്ടു പൂട്ടുന്ന മാതിരിയാണ്. ചിത്പവനപുരിയുടെ ആത്മാവു കുടികൊള്ളുന്ന മഹാരാഷ്ട്രയില്‍ മൂന്നാംവട്ടവും നമ്മുടെ ആള്‍ക്കാര്‍ പൊട്ടിപ്പാളീസായി. കോണ്‍ഗ്രസ്സുകാര്‍ക്കു ഹാട്രിക്കാണ് കിട്ടിയത്. നമുക്കു കിട്ടിയ സീറ്റും വോട്ടും നോക്കിയാല്‍ അധികകാലം ഈ കച്ചവടം നടക്കാത്ത ലക്ഷണമാണ്.
മാത്രമല്ല, വേറെയും കുഴപ്പം. ചൗതാല നമ്മുടെ ബന്ധുവായിരുന്നു. ബന്ധുത്വം വിട്ടപ്പോള്‍ ടിയാന്റെ വോട്ടും സീറ്റും റോക്കറ്റ് വിട്ടപോലെയാണു മുകളിലേക്കു കുതിച്ചതു. എന്നുവച്ചാല്‍, നമ്മുടെ സംബന്ധം വിട്ടപ്പോള്‍ ആയാറാം ഗയാറാമിന്റെ സ്വന്തം അളിയനായ ഓംപ്രകാശ് ചൗതാലയ്ക്കു പോലും വോട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, നമുക്ക് അറംപറ്റിയ മാതിരി. പണ്ടൊക്കെ ശൂദ്രരുമായി കൂട്ടുകൂടിയാല്‍ നാം ബ്രാഹ്മണാള്‍ജികള്‍ക്ക് അയിത്തമായിരുന്നു. ഇപ്പോള്‍ നാമുമായി കൂടിയാല്‍ അയിത്തമാവുമെന്ന് അവന്മാര്‍ ധരിക്കുന്ന നിലയിലാണു കാര്യങ്ങളുടെ പോക്ക്.
ഹെയ് ശ്രീറാം...! നീ തന്നെ രക്ഷ.
(Source)
അണ്ടി കളഞ്ഞുപോയ അണ്ണാന്റെ വൈഷമ്യത്തെക്കുറിച്ചു വൈയാകരണന്മാര്‍ ആലങ്കാരികമായി പറയാറുണ്ടെങ്കിലും സംഭവം നേരില്‍ക്കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഉടനടി കിട്ടാവുന്ന വല്ല വാഹനവും പിടിച്ച് ഇന്ദ്രപുരിയിലെ ജാണ്ടെവാലയില്‍ ഹാജരാവുന്നതാണ് അത്യുത്തമം. ഭര്‍തൃഹരി പോലെയുള്ള സംസ്കൃത സൗന്ദര്യശാസ്ത്രജ്ഞര്‍ ഇഴകീറി പരിശോധിച്ച വിഷയമാണ്. പലവിധ സിദ്ധാന്തങ്ങള്‍ പണ്ടുമുതലേ നാട്ടിലുള്ളതുമാണ്. എന്നാല്‍, പറ്റിയൊരു ഉദാഹരണം കണ്ടുകിട്ടാന്‍ പ്രയാസം. അതുകൊണ്ട് ഇതൊരു ചരിത്രസംഭവമാണ്. അലങ്കാരശാസ്ത്ര, വ്യാകരണാദി വിജ്ഞാനീയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്കു സുവര്‍ണകാലം എന്നും പറയാം.
ReplyDelete