Sunday, October 4, 2009

ശ്രീരാമസേന കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട്‌: തീവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമസേന കേരളത്തിലേക്ക്‌ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. തിരുവനന്തപുരത്തെ രണ്ടു വനിതാ കോളജുകളില്‍ 'ലൗ ജിഹാദി'നെതിരേ എന്ന മട്ടില്‍ ശ്രീരാമസേനയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇന്റലിജന്‍സ്‌ ഐ.ജി കെ പത്മകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.

കാസര്‍കോട്ടും തിരുവനന്തപുരത്തുമാണ്‌ ശക്തി പ്രകടിപ്പിക്കാന്‍ ഇവര്‍ നീക്കം നടത്തുനന്നത്‌. മലപ്പുറം ജില്ലയിലെ എടവണ്ണയിലും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതുവരെ രഹസ്യസ്വഭാവത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടന പരസ്യമായി രംഗത്തുവരാനുള്ള ശ്രമമാണ്‌ 'ലൗ ജിഹാദ്‌' പോസ്റ്ററിലൂടെ നടത്തിയിരിക്കുന്നത്‌.

തിരുവനന്തപുരം വഴുതക്കാട്‌ വനിതാ ഗവണ്‍മന്റ്‌ കോളജിലും പെരുന്താനി എന്‍.എസ്‌.എസ്‌ കോളജിലുമാണ്‌ കഴിഞ്ഞ വെള്ളിയാഴ്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്‌. കര്‍ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ നിരവധി അക്രമസംഭവങ്ങള്‍ നടത്തി ഇതിനകം തന്നെ ഈ സംഘടന കുപ്രസിദ്ധി നേടിയിട്ടുണ്ട്‌. ആര്‍.എസ്‌.എസ്‌, ബജ്‌രംഗ്ദള്‍, ശിവസേന എന്നിവയുടെ പ്രവര്‍ത്തകനായിരുന്ന പ്രമോദ്‌ മുത്താലിക്ക്‌ 2007ല്‍ രൂപീകരിച്ച തീവ്രസ്വഭാവമുള്ള സംഘടനയാണ്‌ ശ്രീരാമസേന.

മംഗലാപുരത്ത്‌ ക്ലബ്ബുകളില്‍ കയറി 40 പെണ്‍കുട്ടികളെ അക്രമിച്ചതും മൈസൂരിലെ കൈതാനഹള്ളിയിലെ പള്ളിയില്‍ പന്നിജഡം കൊണ്ടിട്ട്‌ കലാപമുണ്ടാക്കിയതും ശ്രീരാമസേനയായിരുന്നു. കാസര്‍കോട്ട്‌ അടുക്കത്ത്ബയലില്‍ പാരലല്‍ കോളജിലെ പെണ്‍കുട്ടിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത്‌ മടങ്ങുകയായിരുന്ന മൂന്ന്‌ മുസ്ലിം അധ്യാപകരെ കാറില്‍ നിന്നിറക്കി മര്‍ദ്ദിച്ചുകൊണ്ടാണ്‌ ഈ സംഘടന കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്‌. എല്ലായിടത്തും ആര്‍.എസ്‌.എസ്സിന്റെ രഹസ്യപിന്തുണയോടെയാണ്‌ ഇവര്‍ പ്രവര്‍ത്തിക്കുന്നത്‌. കോട്ടയം സ്വദേശികളായ രണ്ട്‌ നഴ്​‍്സിങ്‌ വിദ്യാര്‍ഥികളെ മംഗലാപുരത്ത്‌ അക്രമിച്ച സംഭവത്തിലും ശ്രീരാമസേനക്കാരായിരുന്നു പ്രതികള്‍. കേരളത്തില്‍ ബി.ജെ.പി, ആര്‍.എസ്‌.എസ്‌ എന്നീ സംഘടനകള്‍ക്ക്‌ നല്ല പ്രതിച്ഛായ സൃഷ്ടിക്കാനായി അക്രമസംഭവങ്ങള്‍ നടത്തുന്നതിനാണ്‌ ശിവസേന, ശ്രീരാമസേന തുടങ്ങിയ സംഘടനകള്‍ക്കു രൂപം നല്‍കിയതെന്ന്‌ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ പറഞ്ഞു.

തിരുവനന്തപുരത്ത്‌ പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നതുവരെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്‌ൿഇത്തരമൊരു സംഘടനയെക്കുറിച്ച്‌ അറിവില്ലായിരുന്നു. കേരളത്തില്‍ നിന്നു വന്ന പത്തംഗസംഘം മംഗലാപുരത്തു വച്ച്‌ മുത്താലിക്കുമായി വിശദമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. മുത്താലിക്കിനെ തിരുവനന്തപുരത്തും കോഴിക്കോട്ടും കൊച്ചിയിലും പൊതുയോഗങ്ങളില്‍ പങ്കെടുപ്പിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്‌.

സംസ്ഥാനത്തെ ശ്രീരാമസേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ റിപോര്‍ട്ട്‌ തയ്യാറാക്കി ബന്ധപ്പെട്ടവര്‍ക്ക്‌ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ ഐ.ജി കെ പത്മകുമാര്‍ തേജസിനോട്‌ പറഞ്ഞു. ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുന്നുണ്ട്‌. സംഘടനയെക്കുറിച്ച്‌ പല സുപ്രധാന വിവരങ്ങളും ലഭിച്ചിട്ടുണ്ട്‌. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും- അദ്ദേഹം പറഞ്ഞു.

(Source)

No comments:

Post a Comment