Sunday, October 4, 2009

മതപരിവര്‍ത്തനം കൂടുതലും ക്രിസ്തുമതത്തില്‍ നിന്നു ഹിന്ദുമതത്തിലേക്ക്‌

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത്‌ ക്രിസ്തുമതത്തില്‍നിന്നു ഹിന്ദുമതത്തിലേക്കുളള മതപരിവര്‍ത്തനം വ്യാപകമെന്നു റിപോര്‍ട്ട്‌. ഇസ്ലാമിലേക്കു വന്‍തോതില്‍ പരിവര്‍ത്തനം നടക്കുന്നുവേന്ന മുറവിളികള്‍ക്കിടയിലാണ്‌ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത്‌ സംഘപരിവാര്‍ വിഭാഗങ്ങളാണെന്നു വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്‌.

സംസ്ഥാനസര്‍ക്കാരിന്റെ 2009 ആഗസ്തിലെ ഗസറ്റ്‌ വിജ്ഞാപനപ്രകാരം മതംമാറി പേരു മാറ്റിയവര്‍ 123 പേരാണ്‌. ഇതില്‍ 120 പേരും ക്രിസ്തുമതത്തില്‍നിന്നു ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്തവരാണ്‌. രണ്ടുപേര്‍ ഹിന്ദുമതത്തില്‍നിന്നു ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുകയുണ്ടായി. ഈ കാലയളവില്‍ ഹിന്ദുമതത്തില്‍പ്പെട്ട ഒരാള്‍ മാത്രമാണ്‌ ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടതെന്നു സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്‌ പറയുന്നു. തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചാണ്‌ മതപരിവര്‍ത്തനം വ്യാപകമായി നടക്കുന്നത്‌. നാലു സംഘടനകളാണ്‌ ഇതിനു ചുക്കാന്‍ പിടിക്കുന്നത്‌. ഇതില്‍ മൂന്നു സംഘടനകളും ഹിന്ദുമതത്തിലേക്ക്‌ ആളെ കൂട്ടുന്നതിനായി പ്രവര്‍ത്തിച്ചുവരുന്നവയാണ്‌. ആര്യസമാജം, ഹിന്ദുമിഷന്‍, അഖിലഭാരതീയ അയ്യപ്പസേവാസംഘം, ഓള്‍ ഇന്ത്യ ദയാനണ്ട്‌ സാല്‍വേഷന്‍ മിഷന്‍ എന്നീ സംഘടനകളാണ്‌ ഹിന്ദു മതത്തിലേക്കുള്ള പരിവര്‍ത്തനം നടത്തുന്നത്‌. മതംമാറ്റിയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതും ഈ നാലു സംഘടനകളാണ്‌. മതപരിവര്‍ത്തനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആര്യസമാജം ഒരു വര്‍ഷം 1,450 പേരെ മതംമാറ്റിയെടുത്തത്തായാണ്‌ കണക്ക്‌.

2009 ഏപ്രില്‍ 30 മുതല്‍ ജൂണ്‍ 26 വരെയുള്ള രണ്ടുമാസത്തിനകം 249 പേരെ മതംമാറ്റിയതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അതായത്‌, ഒരുദിവസം നാലുപേരെ ഹിന്ദുമതത്തിലേക്ക്‌ മതപരിവര്‍ത്തനം നടത്തുന്നുണ്ട്‌. 2009 ആഗസ്ത്‌ വരെ ആര്യസമാജത്തിന്റെ നേതൃത്വത്തില്‍ 20,516 പേര്‍ ഇത്തരത്തില്‍ മതംമാറിയിട്ടുണ്ട്‌. ഹിന്ദുമിഷന്റെ നേതൃത്വത്തില്‍ ജൂലൈ 13നും 28നുമിടയ്ക്ക്‌ 26 പേരെയാണ്‌ മതംമാറ്റിയത്‌. അഥവാ ഒരുദിവസം രണ്ടുപേരെയെങ്കിലും ഹിന്ദുമിഷന്‍ മതംമാറ്റുന്നുണ്ട്‌. അയ്യപ്പസേവാസംഘം 2009 ജൂണ്‍ 12 വരെ 5,053 പേരെ മതംമാറ്റുകയുണ്ടായി. ഇതില്‍ ഭൂരിപക്ഷവും ക്രിസ്തുമതത്തില്‍നിന്നു ഹിന്ദുമതത്തിലേക്കുമതംമാറപ്പെട്ടവരാണ്‌. വ്യാപകമായ തോതില്‍ നടക്കുന്ന മതപരിവര്‍ത്തനം നടത്തിവരുന്ന ഇത്തരം സംഘടനകളെക്കുറിച്ചോ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ കോടിക്കണക്കിനു രൂപയുടെ വിദേശപണം മതപ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുന്നതായും റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതും അന്വേഷിക്കാന്‍ സര്‍ക്കാരോ കോടതിയോ ഇന്റലിജന്‍സ്‌ വൃത്തങ്ങളോ തയ്യാറായിട്ടില്ല.

(Source)

No comments:

Post a Comment