Thursday, October 22, 2009

ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ പ്രസ്ഥാനങ്ങളെ കണ്ടെത്തിയിട്ടില്ലെന്നു ഡി.ജി.പി

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ്‌, റോമിയോ ജിഹാദ്‌ എന്നീ പേരുകളിലുള്ള പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നു ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ ഹൈക്കോടതിയില്‍ റിപോര്‍ട്ട്‌ നല്‍കി. ഏതെങ്കിലും സംഘടന നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി തെളിഞ്ഞിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, പെണ്‍കുട്ടികളെ സ്നേഹം നടിച്ചു മതംമാറ്റുന്നതിനു മുസ്ലിം യുവാക്കള്‍ ശ്രമങ്ങള്‍ നടത്തുന്നതായി സംശയിക്കേണ്ടതുണ്ടെന്നു ഡി.ജി.പി വ്യക്തമാക്കി. യുവാക്കള്‍ക്കിടയില്‍ മതംമാറ്റം നടത്തുന്നതിനു ചില ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ചു പോലിസ്‌ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്‌. സംശയമുള്ള കേസുകളില്‍ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു. എന്നാല്‍, ഇത്തരം കേസുകളില്‍ പരാതി നല്‍കാന്‍ ആരും മുന്നോട്ടുവരുന്നില്ലെന്നു ഡി.ജി.പി ചൂണ്ടിക്കാട്ടി. നിര്‍ബന്ധിതവും ചതിയിലൂടെയുള്ളതുമായ മതംമാറ്റത്തിനെതിരേ പോലിസ്‌ കര്‍ശന നടപടി സ്വീകരിക്കും. നിര്‍ബന്ധിത മതംമാറ്റം നടത്തുന്ന പ്രസ്ഥാനങ്ങളെയും ഗ്രൂപ്പുകളെയും പോലിസിന്റെ ഇന്റലിജന്‍സ്‌ വിഭാഗം നിരീക്ഷിച്ചുവരുന്നതായി ഡി.ജി.പി വ്യക്തമാക്കി. പത്തനംതിട്ടയില്‍ രണ്ടു കോളജ്‌ വിദ്യാര്‍ഥികളെ പ്രണയം നടിച്ചു മതംമാറ്റത്തിനു വിധേയരാക്കിയെന്ന പരാതിയല്ലാതെ മറ്റു കേസുകളൊന്നും കണ്ടെത്താനായിട്ടില്ല. ഈ കേസുകള്‍ പോലിസ്‌ വിശദമായി അന്വേഷിച്ചുവരുകയാണ്‌. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തു നിര്‍ബന്ധിത മതംമാറ്റം നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ച്‌ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണു റിപോര്‍ട്ട്‌ തയ്യാറാക്കിയതെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത്‌ ഓരോ കൊല്ലവും മിശ്രവിവാഹങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്‌. ഇതുവഴി മതംമാറ്റം നടക്കുന്നുണ്ടെങ്കിലും വിവാഹങ്ങളുടെ എണ്ണം പോലിസിന്റെ പക്കലില്ല. മതംമാറ്റത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു വിദേശസഹായം കിട്ടുന്നുവേന്നതിനെക്കുറിച്ചും തെളിവില്ല. ഇവര്‍ക്കു കള്ളനോട്ട്‌, കള്ളക്കടത്ത്‌, മയക്കുമരുന്നു കടത്ത്‌, തീവ്രവാദപ്രസ്ഥാനങ്ങള്‍ എന്നിവയുമായി ബന്ധമുണ്ടെന്നതിനും തെളിവില്ല.

സംസ്ഥാനത്തു വിദ്യാര്‍ഥിനികളെ സ്നേഹം നടിച്ചു മതംമാറ്റം നടത്തിയ, കഴിഞ്ഞ മൂന്നുകൊല്ലത്തെ റിപോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ജസ്റ്റിസ്‌ കെ ടി ശങ്കരനാണ്‌ ഡി.ജി.പിക്കും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിനും സപ്തംബര്‍ 30ന്‌ നിര്‍ദേശം നല്‍കിയത്‌.

പത്തനംതിട്ട സ്വാശ്രയ എന്‍ജിനീയറിങ്‌ കോളജിലെ രണ്ടു വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷാ, സിറാജുദ്ദീന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതി നിര്‍ദേശം.

(Source)

No comments:

Post a Comment