Saturday, October 17, 2009

കണ്ണില്ലാത്ത പ്രണയം, കണ്ണുകെട്ടിയ നീതിപീഠം

ലൗ ജിഹാദ്‌! റോമിയോ ജിഹാദി!! കേരള ഹൈക്കോടതി ജഡ്ജി കെ ടി ശങ്കരന്‍ പ്രശ്നവല്‍ക്കരിക്കുന്ന ഈ പദപ്രയോഗങ്ങളുടെ ഉറവിടമേത്‌? അതിന്റെ സന്ദര്‍ഭമേത്‌? പ്രണയം, ഒളിച്ചോട്ടം, മതംമാറ്റം എന്നിങ്ങനെ ഒരു സാടാ സംഭവത്തെ യഥാക്രമം പ്രേമം നടിക്കല്‍, തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നൊക്കെ ആരോപിച്ചു പോലിസ്‌ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ്‌ ഭയന്നു കുറ്റാരോപിതര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ്‌, ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ തന്റെ മുമ്പാകെ വന്ന ഹരജിയില്‍ പരിഗണിക്കേണ്ടതില്ലാത്ത വിഷയങ്ങള്‍ പരാമര്‍ശിച്ച്‌ സംസ്ഥാന ഡി.ജി.പിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും വിശദാന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട്‌ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. പ്രേമവും ഒളിച്ചോട്ടവും മതംമാറ്റവുമൊക്കെ കേരളത്തില്‍ നടാടെയാണെന്ന നിലയ്ക്കാണു നീതിപീഠത്തില്‍നിന്നു വിചിത്രവെളിപാടുകള്‍ സംഭവിച്ചിരിക്കുന്നത്‌. നമ്മുടെ കോടതികളുടെ വര്‍ഗീയാഭിമുഖ്യം ഇങ്ങനെ മറനീക്കി പുറത്തുവരുന്ന സന്ദര്‍ഭങ്ങള്‍ ഈയിടെയായി അപൂര്‍വമല്ല.

കഴിഞ്ഞയാഴ്ച ബിഹാറിലെ രാജ്ഗിറില്‍ ചേര്‍ന്ന ആര്‍.എസ്‌.എസ്‌ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ചര്‍ച്ചചെയ്ത സുപ്രധാന വിഷയങ്ങളിലൊന്ന്‌, 'ലൗ ജിഹാദ്‌ പ്രസ്ഥാന'മായിരുന്നു. ആര്‍.എസ്‌.എസ്സിന്റെ മഹിളാവിഭാഗമായ രാഷ്ട്രസേവികാ സമിതി, മാതൃമണ്ഡലം, ക്ഷേത്രസംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ കുടുംബയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത്‌ 'ലൗ ജിഹാദ്‌ ഭീഷണി' സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്താനും വി.എച്ച്‌.പി, എ.ബി.വി.പി സംഘടനകള്‍ മുഖാന്തരം 'ലൗ ജിഹാദ്‌' വിരുദ്ധ പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു. ആര്‍.എസ്‌.എസ്‌ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള നേതൃപ്രതിനിധികള്‍ അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഇങ്ങനെ: നാലായിരം അമുസ്ലിം പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ തട്ടിയെടുത്തിട്ടുണ്ട്‌. പൊന്നാനി, കോഴിക്കോട്‌, കോട്ടയം തുടങ്ങി ആറിടങ്ങളില്‍ മുസ്ലിം യുവാക്കള്‍ക്കു റോമിയോ ജിഹാദികളാവാന്‍ പരിശീലനം നല്‍കുന്നു. മാധ്യമങ്ങളും പോലിസും കോടതിയും പുലര്‍ത്തിയ ജാഗരൂകത ആശ്വാസകരമെന്നും റിപോര്‍ട്ട്‌ ചെയ്യപ്പെട്ടു. റിപോര്‍ട്ടിന്റെ വസ്തുനിഷ്ഠതയ്ക്കു തെളിവുകളൊന്നുമില്ല. കഥയില്‍ ചോദ്യമില്ലല്ലോ!

വസ്തുനിഷ്ഠമായി സാധുവായ സ്ഥിതിവിവരക്കണക്കുകളുമുണ്ട്‌. കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനത്തില്‍ ഏറിയപങ്കും ഹിന്ദുമതത്തിലേക്കാണെന്നു സര്‍ക്കാര്‍ ഗസറ്റ്‌. വി.എച്ച്‌.പിയുടെ നിയന്ത്രണത്തിലുള്ള ഹിന്ദു മിഷന്‍, ആര്യസമാജം, ആര്‍.എസ്‌.എസ്‌ നിയന്ത്രണത്തിലുള്ള അയ്യപ്പസേവാ സംഘം തുടങ്ങിയ സംഘടനകളാണ്‌ ഇതിനുചുക്കാന്‍ പിടിക്കുന്നത്‌. കേരളത്തില്‍ പത്തുലക്ഷം മിശ്രവിവാഹിതരുണ്ടെന്നു മിശ്രവിവാഹവേദി. കേരളത്തില്‍ ഏറ്റവുമധികം വിദേശഫണ്ട്‌ ലഭിക്കുന്നത്‌ കെ പി യോഹന്നാന്റെ ബിലീവേഴ്സ്‌ ചര്‍ച്ചിനും മാതാ അമൃതാനന്ദമയീ മഠത്തിനുമെന്ന്‌ ഫെറാ അധികൃതര്‍. ഒന്നരമണിക്കൂര്‍ മാത്രം നീളുന്ന ഹോമം നടത്തി 75,000 പേരെ ഹിന്ദുക്കളാക്കി മാറ്റിയെന്നു കോഴിക്കോട്ടെ ആര്യസമാജം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഹിന്ദുമതത്തിലേക്കു മതംമാറ്റിയവരുടെ എണ്ണം ഒന്നരലക്ഷത്തോളം. 2009 ഏപ്രിലിനുശേഷം മാത്രം 549 പേരെ ഹിന്ദുക്കളാക്കി മതംമാറ്റി. അക്കാലയളവില്‍ മുസ്ലിമായത്‌ ഒരേയൊരാള്‍ മാത്രം.

ലൗ ജിഹാദ്‌ എന്ന പ്രയോഗത്തിന്റെ പ്രഭവകേന്ദ്രം ഗുജറാത്താണ്‌. പിന്നെയതു മംഗലാപുരത്ത്‌ പ്രമോദ്‌ മുത്താലിക്‌ നേതൃത്വം നല്‍കുന്ന ശ്രീരാമസേന ഏറ്റെടുത്തു. അവര്‍ പബ്ബില്‍ കയറിയ (ഹിന്ദു) പെണ്‍കുട്ടികളെയും ബസ്സില്‍ (ഹിന്ദു) പെണ്‍കുട്ടികളെ അനുയാത്ര ചെയ്ത (മുസ്ലിം) പയ്യന്‍മാരെയും കൈകാര്യം ചെയ്ത, 'ഹിന്ദു സനാതന'തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രബുദ്ധരായ പുത്തന്‍കൂറ്റുകാര്‍. ഇത്തരം വ്യാജ ഹിന്ദുത്വപ്രചാരണങ്ങളില്‍ പ്രതിഷേധിച്ചാണ്‌ ആയിരക്കണക്കിനു ഫെമിനിസ്റ്റുകള്‍ മുത്താലിക്കിന്‌ പിങ്ക്‌ ജെട്ടി കാംപയിനെന്ന പേരില്‍ തങ്ങളുടെ ഏറ്റവും സ്വകാര്യമായ അടിവസ്ത്രങ്ങള്‍ അയച്ചുകൊടുത്തത്‌. ശ്രീരാമസേനാ പ്രചാരണം ചാനല്‍-പത്രം-പോലിസ്‌ വഴി, കാസര്‍കോഡ്‌- കണ്ണൂര്‍- വയനാട്‌ വഴി കേരളത്തിലെത്തുന്നു. അവിടെയുമിവിടെയും നടന്ന, നാട്ടില്‍ സാധാരണമായ എല്ലാ മതക്കാരുമുള്‍ക്കൊള്ളുന്ന പ്രണയങ്ങളും ഒളിച്ചോട്ടങ്ങളും പോലിസ്‌ കേസുകളും ഹേബിയസ്‌ കോര്‍പസ്‌ ഹരജികളും സാന്ദര്‍ഭികമായി ലൗ ജിഹാദ്‌ ആരോപണത്തിനു സാഹചര്യത്തെളിവുകളാക്കുന്നു. വൈകുന്നേരം മസാല ചേര്‍ത്ത വാര്‍ത്ത കിട്ടാതെ വിഷമിക്കുന്ന പത്ര-ചാനല്‍-പോലിസ്‌വൃത്തങ്ങള്‍ കഥകളെ പൊലിപ്പിക്കുന്നു. ഒടുവില്‍ പത്തനംതിട്ട സെന്റ്‌ ജോണ്‍സ്‌ കോളജിലെ ക്രിസ്ത്യാനികളായ രണ്ട്‌ എം.ബി.എ വിദ്യാര്‍ഥിനികളെ, പ്രഅയപൂര്‍ത്തിയായവരായിട്ടും, തങ്ങള്‍ സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ചതാണെന്നു പറഞ്ഞിട്ടും, കീഴ്‌വഴക്കം തെറ്റിച്ച്‌ അവരെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയായിരുന്നു കോടതി. ആഗസ്ത്‌ അവസാനവാരത്തില്‍ നടന്ന ഈ സംഭവത്തെ തുടര്‍ന്നു കൊടുമ്പിരിക്കൊണ്ട വ്യാജപ്രചാരണങ്ങള്‍ക്ക്‌ അനുപൂരകമായാണു സപ്തംബര്‍ ഒടുവില്‍

ഹൈക്കോടതിയുടെ വിവാദ ഉത്തരവ്‌ വന്നത്‌. ഒരു സമുദായത്തെ പിശാചുവല്‍ക്കരിക്കുക എന്ന ഒളിയജണ്ടയില്‍ പോലിസ്‌, മാധ്യമങ്ങള്‍ എന്നിവയോടൊപ്പം കോടതിയും ഭാഗഭാക്കാവുകയായിരുന്നു.

യുവാക്കളിലെ നൈസര്‍ഗിക ചോദനകളെയും ശരീരഭാഷയെയും പ്രണയഭാവങ്ങളെയും ലൗ ജിഹാദ്‌ ഗൂഢസംഘത്തിന്റെ റോമിയോ ജിഹാദി വേഷപ്പകര്‍ച്ചയിലേക്കു പരാവര്‍ത്തനം ചെയ്ത്‌, തങ്ങളുടെ കൗമാരക്കാരികളായ പെണ്‍മക്കളില്‍ മുസ്ലിം ആണ്‍ സൗഹൃദങ്ങളെ സംശയിപ്പിക്കാന്‍ ഇതു മതിയാവും. ഒരു സെക്സ്‌ മാനിയാക്കിന്റെ കൈകള്‍ ഈ പ്രചാരണത്തില്‍ കാണുന്നു. ലൈംഗികാതിക്രമികള്‍, വാണിഭവീരന്മാര്‍, സ്ത്രീലമ്പടന്മാര്‍ എന്നിങ്ങനെ ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍നിന്ന്‌ ഒഴുകിവരുന്ന മാലിന്യമുപയോഗിച്ചു സംഘപരിവാരം നടത്തുന്ന പ്രചണ്ഡപ്രചാരണത്തിനു കോടതിയെപ്പോലും സ്വാധീനിക്കാനായതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണു കേരളത്തിലെ 'ലൗ ജിഹാദ്‌ വിവാദം'. പന്തിഭോജനത്തിന്റെയും മിശ്രവിവാഹത്തിന്റെയും യുക്തിവിചാരത്തിന്റെയുമെല്ലാം നവോത്ഥാനമൂല്യങ്ങളെ കീഴ്മേല്‍ മറിച്ച്‌, സംസ്കാരത്തെ അപഹസിച്ച്‌ ആണ്‍കോയ്മയുടെ സഹജഭാഷയില്‍ പ്രണയം, ലൈംഗികത, സ്ത്രീശരീരം തുടങ്ങിയ വ്യവഹാരങ്ങളെ അപനിര്‍മിക്കാനുള്ള അപകടകരമായ അജണ്ടയാണു പ്രബുദ്ധ കേരളത്തില്‍ കടത്തിവിട്ടിരിക്കുന്നത്‌. പോലിസുകാര്‍ക്ക്‌ എന്തുമാവാം. പക്ഷേ, 'മാനിഷാദാ' എന്നു കോടതിയോടു പറയേണ്ടിവരുന്നതു കഷ്ടമല്ലേ?

(Source)

No comments:

Post a Comment