Saturday, October 17, 2009

കോടതിമുറ്റത്തെ അരുംകൊല 4

മതംമാറ്റവുമായി ബന്ധപ്പെട്ട ആര്‍.എസ്‌.എസ്‌ ഭീകരത വ്യക്തമാക്കുന്നതായിരുന്നു 1989ല്‍ തിരൂരങ്ങാടിയിലെ ആമിനക്കുട്ടിയുടെയും തിരൂരിലെ മുഹമ്മദ്‌ യാസിറിന്റെയും കൊലപാതകങ്ങള്‍.

തിരൂരങ്ങാടിയിലെ ചിരുതക്കുട്ടി എന്ന ദലിത്‌ യുവതിയാണ്‌ ഇസ്ലാം സ്വീകരിച്ച്‌ ആമിനക്കുട്ടിയായത്‌. ആര്‍.എസ്‌.എസുകാരുടെ എതിര്‍പ്പും ഭീഷണിയും അവഗണിച്ചായിരുന്നു യുവതിയുടെ മതംമാറ്റം. കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന്‌ പോലിസ്‌ കേസെടുത്ത്‌ ആമിനക്കുട്ടിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. താന്‍ സ്വമേധയായാണ്‌ മതംമാറിയതെന്നറിയിച്ചതിനെ തുടര്‍ന്ന്‌ സ്വന്തം ഇഷ്ടപ്രകാരം പോവാന്‍ അവരെ കോടതി അനുവദിക്കുകയും ചെയ്തു.

കേസ്‌ കഴിഞ്ഞു പുറത്തിറങ്ങിയ ആമിനക്കുട്ടിയെ ആര്‍.എസ്‌.എസുകാരനായ സഹോദരന്‍ കോടതി മുറ്റത്തുവച്ചു വെട്ടിക്കൊലപ്പെടുത്തി. സംസ്ഥാനത്ത്‌ കോടതിമുറ്റത്ത്‌ പട്ടാപ്പകല്‍ അരങ്ങേറിയ ആദ്യ കൊലപാതകം. പക്ഷേ, പത്രങ്ങള്‍ക്ക്‌ അതൊരു സാധാരണ വാര്‍ത്ത മാത്രമായിരുന്നു. ഹിന്ദുത്വ തീവ്രവാദമെന്നോ മതഭീകരതയെന്നോ ഒരു പത്രവും ആമിനക്കുട്ടി വധത്തിനു തലക്കെട്ടു നല്‍കിയില്ല.

അതേവര്‍ഷം, തിരൂരങ്ങാടി പി.എസ്‌.എം.ഒ കോളജിലെ രാധാമണിയെന്ന ചരിത്രവിദ്യാര്‍ഥി സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ചു. ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ വായിച്ചു മതത്തെ അടുത്തറിഞ്ഞ യുവതി ബാഹ്യപ്രേരണയൊന്നുമില്ലാതെയായിരുന്നു റഹീമയായി മാറിയത്‌. തിരൂര്‍ നിറമരുതൂരിലെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനത്തിലായിരുന്നു റഹീമ താമസിച്ചിരുന്നത്‌. ആര്‍.എസ്‌.എസുകാര്‍ ഒരു രാത്രി മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി യുവതിയെ ബലമായി കടത്തിക്കൊണ്ടുപോയി വീട്ടുതടങ്കലിലാക്കി. സംസ്കാര കേരളം അന്ന്‌ മൗനംപാലിച്ചു. തന്റെ മതംമാറ്റത്തിനു പിന്നില്‍ മറ്റാര്‍ക്കും യാതൊരു പങ്കുമില്ലെന്ന്‌ യുവതി ആവര്‍ത്തിച്ചു വ്യക്തമാക്കി. മുസ്ലിംകളുടെ സംയമനം സ്ഥിതിഗതികള്‍ ആളിക്കത്തിച്ചില്ല.

ഹിന്ദുക്കള്‍ മതംമാറുന്നതിനോടുള്ള ആര്‍.എസ്‌.എസ്സിന്റെ എതിര്‍പ്പ്‌ അതിരൂക്ഷമാണെന്നു തെളിയിക്കുന്നതായിരുന്നു തിരൂരിലെ യാസിറിന്റെ കൊലപാതകം. കൊളത്തൂരിനടുത്ത മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ആര്‍.എസ്‌.എസ്‌ അനുഭാവികൂടിയായിരുന്ന സുബ്രഹ്മണ്യന്‍. ഇസ്ലാമിനെ അടുത്തറിഞ്ഞപ്പോള്‍ സുബ്രഹ്മണ്യന്‍ മുഹമ്മദ്‌ യാസിറും ഭാര്യ ബേബി സുമയ്യയുമായി. ആര്‍.എസ്‌.എസ്‌ കൊലക്കത്തിയുമായി യാസിറിന്റെ വഴിയില്‍ ചാടിവീണു. മരിച്ചെന്നുറപ്പായിട്ടും കൊലയാളികള്‍ക്ക്‌ യാസിറിനോട്‌ പക തീര്‍ന്നില്ല. യുവാവിന്റെശരീരത്തില്‍ ആഴമേറിയ 34 മുറിവുകളാണുണ്ടായിരുന്നത്‌.

യാസിറിന്റെ ഘാതകരെ തെളിവില്ലെന്നു പറഞ്ഞു കോടതി വെറുതെവിടുകയാണു ചെയ്തത്‌. സ്വന്തം താല്‍പ്പര്യപ്രകാരം ആര്‍ക്കും ഏതു മതം സ്വീകരിക്കാനും ഭരണഘടനാപരമായി സ്വാതന്ത്ര്യമുള്ള രാജ്യത്ത്‌ സ്വമേധയാ മതം മാറിയതിന്റെ പേരില്‍ നിഷ്ഠുരമായി യുവാവിനെ കൊലപ്പെടുത്തിയ മതഭീകരതയ്ക്കെതിരേ കോടതിമുറിയിലോ പോലിസിന്റെ കേസ്‌ ഡയറിയിലോ പ്രത്യേകിച്ചൊരു പരാമര്‍ശവുമുണ്ടായില്ല.

യാസിറും കുടുംബവും ഇസ്ലാം സ്വീകരിച്ചതോടെയാണ്‌ മലബാറില്‍ ആര്‍.എസ്‌.എസ്‌ മതപരിവര്‍ത്തനപദ്ധതികള്‍ വിപുലമാക്കിയത്‌. '95നും 2000നും ഇടയില്‍ മലബാറിലെ അഞ്ചു ജില്ലകളില്‍ നിന്നായി 1800 ഓളം മുസ്ലിം യുവതികളെ പ്രണയത്തിലൂടെ മതംമാറ്റിയതായാണു മഹല്ല്‌ തലങ്ങളില്‍ നിന്നുള്ള കണക്ക്‌.

ഹിന്ദു, ക്രിസ്ത്യന്‍ യുവതികളെ മുസ്ലിം യുവാക്കള്‍ പ്രണയത്തിലൂടെ മതംമാറ്റുന്നു എന്ന ആരോപണം അക്കമിട്ടു നിഷേധിക്കുന്നതാണു സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍. മതംമാറ്റവുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ സംഘപരിവാരവും ചില മാധ്യമങ്ങളും അവതരിപ്പിക്കുന്ന കണക്കുകളും കഥകളും യാഥാര്‍ഥ്യവുമായി പുലബന്ധംപോലുമില്ലാത്തവയാണെന്ന്‌ സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ പകല്‍പോലെ വ്യക്തമാക്കുന്നു.

2000 ജനുവരി മുതല്‍ 2008 ഡിസംബര്‍ വരെയുള്ള സര്‍ക്കാര്‍ രേഖകളും ഗസറ്റ്‌ വിജ്ഞാപനങ്ങളും പ്രകാരം പ്രതിമാസം ശരാശരി ആറുപേര്‍ മാത്രമാണു ഹിന്ദുമതത്തില്‍ നിന്ന്‌ ഇസ്ലാം മതം ആശ്ലേഷിക്കുന്നത്‌. ഇവരിലാവട്ടെ ശരാശരി നാലുപേര്‍ പുരുഷന്‍മാരുമാണ്‌. ക്രിസ്തുമതത്തില്‍ നിന്നു മൂന്നുപേരാണു മാസംതോറും ഇസ്ലാമിലേക്കു മതംമാറുന്നതെന്നും ഗസറ്റ്‌ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

അന്യമതങ്ങളില്‍ നിന്ന്‌ ഇസ്ലാമിലേക്കു മതംമാറ്റം ചെയ്യപ്പെടുന്നത്‌ ഔദ്യോഗിക രേഖകളില്‍ നിന്നു മറച്ചുവയ്ക്കുന്നൂവേന്ന ആരോപണവും ബാലിശമാണ്‌. കാരണം, വിദ്യാസമ്പന്നരായ യുവതികള്‍ മുസ്ലിം യുവാക്കള്‍ക്കൊപ്പം മതംമാറുന്നുണ്ടെങ്കില്‍ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ പേരും മതവും മാറ്റാതിരിക്കാന്‍ യാതൊരു പഴുതുമില്ല. റേഷന്‍ കാര്‍ഡ്‌ മുതല്‍ പാസ്പോര്‍ട്ട്‌ വരെയുള്ള ആവശ്യങ്ങള്‍ക്കും ജോലിസംബന്ധമായ രേഖകളിലും മതംമാറ്റം ഔദ്യോഗികമായി രേഖപ്പെടുത്താതെ കുടുംബജീവിതം നയിക്കുക സാധ്യമല്ല. എന്നിരിക്കെ, വിദ്യാസമ്പന്നരും പ്രഫഷനലുകളുമായ ഹിന്ദു, ക്രിസ്ത്യന്‍ യുവതികളെ തട്ടിയെടുത്തു മതത്തിനു 'മുതല്‍ക്കൂട്ടുണ്ടാക്കുക'യാണു ജിഹാദി റോമിയോമാര്‍ ലക്ഷ്യമിടുന്നതെന്നാണു സംഘപരിവാരവും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്‌. അതേസമയം, വിദ്യാസമ്പന്നരായ യുവതികളുടെ ഔദ്യോഗിക രേഖകള്‍ മറച്ചുവച്ച്‌ അവരെ എങ്ങനെയാണു സമുദായ നേട്ടത്തിന്‌ ഉപയോഗപ്പെടുത്തുകയെന്ന ന്യായമായ ചോദ്യത്തിന്‌ സംഘപരിവാരമോ മാധ്യമങ്ങളോ വിശദീകരണം നല്‍കുന്നുമില്ല. സര്‍ക്കാര്‍ ഗസറ്റുകളില്‍ വിജ്ഞാപനം ചെയ്യാതെ മതംമാറ്റംകൊണ്ടുള്ള 'നേട്ടങ്ങള്‍' സാധ്യമല്ലെന്നിരിക്കെ ഗസറ്റുകളിലും വിജ്ഞാപനങ്ങളിലുമൊന്നും അതിന്റെ കണക്കുകള്‍ കാണുന്നില്ലെങ്കില്‍ അത്തരം മതംമാറ്റങ്ങള്‍ നടക്കുന്നില്ലെന്നു തന്നെയാണ്‌ അര്‍ഥം. യഥാര്‍ഥ സംഭവങ്ങളോ കണക്കുകളോ കൂട്ടിനില്ലാത്തതുകൊണ്ടുതന്നെയാണ്‌ സംഘപരിവാരവും മുസ്ലിംവിരുദ്ധ മാധ്യമങ്ങളും കെട്ടുകഥകളുമായി സമുദായത്തെ വേട്ടയാടുന്നത്‌.

മിഥുലയും ബിനോ ജേക്കബും പ്രണയിച്ചതു ഇസ്ലാമിനെ

'ലൗ ജിഹാദ്‌ തീവ്രവാദ'ത്തിന്റെ ഇരകളെന്ന്‌ പോലിസും മാധ്യമങ്ങളും വിശേഷിപ്പിക്കുന്ന പത്തനംതിട്ടയിലെ എം.ബി.എ വിദ്യാര്‍ഥിനികള്‍ യഥാര്‍ഥത്തില്‍ ആദ്യം പ്രണയിച്ചതു യുവാക്കളെയായിരുന്നില്ല; ഇസ്​‍്ലാമിനെയായിരുന്നു. മിഥുലയുടെയും ബിനോ ജേക്കബിന്റെയും സത്യാന്വേഷണത്തിനിടയിലെ ആകസ്മിക നിമിത്തങ്ങള്‍ മാത്രമായിരുന്നു ഷഹന്‍ഷായും സിറാജുദ്ദീനും.

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയായ മിഥുലയാണ്‌ ആദ്യം ഇസ്ലാമിലേക്ക്‌ ആകൃഷ്ടയായത്‌. സത്യസായി ഭക്തരായിരുന്നു മിഥുലയുടെ കുടുംബം. സായിദര്‍ശനങ്ങള്‍ക്കു വിരുദ്ധമായി മാതാപിതാക്കളും ബന്ധുക്കളും വിഗ്രഹാരാധനയിലേക്കു വഴിതിരിഞ്ഞതാണ്‌ യുവതിയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചതു. സായിദര്‍ശനങ്ങളും വിഗ്രഹാരാധനയും താരതമ്യം ചെയ്തുകൊണ്ടുള്ള അന്വേഷണങ്ങള്‍ക്കിടെ ഇന്റര്‍നേറ്റ​‍്‌ വഴി ഇസ്ലാമിനെ പരിചയപ്പെട്ടു. ആള്‍ദൈവ ഭക്തിയുടെ പൊള്ളത്തരങ്ങള്‍ ബോധ്യപ്പെട്ട പെണ്‍കുട്ടി ഇസ്ലാമിനെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാനിറങ്ങി. ഇതിനിടെ ഹോസ്റ്റല്‍ ര്‍റൂംമേറ്റായ ബിനോ ജേക്കബുമായും ആശയങ്ങള്‍ പങ്കുവച്ചു. ഒന്നരവര്‍ഷം മുമ്പു രണ്ടുപേരും മനസ്സാ ഇസ്ലാം വരിച്ചു. നമസ്കാരവും ഖുര്‍ആനും പഠിക്കാനുള്ള നിരന്തര ശ്രമത്തിനിടെയാണ്‌ മിഥുലയും ബിനോയും കോളജിലെ ആദ്യ ഹീറോയും നല്ലനടപ്പുകാരനുമായ ഷഹന്‍ഷായെ പരിചയപ്പെട്ടത്‌.

ഷഹന്‍ഷാ വഴി രണ്ടുപേരും സിറാജുദ്ദീനെയും പരിചയപ്പെട്ടു. യുവാക്കളുമായി അടുക്കുംമുമ്പ്‌ പെണ്‍കുട്ടികള്‍ ഇസ്ലാമിനെ അടുത്തറിയാനും മുസ്ലിംകളുമായി അടുത്തിടപഴകാനും താല്‍പ്പര്യം പുലര്‍ത്തിയിരുന്നു. ഷഹന്‍ഷായുടെയും സിറാജുദ്ദീന്റെയും ഇടപഴകലോടെ ഇസ്ലാമിലേക്കുള്ള അവരുടെ നീക്കങ്ങള്‍ വ്യവസ്ഥാപിത രൂപത്തിലായെന്നുമാത്രം.

മിഥുലയെ ഷഹന്‍ഷായെക്കൊണ്ട്‌ വിവാഹം ചെയ്യിക്കണമെന്നാവശ്യപ്പെട്ട്‌ ബിനോ ജേക്കബ്‌ ഷഹന്‍ഷായുടെ ഉമ്മയെ സമീപിച്ചിരുന്നു. എന്നാല്‍, വിവാഹത്തിനു സമ്മതമല്ലെന്നാണു മാതാവ്‌ പ്രതികരിച്ചതു. റമദാണ്‌ തൊട്ടുമുമ്പ്‌ മിഥുലയും ബിനോയും ഹോസ്റ്റലില്‍ നിന്നു നമസ്കരിക്കുന്നത്‌ മറ്റു കുട്ടികള്‍ കണ്ടു. അവര്‍ കോളജ്‌ മാനേജ്‌മന്റിനെ അറിയിച്ചു. തുടര്‍ന്നു ബന്ധുക്കള്‍ വിവരമറിഞ്ഞു. ഇതോടെയാണു മാധ്യമങ്ങളുടെ രംഗപ്രവേശം. അവര്‍ കഥകള്‍ മെനഞ്ഞു.

സ്വമേധയാ മതംമാറിയതാണെന്നു കോടതിയില്‍ ആദ്യം മൊഴി നല്‍കിയ യുവതികള്‍ പിന്നീടു മൊഴിമാറ്റിയതിനും യുവാക്കളെ അവഗണിച്ചതിനും പിന്നില്‍ കടുത്ത സമ്മര്‍ദ്ദവും ഭീഷണിയുമുണ്ടായതായുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്‌. ഉന്നത പോലിസ്‌ ഉദ്യോഗസ്ഥര്‍ക്കും ബി.ജെ.പി നേതാക്കള്‍ക്കും പുറമെ, തിരുവനന്തപുരത്തെ കോണ്‍ഗ്രസ്‌ നേതാവും യുവതികളെ പി‌ന്തിരിപ്പിക്കാനും യുവാക്കളെ തീവ്രവാദക്കേസില്‍ കുടുക്കാനും രംഗത്തുണ്ടായിരുന്നുവേന്നാണു വിവരം.

(Source)

No comments:

Post a Comment