Friday, October 23, 2009

പ്രണയിച്ച്‌ ലൈംഗികച്ചൂഷണത്തിനിരയാക്കി മോഹന്‍കുമാര്‍ കൊന്നത്‌ 25ലധികം സ്ത്രീകളെ

നാരായണന്‍ കരിച്ചേരി

മംഗലാപുരം: മംഗലാപുരം: ബണ്ട്വാള്‍ കന്യാനയിലെ സ്കൂള്‍ അധ്യാപകനായിരുന്ന മോഹന്‍കുമാര്‍ എന്ന ആനണ്ട്‌ പ്രണയിച്ചു വിവാഹവാഗ്ദാനം നല്‍കി ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്‌ 25ഓളം സ്ത്രീകളെയെന്നു പോലിസ്‌. എന്നാല്‍, പൈശാചികമായ ഡ്രാക്കുള മോഡല്‍ കൊലപാതകപരമ്പര പുറത്തുവന്നതോടെ പൊളിഞ്ഞുപോയതു സംഘപരിവാരത്തിന്റെ ലൗ ജിഹാദ്‌ ഹിഡന്‍ അജണ്ടയാണ്‌. പാവപ്പെട്ട കുടുംബത്തിലെ സ്ത്രീകളെ കാണാതായതിന്റെ ഉത്തരവാദിത്തം മുസ്ലിം യുവാക്കളുടെ പേരില്‍ ആരോപിക്കുകയായിരുന്നു മംഗലാപുരം കേന്ദ്രീകരിച്ചുള്ള സംഘപരിവാരം.

വര്‍ഗീയകലാപങ്ങളുണ്ടാക്കി മുതലെടുപ്പ്‌ നടത്തിക്കൊണ്ടിരിക്കുന്ന ഇവിടത്തെ സംഘപരിവാരശക്തികളുടെ അവസാനത്തെ ആയുധമായിരുന്നു കാണാതാവുന്ന പെണ്‍കുട്ടികള്‍. ബണ്ട്വാളിലെ അനിതയെന്ന യുവതിയെ മൂന്നുമാസം മുമ്പു കാണാതായ സംഭവത്തില്‍ ബി.ജെ.പി നേതൃത്വത്തില്‍ ബജ്‌രംഗ്ദളും ആര്‍.എസ്‌.എസുകാരും ലൗ ജിഹാദ്‌ എന്ന പേരില്‍ വര്‍ഗീയമുതലെടുപ്പിനായി ഇറങ്ങിയിരുന്നു. അനിതയടക്കമുള്ള യുവതികളെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ ഒരാഴ്ച മുമ്പു ബണ്ട്വാള്‍ പോലിസ്‌ സ്റ്റേഷന്‌ മുന്നില്‍ നടത്തിയ ധര്‍ണയ്ക്കു നേതൃത്വം കൊടുത്തതു മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ നാഗരാജ ഷെട്ടിയും ഇവിടത്തെ മഠാധിപതിയായ ഒരു സ്വാമിയും ബജ്‌രംഗ്ദള്‍ നേതാക്കളുമായിരുന്നു. ഇതേത്തുടര്‍ന്ന്‌ പോലിസ്‌ നടത്തിയ വിശദമായ അന്വേഷണത്തിലാണ്‌ അധ്യാപകനായ മോഹന്‍കുമാറിന്റെ കിരാതകൊലപാതകങ്ങള്‍ വെളിപ്പെട്ടത്‌. അതിനിടെ, കാണാതായ യുവതിയുടെ ഉത്തരവാദിത്തം ഭീകരപ്രവര്‍ത്തകരില്‍ ചാര്‍ത്തിവയ്ക്കാനും പോലിസ്‌ ശ്രമിച്ചിരുന്നു. എന്നാല്‍, ആര്‍.എസ്‌.എസ്സിന്റെ അനുഭb ‍ാവിവൃന്ദത്തില്‍പ്പെട്ടയാളെന്നു സംശയിക്കുന്ന ഒരാള്‍ തന്നെ കൊലയാളിയായതോടെ സംഘപരിവാരത്തിനു മിണ്ടാട്ടമില്ലാതായി.

കാസര്‍കോഡ്‌ താലൂക്കില്‍ നിന്നും ദക്ഷിണ കാനറ ജില്ലകളില്‍ നിന്നുമായി മോഹന്‍കുമാര്‍ വിവാഹവാഗ്ദാനം നല്‍കി ക്ഷേത്രദര്‍ശനത്തിന്റെയും മറ്റും പേരുപറഞ്ഞു കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ യുവതികളുടെ എണ്ണം 25ഓളം വരുമെന്നാണു ദക്ഷിണ കാനറ പോലിസിനുള്ള വിവരം. 18 കൊലപാതകങ്ങളാണ്‌ ഇതുവരെയായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്‌. എന്നാല്‍, കൊലപ്പെടുത്തിയ പല സ്ത്രീകളുടെയും പേരു വ്യക്തമായിട്ടില്ല. കഴിഞ്ഞ ജൂണ്‍ 17നു ബണ്ട്വാളില്‍ നിന്നു കാണാതായ 22കാരി അനിതയുടെ ഫോണില്‍ നിന്നു ലഭിച്ച കാളുകള്‍ തേടിപ്പിടിച്ചാണു ഞെട്ടിക്കുന്ന തെളിവുകള്‍ പോലിസ്‌ ശേഖരിച്ചതു. ഇതേ ഫോണില്‍ നിന്നു കാണാതായ നിരവധി പെണ്‍കുട്ടികളുടെ നമ്പറുകളിലേക്കും മോഹന്‍കുമാറിന്റെ ഫോണിലേക്കു വിളിയുണ്ടായിരുന്നു. ഇരകളുടെ സിംകാര്‍ഡുകളും മൊബെയില്‍ ഫോണുകളും മോഹന്‍കുമാര്‍ സ്വന്തമാക്കിയിരുന്നുവേന്ന്‌ ഐ.ജി പി ഗോപാല്‍ ഹോസൂര്‍ പറഞ്ഞു.

ബസ്സ്റ്റാന്റുകളില്‍ വച്ചും ഫോണിലൂടെയും പരിചയപ്പെടുന്ന യുവതികളെ വലയില്‍പ്പെടുത്തി സ്ത്രീധനമില്ലാതെ വിവാഹം നടത്താമെന്നു വഗ്ദാനം നല്‍കും. പിന്നീടു ക്ഷേത്രദര്‍ശനത്തിനാണെന്നും പറഞ്ഞു മൈസൂര്‍, ബാംഗ്ലൂര്‍, മടിക്കേരി, ഹാസന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോവും. അവിടങ്ങളിലെ ബസ്സ്റ്റേഷനടുത്തുള്ള താഴ്‌ന്ന ഹോട്ടലുകളുകളില്‍ മുറിയെടുത്തു രാപ്പകല്‍ പീഡിപ്പിക്കും. പിറ്റേദിവസം രാവിലെ അടുത്തുള്ള ക്ഷേത്രത്തിലേക്കാണെന്നും പറഞ്ഞ്‌ അവിടെ നിന്നുമിറങ്ങും. ക്ഷേത്രദര്‍ശനത്തിനു പോവുമ്പോള്‍ ആഭരണങ്ങള്‍ പാടില്ലെന്നു പറഞ്ഞു മുറിയില്‍ ഊരിവയ്ക്കാനും ആവശ്യപ്പെടും.

ബസ്സ്റ്റേഷനിലെത്തിയാല്‍ ഗര്‍ഭംധരിക്കാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞു മോഹന്‍കുമാര്‍ കൈയില്‍ കരുതിയിരുന്ന പൊട്ടാസ്യം സയനേഡ്‌ യുവതികള്‍ക്കു നല്‍കി ബസ്സ്റ്റേഷനിലെ കക്കൂസിലേക്കു പറഞ്ഞയക്കുകയാണു പതിവേന്നും ഐ.ജി വെളിപ്പെടുത്തി. യുവതി മരിച്ചെന്ന്‌ ഉറപ്പായാല്‍ മുറിയില്‍ തിരിച്ചുവന്ന്‌ ആഭരണങ്ങളെടുത്തു പുതിയ ഇരയെ തേടി നാട്ടിലേക്കു തിരിച്ചുവരും.

മരിച്ചനിലയില്‍ കണ്ടെത്തിയ യുവതികള്‍ ആത്മഹത്യ ചെയ്തത്താണെന്നു ലോക്കല്‍ പോലിസ്‌ റിപോര്‍ട്ടെഴുതുകയായിരുന്നു പതിവ്‌. ഇതുതന്നെയാണ്‌ എല്ലാ കൊലപാതകങ്ങളുടെയും രീതിയെന്നും ഐ.ജി പി ഹോസൂര്‍ തേജസിനോടു പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീകളില്‍ നാലുപേര്‍ ബണ്ട്വാളില്‍ നിന്നും മൂന്നുപേര്‍ പുത്തൂരില്‍ നിന്നും രണ്ടുപേര്‍ സുള്ള്യയില്‍ നിന്നും അഞ്ചുപേര്‍ കാസര്‍കോട്ടു നിന്നും രണ്ടുപേര്‍ ബല്‍ത്തങ്ങാടിയില്‍ നിന്നുമുള്ളവരാണ്‌. മംഗലാപുരം, മൂഡുബിദ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്‌. ദേര്‍ലക്കട്ടയില്‍ മൂന്നാംഭാര്യയോടൊപ്പം താമസിക്കുന്നതിനിടെ ബുധനാഴ്ചയാണു മോഹനന്‍കുമാറിനെ ബണ്ട്വാള്‍ പോലിസ്‌ അറസ്റ്റ്‌ ചെയ്തത്‌.

ബണ്ട്വാളിലെത്തന്നെ ഒരു പ്ര്ഐമറി സ്കൂളിലെ 22 വര്‍ഷത്തെ 'സേവന'ത്തിനുശേഷം അഞ്ചുവര്‍ഷം മുമ്പു രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണു പുതിയ വഴി കണ്ടെത്തിയത്‌. 10 വര്‍ഷം മുമ്പു തന്റെ വിവാഹ അഭ്യര്‍ഥന നിരസിച്ച രത്നയെന്ന പെണ്‍കുട്ടിയെ ധര്‍മസ്ഥലയില്‍ കൊണ്ടുപോയി നേത്രാവതിപ്പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചതാണു തുടക്കം.

എന്നാല്‍, അന്നു തെളിവുകളില്ലാത്തതിനാല്‍ പ്രതി രക്ഷപ്പെട്ടു. അവസാനം കൊല്ലപ്പെട്ട ബണ്ട്വാളിലെ അനിതയുടെ ആഭരണങ്ങളും നാലു മൊബെയില്‍ ഫോണുകളും എട്ടു സയനേഡ്‌ ഗുളികകളും പോലിസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇനിയും ചില യുവതികളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകള്‍ തെളിയാനുണ്ടെന്നും ബണ്ട്വാള്‍ പോലിസ്‌ പറഞ്ഞു.

രണ്ടാമത്തെ സംഭവം

കാസര്‍കോഡ്‌: നിരവധി യുവതികളെ പൈശാചികമായി കൊലപ്പെടുത്തിയത്‌ രാജ്യത്ത്‌ ഇതുവരെയുണ്ടായ വേറിട്ട സംഭവങ്ങളില്‍ രണ്ടാമത്തേത്‌. ഇതുപേലെ മറ്റൊരു സംഭവമുണ്ടായത്‌ 2006ല്‍ ഉത്തര്‍പ്രദേശിലെ നോയ്ഡയിലായിരുന്നു. ഇരുപത്തഞ്ചോളം കുട്ടികളെയായിരുന്നു വ്യവസായിയായിരുന്ന മുനീന്ദര്‍ സിങ്‌ പാന്ഥറും അദ്ദേഹത്തിന്റെ വീട്ടുവേലക്കാരന്‍ സുരേന്ദ്ര കോലിയും ചേര്‍ന്നു ദാരുണമായി കൊലപ്പെടുത്തിയത്‌.

(Source)

No comments:

Post a Comment