ലൗ ജിഹാദ്, റോമിയോ ജിഹാദ് തുടങ്ങിയ സംഘടനകള്‍ സംസ്ഥാനത്ത് കാംപസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയതായി വിവരം ലഭിച്ചതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണ് കോടതി പറയുന്നത്. അന്യമതസ്ഥരായ പെണ്‍കുട്ടികളെ ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്യാനായി മുസ്ലിംകള്‍ക്കിടയില്‍ മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്നവയാണ് ഈ സംഘടനകളെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
സ്ഫോടനാത്മകമായാണ് ലൗ ജിഹാടെന്ന കോടതിയുടെ പരാമര്‍ശവും നിരീക്ഷണങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാല്‍, ഈ വിവരങ്ങള്‍ കോടതിക്ക് എവിടെനിന്നു ലഭിച്ചുവേന്നത് ഇതു സംബന്ധിച്ച വാര്‍ത്തകളിലൊന്നും കണ്ടില്ല. സമൂഹത്തില്‍നിന്നു നേരിട്ട് കോടതികള്‍ക്ക് വിവരങ്ങള്‍ ലഭിക്കാന്‍ രാജ്യത്തു സംവിധാനമില്ല.
കേസുകളും സാമൂഹിക സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രോസിക്യൂഷനാണ് കോടതികള്‍ക്കു കൈമാറാറ്. അന്വേഷണ ഏജന്‍സികള്‍ വഴി ആഭ്യന്തര വകുപ്പ് സമാഹരിക്കുന്ന പൊതുവിവരങ്ങളും കേസ് വിവരങ്ങളും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലോ ആ വകുപ്പോ വഴി തന്നെയാണ് കോടതികളില്‍ എത്തുന്നത്.
ലൗ ജിഹാദ്, റോമിയോ ജിഹാദ് തുടങ്ങിയ പേരുകളില്‍ മുസ്ലിം തീവ്രവാദികള്‍ പെണ്‍കുട്ടികളെ മതം മാറ്റുന്നതായി ഒരു കേസ് പോലും സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഇത്തരം സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി സംസ്ഥാന ആഭ്യന്തര വകുപ്പ് കണ്ടെത്തിയിട്ടുമില്ല. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലോ അദ്ദേഹത്തിന്റെ ഓഫിസോ ഇത്തരം വിവരങ്ങള്‍ കോടതിക്കു നല്‍കിയിട്ടുമില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
പിന്നെയെങ്ങനെ 'ജിഹാദ്' എന്ന വിശുദ്ധമായ ഇസ്ലാമിക സംജ്ഞയെ അപകീര്‍ത്തിപ്പെടുത്തുകയും കാംപസുകളിലെ മുസ്ലിം യുവത്വത്തെയപ്പാടെ പ്രതിക്കൂട്ടിലാക്കുകയും ചെയ്ത പരാമര്‍ശങ്ങള്‍ കോടതിരേഖകളില്‍ ഇടം നേടി എന്നത് പ്രസക്തമായ ചോദ്യമാണ്. നിര്‍ദോഷമോ ലഘുവായതോ ആയ പരാമര്‍ശങ്ങളല്ല കോടതി നടത്തിയത്. മതസ്പര്‍ധ വളര്‍ത്തുന്നതും ജുഗുപ്സാവഹവുമായ സംഘപരിവാരഭാഷ ജസ്റ്റിസ് ശങ്കരന്‍ അതേപടി കടമെടുക്കുകയായിരുന്നു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജുവാണ് 'ലൗ ജിഹാദ്' എന്ന പ്രയോഗവുമായി ഇക്കഴിഞ്ഞ സപ്തംബര്‍ 1ന് ആദ്യമായി രംഗത്തുവന്നത്. പ്രണയത്തിലൂടെ ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്ന സംസ്ഥാനത്തെ നാലു മുസ്ലിം മതപരിവര്‍ത്തനകേന്ദ്രങ്ങളിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തുമെന്നായിരുന്നു ബിജുവിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് മുസ്ലിം തീവ്രവാദകേന്ദ്രങ്ങളില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഹിന്ദു യുവതികളുടെ 'കണക്കും' അദ്ദേഹം പുറത്തുവിട്ടിരുന്നു.
പക്ഷേ, ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച് പ്രഖ്യാപനത്തിലൊതുങ്ങി. മാര്‍ച്ചും റെയ്ഡും തടയാനൊന്നും ആരും രംഗത്തുവന്നില്ലെങ്കിലും ബിജുവും കൂട്ടരും വീട്ടിലിരുന്നു. 972 ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം തീവ്രവാദികള്‍ തടവില്‍ പാര്‍പ്പിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നതായി പ്രസ്താവനയിറക്കിയെങ്കിലും ഇതു സംബന്ധിച്ച് ഒരു വെള്ളക്കടലാസില്‍ പോലിസില്‍ പരാതി നല്‍കാന്‍ പോലും ഹിന്ദുത്വര്‍ തയ്യാറായതുമില്ല.
അങ്ങനെയിരിക്കെയാണ് ബി.ജെ.പി മുഖപത്രത്തില്‍ ലൗ ജിഹാദിനെതിരേ പരമ്പര ആരംഭിച്ചതു. ജന്‍മഭൂമി വക 'ജിഹാദി റോമിയോ' എന്ന പ്രയോഗവും മലയാളഭാഷയ്ക്കു പുതുതായി ലഭിച്ചു. 2006ലാണ് ജിഹാദി റോമിയോകള്‍ കേരളത്തിലെത്തിയതെന്നായിരുന്നു ജന്‍മഭൂമിയുടെ കണ്ടെത്തല്‍. ലൗ ജിഹാദിന്റെ മറവില്‍ സംസ്ഥാനത്തു നടക്കുന്ന മതപരിവര്‍ത്തനങ്ങളെക്കുറിച്ച് 'കണക്കു' നിരത്തിയ ജന്‍മഭൂമി സംസ്ഥാനത്ത് നടന്ന സംഭവങ്ങളുടെയും രക്ഷപ്പെട്ടവരുടെയും കേസുകളുടെ എണ്ണവും വിശദീകരിച്ചിരുന്നു.
ഹിന്ദു പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്ന കേന്ദ്രങ്ങളെയും വ്യക്തികളെയും സംഘടനകളെയുമൊക്കെ ജന്‍മഭൂമി വള്ളിപുള്ളി വിടാതെ അവതരിപ്പിച്ചിട്ടും ആ വഴിക്ക് ഒരന്വേഷണം ആവശ്യപ്പെട്ട് സംഘപരിവാരത്തിലെ സ്ഥിരം പ്രസ്താവനാ സുരേന്ദ്രന്‍മാര്‍ പോലും രംഗത്തുവന്നതുമില്ല.
ലൗ റോമിയോമാര്‍ക്കെതിരായ അന്വേഷണത്തില്‍ കണ്ടെത്തിയ ''കരള്‍ പിളര്‍ക്കുന്ന കണക്കുകളും വിവരങ്ങളും' ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറി 'ഭാരതസ്ത്രീ തന്‍ ഭാവശുദ്ധി' കാക്കാന്‍ പരമ്പര എഴുതിയ ലേഖകനോ പ്രസിദ്ധീകരിച്ച പത്രാധിപരോ മിനക്കെട്ടതുമില്ല.
മുസ്ലിം വിരുദ്ധ സംഘപരിവാര നുണപ്രചാരണങ്ങളുടെ സ്വാഭാവിക പതനം തന്നെയാണ് ജന്‍ംഅഭൂമി പരമ്പരയ്ക്കും സംഭവിച്ചതു. പക്ഷേ, മാധ്യമസംഘികളുടെ മുസ്ലിംവിരുദ്ധ നിഘണ്ടുവിലേക്ക് ലൗ ജിഹാദ്, ജിഹാദി റോമിയോ തുടങ്ങിയ പുതിയ പ്രയോഗങ്ങള്‍ ബി.ജെ.പി പത്രം വക ബാക്കിയായി.
അടുത്ത ഊഴം കേരളശബ്ദത്തിന്റേതായിരുന്നു. പ്രണയം നടിച്ച് 500 കോളജ് വിദ്യാര്‍ഥിനികളെ അടുത്ത കാലത്ത് സംസ്ഥാനത്ത് ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്തായും ഇതില്‍ 120 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട് തിരിച്ചെത്തിയതായി പോലിസിനു വിവരം ലഭിച്ചതായും കേരളശബ്ദം വെളിപ്പെടുത്തി. കേരളത്തിലെ കാംപസുകളില്‍ നിന്ന് 940 അമുസ്ലിം പെണ്‍കുട്ടികളെ ഇത്തരത്തില്‍ കാണാതായെന്ന് ഇന്റലിജന്‍സിനു വിവരം ലഭിച്ചെന്നും കേരളശബ്ദം തട്ടിവിട്ടു.
പോലിസിനെയും വീരപ്പനെയും ഉദ്ധരിച്ച് ഏതു പത്രക്കാരനും എന്തുമെഴുതാമെന്ന പത്രക്കാര്‍ക്കിടയിലെ തമാശ എം ആര്‍ അജയന്‍ ലേഖനത്തിലൂടെ വീണ്ടും ഓര്‍മിപ്പിച്ചതു മിച്ചം.
ജിഹാദി റോമിയോമാരെ ഇതിനിടയില്‍ കോട്ടയം പത്രങ്ങള്‍ ഏറ്റെടുത്ത് വിവാദം 'ലൈവാ'ക്കി. പ്രണയദിനം ആഘോഷിച്ച് കമ്പനി ടേണോവര്‍ ശക്തിപ്പെടുത്തുന്ന മനോരമയും മംഗളവുമൊക്കെ ജിഹാദി റോമിയോമാരുടെ മണിയറക്കഥകള്‍ ഭാവനയില്‍ മെനഞ്ഞു. അപ്പോഴും പക്ഷേ, കേരളത്തിലെ ഒരു പോലിസ് സ്റ്റേഷനിലും ലൗ ജിഹാദോ ജിഹാദി റോമിയോമാരോ എഫ്.ഐ.ആറിലോ കേസ് രജിസ്റ്ററുകളിലോ ഇടം നേടിയിരുന്നില്ല.
തൃപ്പൂണിത്തുറ പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട രണ്ടു കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സപ്തംബര്‍ 30ന് പൊടുന്നനെ ഹൈക്കോടതി മുറിയിലും പിന്നീട് ലൗ ജിഹാദ്, ജിഹാദി റോമിയോ തുടങ്ങിയ പ്രയോഗങ്ങള്‍ മുഴങ്ങിയത്.
സംഘപരിവാരം പ്രയോഗിച്ച അപകടകരമായ വാക്കുകള്‍ കോടതി അതേപടി ആവര്‍ത്തിച്ചതില്‍ മാത്രമല്ല ദുരൂഹത.
2006 മുതല്‍ സംസ്ഥാനത്ത് ലൗ ജിഹാദ് സംഘടന പ്രവര്‍ത്തിക്കുന്നുവേന്ന ബി.ജെ.പി മുഖപത്രത്തിന്റെ ആരോപണം പോലും കോടതി അന്വേഷണ ഉത്തരവില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
മാത്രവുമല്ല, 'മുസ്ലിം തീവ്രവാദ' ആരോപണത്തിനു കോപ്പുകൂട്ടാന്‍ സംഘപരിവാരം പതിവായി ഉപയോഗിക്കാറുള്ള കള്ളനോട്ട്, മയക്കുമരുന്ന്, രാജ്യാന്തര തീവ്രവാദബന്ധം, വിദേശ പണമൊഴുക്ക് തുടങ്ങിയ മസാലക്കൂട്ടുകള്‍ കോടതി പരാമര്‍ശങ്ങളില്‍ ഇടം നേടിയതും ശ്രദ്ധേയമാണ്.
ഒരു സുപ്രിംകോടതി ജഡ്ജി, താടിവയ്ക്കുന്നത് താലിബാന്‍വല്‍ക്കരണമാണെന്നു പറഞ്ഞ് വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍, മാന്യനായ ആ ന്യായാധിപന്‍ തന്റെ തെറ്റു സമ്മതിക്കുകയും തന്റെ പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
വികാരം കൊള്ളാതെ വസ്തുതകള്‍ പരിശോധിച്ച് വിധി പറയേണ്ടവരാണ് കോടതികള്‍. ആര്‍.എസ്.എസ് സംജ്ഞാവലി പകര്‍ത്തിയെഴുതുമ്പോള്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്കാണ് പരിക്കേല്‍ക്കുന്നത്.
(അവസാനിച്ചു)
കിളിമാനൂറില്‍ മൂന്നു വര്‍ഷത്തിനിടെ പ്രണയക്കുരുക്കില്‍ അകപ്പെട്ടത് 350ഓളം മുസ്ലിം പെണ്‍കുട്ടികള്‍
കിളിമാനൂര്‍: തിരുവനന്തപുരം ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നു മാത്രം കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 350ഓളം മുസ്ലിം പെണ്‍കുട്ടികളെ അന്യമതസ്ഥരായ യുവാക്കള്‍ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയിട്ടുള്ളതായി കണക്കുകള്‍. ചിറയിന്‍കീഴ്, നെടുമങ്ങാട് താലൂക്ക് പ്രദേശങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ വ്യാപകമായി നടക്കുന്നതെന്ന് പോലിസ് സ്റ്റേഷനുകളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പെണ്‍കുട്ടികളില്‍ അധികവും ജാതിയും മതവുമൊന്നും നോക്കാതെ മാതാപിതാക്കളെയും ബന്ധുക്കളെയുമൊക്കെ ഉപേക്ഷിച്ച് പ്രണയിച്ച യുവാക്കള്‍ക്കൊപ്പം ഇറങ്ങിത്തിരിക്കുകയായിരുന്നു. അന്യമതക്കാരായ യുവാക്കളുടെ ഭാര്യമാരായി ജീവിച്ച് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറെ ഏറ്റതിനുശേഷം സ്വഭവനങ്ങളില്‍ തിരിച്ചെത്തിയ സംഭവങ്ങളും അനവധിയുണ്ട്. പുരുഷന്‍മാര്‍ വിദേശത്തുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് ഇത്തരം കുരുക്കില്‍ അകപ്പെട്ടവരില്‍ ഏറെയും.
ജില്ലയിലെ കിളിമാനൂര്‍, പാങ്ങോട്, പള്ളിക്കല്‍, കല്ലമ്പലം, വര്‍ക്കല, ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, മംഗലാപുരം, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, വേഞ്ഞാറമൂട്, പാലോട്, നെടുമങ്ങാട്, വിതുര, വട്ടപ്പാറ പോലിസ് സ്റ്റേഷനുകളില്‍ ഓരോന്നിലും 2007 മുതല്‍ 2009 സപ്തംബര്‍ വരെയുള്ള കാലയളവില്‍ ഓരോ വര്‍ഷവും പത്തിലധികം പെണ്‍കുട്ടികള്‍ അന്യമതസ്ഥരായ യുവാക്കളെ പ്രണയിച്ച് വീടു വിട്ടിറങ്ങിയതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
'ലൗ ജിഹാദ്' പ്രചാരണം ശക്തമായ കഴിഞ്ഞ സപ്തംബര്‍ മാസത്തില്‍ കിളിമാനൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം മൂന്നു മുസ്ലിം പെണ്‍കുട്ടികളെയാണ് അന്യമതസ്ഥരായ യുവാക്കള്‍ തട്ടിക്കൊണ്ടുപോയത്. പഠനത്തിനിടയില്‍ പ്രണയിച്ച് ഐ.ടി മേഖലയിലെ യുവാവുമൊത്ത് ഇറങ്ങിപ്പോയ പെണ്‍കുട്ടി ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ ഉപേക്ഷിക്കപ്പെട്ട് തിരികെയെത്തിയിരുന്നു.
പാങ്ങോട് ഭരതന്നൂര്‍ സ്വദേശിനിയായ മുസ്ലിം പെണ്‍കുട്ടിയെ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല.
സ്വകാര്യ ബസ്, ഓട്ടോ എന്നിവയിലെ ആര്‍.എസ്.എസുകാരായ ജീവനക്കാരാണ് മുസ്ലിം പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ അകപ്പെടുത്തുന്നതിലെ വിരുതന്മാര്‍.
No comments:
Post a Comment