കൊച്ചി: മതപരിവര്‍ത്തനം സംബന്ധിച്ച കേസില്‍ യുവാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ലൗ ജിഹാടെന്നും റോമിയോ ജിഹാദ് എന്നുമുള്ള ജഡ്ജിയുടെ പദപ്രയോഗം നീതിന്യായ വ്യവസ്ഥയ്ക്കു വിരുദ്ധമാണെന്ന് എം.ഇ.എസ് നേതാവ് ഡോ.ഫസല്‍ ഗഫൂര്‍.
ഇത്തരം പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ക്കു ചേര്‍ന്നതല്ല. ജഡ്ജിമാരുടെ ഉള്ളിലുള്ള വിരോധമാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നത്. ഇതിനു മുമ്പും ജഡ്ജിമാരുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഖുര്‍ആന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്താ ഹൈക്കോടതില്‍ ഫയല്‍ ചെയ്ത കേസ് പരിഗണിക്കവേ ജഡ്ജി മോശമായ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. ബാബരി മസ്ജിദ് വിഷയം സങ്കീര്‍ണമാക്കിയതും കോടതികളുടെ പലപ്പോഴുള്ള പരാമര്‍ശങ്ങളാണ്. മതം, ജാതി, സംവരണം, മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളില്‍ ജഡ്ജിമാര്‍ പലപ്പോഴും അപക്വമായ പരാമര്‍ശങ്ങളാണ് നടത്തുന്നത്.
സാമൂഹിക വിഷയങ്ങളില്‍ രാജ്യത്തെ ബഹുസ്വരതയെ ഉള്‍ക്കൊണ്ടാവണം പരാമര്‍ശം നടത്താന്‍. മതപരിവര്‍ത്തനം മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജഡ്ജിമാര്‍ കുറച്ചു കൂടി പക്വത കാണിക്കണം. ഷാബാനു കേസിലും മുസ്ലിം സമൂഹത്തിനെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു.
ഏക സിവില്‍ കോഡ് രാജ്യത്തിന് അഭികാമ്യമാണെന്നും മുസ്‍്ലിംകളാണ് അതിനു തടസ്സമെന്നും പല തവണ ജഡ്ജിമാര്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് ജുഡീഷ്യറിയെ സംബന്ധിച്ചുള്ള വിശ്വാസ്യത തന്നെ നഷ്ടപ്പെടാന്‍ ഇടയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(Source)
No comments:
Post a Comment