ലൗ ജിഹാദിനെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിക്ക് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: പ്രണയം നടിച്ചു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്ന ലൗ ജിഹാദ്, റോമിയോ ജിഹാദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം ഇതേക്കുറിച്ചു റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ജസ്റ്റിസ് കെ ടി ശങ്കരന്‍ നിര്‍ദേശം നല്‍കി.
പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം, സംഘടനാ പിന്‍ബലം, കേരളത്തിനു പുറത്തും രാജ്യാന്തരതലത്തിലും ബന്ധമുണ്ടോ, സാമ്പത്തിക സ്രോതസ്സ്, വിദേശ സാമ്പത്തിക സഹായം, കള്ളനോട്ട്-കള്ളക്കടത്ത്-മയക്കുമരുന്ന്-തീവ്രവാദ സംഘടനാബന്ധം, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത സമാനസ്വഭാവമുള്ള കേസുകളുടെ എണ്ണം, മതപരിവര്‍ത്തനത്തിന് ഇരയായ സ്കൂള്‍- കോളജ് വിദ്യാര്‍ഥിനികളുടെ എണ്ണം എന്നീ കാര്യങ്ങള്‍ വിശദീകരിച്ച് റിപോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്.
പത്തനംതിട്ട സെന്റ് ജോണ്‍സ് കോളജിലെ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ മതംമാറ്റത്തിനു പ്രേരിപ്പിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്നാരോപിച്ച് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഉത്തരവ്.
സെന്റ് ജോണ്‍സ് കോളജിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്ന പത്തനംതിട്ട പേട്ട സ്വദേശി ഷഹന്‍ഷാ, കെ.എസ്.ആര്‍.ടി.സി താല്‍ക്കാലിക കണ്ടക്ടര്‍ പത്തനംതിട്ട സ്വദേശി സിറാജുദ്ദീന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. പോലിസ് തങ്ങളെ അറസ്റ്റ് ചെയ്യുന്നതു തടയണമെന്ന ഇവരുടെ ആവശ്യം കോടതി തള്ളി.
തൃപ്പൂണിത്തുറ ഹില്‍പാലസ്, തിരുവനന്തപുരം പേരൂര്‍ക്കട പോലിസ് സ്റ്റേഷനുകളില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നാണ് പോലിസ് കേസെടുത്തത്. കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് സമാനരീതിയിലുള്ള സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും നടന്നതായി കോടതി പറഞ്ഞു. മറ്റു സമുദായക്കാരായ പെണ്‍കുട്ടികളെ ഇസ്ലാമിലേക്കു മതപരിവര്‍ത്തനം നടത്തുകയാണ് രീതിയെന്നും കോടതി പറഞ്ഞു.
മുസ്ലിം യുവാക്കള്‍ പെണ്‍കുട്ടികളോട് പ്രണയം നടിക്കുകയും പിന്നീട് മതം മാറ്റുകയും ചെയ്യും. ഇതിനായി വന്‍തോതില്‍ പണം ലഭിക്കുന്നു. സംഘടനകളും ചില വ്യക്തികളുമാണ് പദ്ധതി നടപ്പാക്കാനായി പ്രവര്‍ത്തിക്കുന്നത്. പോപുലര്‍ ഫ്രണ്ടിന്റെ സഹായംഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. പോപുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് ഖദീജ പെണ്‍കുട്ടികളെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ സംഘടനയുടെ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ കണ്ടിരുന്നതായും കോടതി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലും ഇക്കാര്യത്തില്‍ ആവശ്യമാണെന്നു കോടതി പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പത്രിക സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി കോടതി മാറ്റി.
(Source)
No comments:
Post a Comment