കൊച്ചി: മുസ്ലിംകളെ അധിക്ഷേപിക്കാന്‍ സംഘപരിവാരം നിര്‍മിച്ച വാക്ക് കോടതി അതേപോലെ കടമെടുത്തത് നീതിന്യായ വ്യവസ്ഥയില്‍ അപൂര്‍വതയായി. മതപരിവര്‍ത്തനം നടത്തുന്നതിന് കാംപസുകള്‍ കേന്ദ്രീകരിച്ചു ലൗ ജിഹാദ് പ്രവര്‍ത്തിക്കുന്നു എന്ന സംഘപരിവാര സംഘടനകള്‍ വളരെ നാളായി നടത്തുന്ന പ്രചാരണത്തിലെ പദപ്രയോഗം അതേപടി കടമെടുത്താണ് ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ജസ്റ്റിസ് കെ ടി ശങ്കരന്‍ പോലിസ് ഡി.ജി.പിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആശയവും ആദര്‍ശവും നീതിന്യായ വ്യവസ്ഥയും സംരക്ഷിക്കാന്‍ നടത്തുന്ന ബഹുമുഖമായ ശ്രമങ്ങള്‍ക്കാണ് ഇസ്ലാമില്‍ 'ജിഹാദ്' എന്ന പദം ഉപയോഗിക്കുന്നത്. പ്രവാചകനും മുസ്ലിംലോകവും വളരെ പവിത്രമായി കാണുന്ന ഈ വാക്കിനെ അധിക്ഷേപിക്കുന്നതിനു വേണ്ടിയാണ് സംഘപരിവാരം ഇത്തരം വാക്കുകള്‍ സൃഷ്ടിക്കുന്നത്.
ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരേ പ്രചാരണം നടത്തുന്നതിനും തങ്ങളുടെ മതപരിവര്‍ത്തനശ്രമങ്ങള്‍ മൂടിവയ്ക്കുന്നതിനുമാണ് ലൗ ജിഹാദ് എന്ന വാക്കുമായി സംഘപരിവാരം രംഗത്തുവന്നത്. ചില സംഘപരിവാര സംഘടനകള്‍ ഈ പദം ഉപയോഗിച്ച് പോസ്റ്റര്‍ പ്രചാരണവും മറ്റും നടത്തിയിരുന്നു.
വിവാദം ഭയന്നതുകൊണ്ടോ മറ്റോ മുസ്ലിംകളില്‍ നിന്ന് ഈ പ്രയോഗത്തിനെതിരേ പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍, എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പുവരുത്തേണ്ട ജുഡീഷ്യറി സംഘപരിവാരത്തിന്റെ പദപ്രയോഗം കടമെടുത്തത് മുസ്ലിംകള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
ജിഹാദ് എന്ന പരിശുദ്ധമായ വാക്കിനൊപ്പം ലൗ (പ്രണയം) എന്ന പദം കൂട്ടിച്ചേര്‍ത്തു പൈങ്കിളിവല്‍ക്കരിക്കുകയാണ് സംഘപരിവാരം ചെയ്തത്. എന്നാല്‍, ആര്‍.എസ്.എസുകാരേക്കാള്‍ ഒരുപടി കൂടി കടന്ന് കോടതി ലൗ ജിഹാദ് കൂടാതെ റോമിയോ ജിഹാദ് എന്ന പദപ്രയോഗം കൂടി നടത്തിയിരിക്കുകയാണ്.
പത്തനംതിട്ട സെന്റ് ജോണ്‍സ് കോളജിലെ രണ്ടു പെണ്‍കുട്ടികള്‍ ഇസ്ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ലൗ ജിഹാദ്, റോമിയോ ജിഹാദ് എന്നീ പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്.
തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്നും വിവാഹം കഴിച്ചതെന്നും പെണ്‍കുട്ടികള്‍ ആദ്യം കോടതിയെ അറിയിച്ചിരുന്നു. സാധാരണ രീതിയില്‍ പ്രായപൂര്‍ത്തിയായവരുടെ തീരുമാനം മാനിക്കുകയും വിവാഹം കഴിക്കാനാഗ്രഹിക്കുന്നവരുടെ കൂടെ വിടുകയും ചെയ്യാറുള്ള കോടതി, പെണ്‍കുട്ടികളെ മാതാപിതാക്കളോടൊപ്പം അയക്കാനാണ് നിര്‍ദേശിച്ചതു. തുടര്‍ന്ന് പോലിസ് യുവാക്കള്‍ക്കെതിരേ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു കേസെടുത്തു.
യുവതികളുടെ മൊഴിയുണ്ടെന്നാണ് പോലിസ് പറഞ്ഞിരുന്നതെങ്കിലും പെണ്‍കുട്ടികള്‍ പിന്നീട് ഇക്കാര്യം നിഷേധിക്കുകയുണ്ടായി. എന്നാല്‍, പോലിസ് കേസ് തുടരുകയാണ് ചെയ്യുന്നത്.
പത്തനംതിട്ട സംഭവത്തിലെ ഒരു പെണ്‍കുട്ടി സംസ്ഥാന പോലിസിലെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണ്. മറ്റൊരു പെണ്‍കുട്ടിക്കു തിരുവനന്തപുരത്തെ സ്പേഷ്യല്‍ ബ്രാഞ്ചിലെ ഉന്നതോദ്യോഗസ്ഥനുമായും ബി.ജെ.പിയുടെ സംസ്ഥാന നേതാവുമായും കുടുംബബന്ധമുണ്ട്. ഇവരുടെ സമ്മര്‍ദ്ദം മൂലമാണ് യുവാക്കള്‍ക്കെതിരേ പോലിസ് കള്ളക്കേസ് ചമച്ചിരിക്കുന്നത്.
കാംപസില്‍ അമുസ്ലിംകളായ പെണ്‍കുട്ടികള്‍ മറ്റു മതത്തില്‍പ്പെട്ട യുവാക്കളുമായി വിവാഹം നടത്തുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടും ഇക്കാര്യം ഒരു സാമൂഹികപ്രശ്നമായി കോടതിയിലോ രാഷ്ട്രീയക്കാര്‍ക്കിടയിലോ ചര്‍ച്ചയായിട്ടില്ല. മറിച്ച്, പെണ്‍കുട്ടി ഇസ്ലാം സ്വീകരിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
(
Source)