Thursday, September 15, 2011

മതംമാറാൻ ബജ്‌രംഗ്ദളുകാർ ഭീഷണിപ്പെടുത്തിയതായി മുസ്ലിം യുവതി


മംഗലാപുരം: ഹിന്ദുമതത്തിലേക്ക്‌ പരിവർത്തനം ചെയ്തെന്നു മാധ്യമങ്ങളിൽ വാർത്തവന്ന മുസ്ലിംയുവതി ബജ്‌രംഗ്ദളുകാരിൽ നിന്ന്‌ സംരക്ഷണം തേടി പടിഞ്ഞാറൻ മേഖലാ പോലിസ്‌ ഐ.ജിയെ സമീപിച്ചു. 
ഉഡുപ്പി ജില്ലയിലെ സരലെബെട്ടു ശിവപാണ്ടിയിലെ ക്ഷേത്രത്തിൽ വച്ച്‌ ബുഷ്‌റ, ഭർത്താവ്‌, നാലു മക്കൾ എന്നിവർ ഹിന്ദുമതത്തിലേക്ക്‌ പരിവർത്തനം ചെയ്തെന്നു ജൂലൈ 14നാണ്‌ വാർത്തവന്നത്‌. മതം മാറിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ബജ്‌രംഗ്ദളുകാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും ബുഷ്‌റ ജൂലൈ 19നു നൽകിയ പരാതിയിൽ പറയുന്നു. കേസിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന്‌ ഐ.ജി അലോക്‌ മോഹൻ പരാതിക്കാരിക്ക്‌ ഉറപ്പു നൽകി. 
 
അഡയാറിനു സമീപം വളച്ചിലിലെ നിര്യാതനായ ഇബ്രാഹിമിന്റെ മകൾ ബുഷ്‌റയെ എട്ടുവർഷം മുമ്പ്‌ ഡ്രൈവർ ജോലി നോക്കുകയായിരുന്ന യുവാവ്‌ പ്രേമിച്ചു വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിനു മുമ്പ്‌ മതംമാറിയ ഇയാൾ ജാഫർ എന്നു പേരും സ്വീകരിച്ചു. നാലു മക്കളുമായി സംതൃപ്തജീവിതം നയിച്ചുവരവെ ജാഫർ ബജ്‌രംഗ്ദൾ പ്രവർത്തകരുമായി അടുപ്പം സ്ഥാപിച്ചു. തുടർന്ന്‌ ബജ്‌രംഗ്ദളുകാർ അഡയാറിൽ നിന്ന്‌ ഇവരെ ഉഡുപ്പിയിലെ സങ്കകട്ടെയിലേക്ക്‌ താമസം മാറ്റിച്ചു. ഒരു ദിവസം വീട്ടിലെത്തിയ ബജ്‌രംഗ്ദളുകാർ ബുഷ്‌റയെയും കുട്ടികളെയും ബലംപ്രയോഗിച്ച്‌ സമീപത്തുള്ള ക്ഷേത്രത്തിലേക്കു കൊണ്ടുപോവുകയും മതംമാറിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന്‌ പരാതിയിൽ പറയുന്നു.
 
ക്ഷേത്രത്തിൽ വച്ച്‌ തന്റെ അഭ്യർഥന അവഗണിച്ച്‌ പുരോഹിതൻ മന്ത്രങ്ങൾ ചൊല്ലിത്തന്നു. ബജ്‌രംഗ്ദളുകാർ കുട്ടികളെ കൊല്ലുമെന്ന്‌ ഭയന്ന്‌ താൻ നിശ്ശബ്ദത പാലിക്കുകയായിരുന്നു. മതംമാറിയിട്ടില്ലെന്നും ഇപ്പോഴും മുസ്ലിമാണെന്നും ബുഷ്‌റ കൂട്ടിച്ചേർത്തു. മതംമാറിയതായി വന്ന വ്യാജവാർത്തകൾ തന്നെ വേദനിപ്പിച്ചു.
 
മനോഹർ എന്ന ബജ്‌രംഗ്ദളുകാരൻ ഭർത്താവിന്റെ പിന്തുണയോടെ തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി യുവതി ഐ.ജിക്കു നൽകിയ പരാതിയിൽ പറയുന്നു.
 
ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന്‌ അറിയാമായിരുന്നിട്ടും ഭർത്താവ്‌ മനോഹറിനെ രാത്രിയിൽ വീട്ടിൽ തങ്ങാൻ അനുവാദം നൽകിയിരുന്നതായും യുവതി പറഞ്ഞു.
 
മതംമാറ്റശ്രമത്തെ തുടർന്നു കുട്ടികളുമായി ഭർത്താവിന്റെ വീടുവിട്ട യുവതി വിവാഹമോചനം നേടാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.

No comments:

Post a Comment