കോഴിക്കോട്: പ്രണയക്കെണിയൊരുക്കി മുസ്ലിം യുവതികളെ കടത്തിക്കൊണ്ടുപോവുന്ന സംഘങ്ങൾ വീണ്ടും സജീവം. വയനാട് സ്വദേശികളായ മൂന്നു യുവതികൾ അടുത്തകാലത്ത് അപ്രത്യക്ഷരായതിനു പിന്നിൽ പ്രണയം നടിച്ച് മതംമാറ്റുന്ന ആർ.എസ്.എസ് സംഘങ്ങളാണെന്നാണു സൂചന.
വെള്ളമുണ്ട കോക്കടവ് ചേരൻകണ്ടി മൊയ്തുവിന്റെ മകൾ സൗദ (26), തരുവണ പരിയാരമുക്ക് കുറുവ ബഷീറിന്റെ ഭാര്യ ഫാത്വിമ(28), കൽപ്പറ്റ മുണേ്ടരി നെടുങ്ങോട് സക്കീനയുടെ മകൾ ശാലുന്നിസ(18) എന്നിവരെയാണ് ഏതാനും ആഴ്ചകൾക്കുള്ളിൽ കാണാതായത്.
ആർ.എസ്.എസുകാരനായ കൊല്ലം സ്വദേശി വിജയനാണ് സൗദയെ കടത്തിക്കൊണ്ടുപോയത്. നിർമാണത്തൊഴിലാളിയായ വിജയന്റെ കൂടെ സൗദ ജോലി ചെയ്തിരുന്നു. നാലും രണ്ടരയും വയസ്സുള്ള രണ്ടു മക്കളെ ഉപേക്ഷിച്ചാണു യുവതി നാടുവിട്ടത്. കഴിഞ്ഞമാസം 23നാണ് പരിയാരമുക്കിലെ ഫാത്വിമയെ കാണാതായത്. നാലര വയസ്സുള്ള മകൻ മുഹമ്മദ് റഫീഖിനെയും കൂട്ടി കെല്ലൂരിലെ സഹോദരിയുടെ വീട്ടിൽ നോമ്പുതുറക്കാനെന്നു പറഞ്ഞു വീടുവിട്ടതാണ്. അടുത്ത വീട്ടിൽ ജോലിചെയ്തിരുന്ന കെട്ടിടനിർമാണ തൊഴിലാളി ശശിയാണ് ഫാത്വിമയെ കടത്തിക്കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മുഹമ്മദ് റാഫി, മുഹമ്മദ് ഫിറോസ് എന്നീ മക്കളെ ഉപേക്ഷിച്ചാണ് ഇളയ മകനുമായി ഫാത്വിമ നാടുവിട്ടത്. കൂലിപ്പണിക്കാരനായ ഭർത്താവ് ബഷീർ നിത്യരോഗിയാണ്. ഭാര്യയുടെ തിരോധാനത്തിനു ശേഷം രണ്ടു മക്കളെ കോഴിക്കോട് ജില്ലയിലെ യതീംഖാനയിൽ ചേർത്തിരിക്കുകയാണ്.
യുവതിയെ തട്ടിക്കൊണ്ടുപോയ പടിഞ്ഞാറത്തറ 16ാം മൈൽ സ്വദേശിയായ ശശി ആർ.എസ്.എസുകാരനാണെന്ന് ഫാത്വിമയുടെ ബന്ധുക്കൾ പറഞ്ഞു. വെള്ളമുണ്ട പോലിസിലും മാനന്തവാടി ഡിവൈ.എസ്.പിക്കും പരാതിനൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. ഫാത്വിമയെ കാണിച്ചുകൊടുത്താൽ അറസ്റ്റ് ചെയ്യാമെന്നാണ് പോലിസ് പറയുന്നതെന്നു ഭർത്താവ് ബഷീർ തേജസിനോട് പറഞ്ഞു.
കൽപ്പറ്റ മുണേ്ടരി നെടുങ്ങോട് സക്കീനയുടെ മകൾ ശാലുന്നിസ (18)യെ കാസർകോഡ് ബോവിക്കാനത്തെ വാടകവീട്ടിൽവച്ചാണു കഴിഞ്ഞദിവസം കാണാതായത്. ശാലുന്നിസയും കുടുംബവും വർഷങ്ങളായി ബോവിക്കാനത്താണു താമസം. തിരുനെൽവേലി സ്വദേശിയായ എം മഹേഷ് കുമാർ ആണ് ശാലുന്നിസയെ കടത്തിക്കൊണ്ടുപോയത്. ഇയാളും ആർ.എസ്.എസുകാരനാണെന്ന് വ്യക്തമായിട്ടുണ്ട്. കോഴിക്കോട്ടെ ഒരു ഹൈന്ദവ സ്ഥാപനത്തിൽവച്ച് കഴിഞ്ഞദിവസം മതംമാറിയ ശേഷം ശാലുന്നിസയുടെ വിവാഹം നടന്നതായാണു വിവരം.
കാസർകോഡ്, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ മത പോലിസ് ചമഞ്ഞ് ശ്രീരാമസേന ഇതര മതവിഭാഗങ്ങളിൽപ്പെട്ട യുവാക്കളെ ഭീഷണിപ്പെടുത്തുന്നതിനിടയിലാണ് മുസ്ലിം യുവതികളെ വ്യാപകമായി ആഭരണങ്ങളും മറ്റുമായി കടത്തിക്കൊണ്ടുപോവുന്നത്. ചെറുവത്തൂരിൽ ഏതാനും മാസങ്ങൾക്കിടെ ആറു മുസ്ലിം യുവതികളെയാണു മതംമാറ്റി കടത്തിക്കൊണ്ടുപോയത്. ഇതിൽ അഫ്ദലുൽ ഉലമ ബിരുദധാരിയും ഉൾപ്പെടും.
തെക്കൻ ജില്ലകളിൽ നിന്നു നിർമാണത്തൊഴിലാളികളായി എത്തുന്ന ആർ.എസ്.എസുകാരാണു വയനാട്ടിൽ മുസ്ലിം യുവതികളെ പ്രണയക്കെണിയിലകപ്പെടുത്തി തട്ടിക്കൊണ്ടുപോവുന്നതിനു പിന്നിലേറെയും. കഴിഞ്ഞ 10 വർഷത്തിനിടെ നൂറുകണക്കിനു സംഭവങ്ങളാണ് ഇത്തരത്തിൽ ജില്ലയിൽ അരങ്ങേറിയത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഭാഗങ്ങളിൽ കഴിഞ്ഞ നാലുമാസത്തിനിടെ ഇത്തരം 20ഓളം സംഭവങ്ങൾ നടന്നതായാണു റിപോർട്ട്.
Source