Wednesday, September 9, 2009

മതംമാറ്റം: യുവാക്കള്‍ക്കെതിരേ മൊഴി നല്‍കാന്‍ വിദ്യാര്‍ഥിനികള്‍ വിസമ്മതിച്ചു

പത്തനംതിട്ട: പത്തനംതിട്ട സെന്റ്‌ ജോണ്‍സ്‌ കോളജിലെ അവസാന വര്‍ഷ എം.ബി.എ വിദ്യാര്‍ഥിനികള്‍ ഇസ്ലാംമതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട്‌ നിരപരാധികളായ യുവാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ഉന്നതരുടെ ശ്രമത്തിന്‌ തിരിച്ചടി. പ്രതികളെന്ന്‌ ആരോപിക്കപ്പെടുന്ന ഷഹന്‍ഷായും സിറാജുദ്ദീനും ചെയ്ത തെറ്റെന്താണെന്ന്‌ ഇന്നലെ കോടതിയില്‍ ഹാജരായ യുവതികളോട്‌ ജഡ്ജി ആരാഞ്ഞു. എന്നാല്‍, യുവാക്കള്‍ക്കെതിരേ മൊഴി നല്‍കാന്‍ തയ്യാറാകാതെ വിദ്യാര്‍ഥിനികള്‍ മൗനമവലംബിച്ചു.

കഴിഞ്ഞ 21ന്‌ കോടതിയില്‍ ഹാജരായ യുവാക്കള്‍ക്കു തീവ്രവാദബന്ധമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചുവരികയാണെന്നും പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ ജെ മുഹമ്മദ്‌ അന്‍സാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ എതിരായി മൊഴി നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന്‌ പ്രോസിക്യൂഷന്റെയും പോലിസിന്റെയും വാദം ഇന്നലെ കോടതി തള്ളി. 30 വരെ യുവാക്കള്‍ക്കെതിരേ യാതൊരു പോലിസ്‌ നടപടിയും പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമായി നല്‍കിയ മലയാള മനോരമയുടെ റിപോര്‍ട്ടിനെ കോടതി വിമര്‍ശിച്ചു.

ഇസ്ലാംമതം സ്വീകരിച്ച പെണ്‍കുട്ടികളെ പൈന്തിരിപ്പിച്ച്‌ യുവാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിനു പിന്നില്‍ ചില ഉന്നത പോലിസ്‌ ഉദ്യോഗസ്ഥരുടെയും ബി.ജെ.പി നേതാവിന്റെയും ഗൂഢാലോചനയുണ്ടെന്ന്‌ തേജസ്‌ നേരത്തെ റിപോര്‍ട്ട്‌ ചെയ്തിരുന്നു.

യുവാക്കളുടെ പേരില്‍ തീവ്രവാദമാരോപിച്ച്‌ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്റെ പേരില്‍ കേസെടുക്കാനായിരുന്നു പോലിസിന്റെ നീക്കം. ഇതിന്‌ സഹായകമായ രീതിയില്‍ വ്യാജകഥകള്‍ മെനയാന്‍ ചില മാധ്യമങ്ങളും ശ്രമിച്ചിരുന്നു. കൊല്ലം കൊട്ടാരക്കര കളിയോത്ത്‌ ബംഗ്ലാവില്‍ ബിനോ ജേക്കബ്‌, തിരുവനന്തപുരം പേരൂര്‍ക്കട ഇന്ദിരാ നിവാസില്‍ മിഥുല എന്നിവര്‍ ഇസ്ലാമിനെക്കുറിച്ച്‌ സ്വയം പഠിച്ച ശേഷമാണ്‌ മതം മാറാന്‍ തയ്യാറായത്‌. ഇതേ കോളജിലെ സീനിയര്‍ വിദ്യാര്‍ഥിയായ പത്തനംതിട്ട സ്വദേശി ഷഹന്‍ഷായുമായുള്ള സുഹൃദ്ബന്ധം ഇസ്ലാമിനെ കുറിച്ച്‌ കൂടുതല്‍ പഠിക്കാന്‍ ഇവര്‍ക്ക്‌ അവസരമൊരുക്കി. തുടര്‍ന്ന്‌ തങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട യുവാക്കള്‍ക്കൊപ്പം ജീവിക്കാന്‍ തയ്യാറായ പെണ്‍കുട്ടികളെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന്‌ പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും പൈന്തിരിപ്പിക്കുകയായിരുന്നു.

മിഥുലയുടെ ബന്ധുവായ ബി.ജെ.പി മുന്‍ സംസ്ഥാന നേതാവിന്റെ ഇടപെടലും പെണ്‍കുട്ടികളുടെ കുടുംബവുമായി ബന്ധമുള്ള ഐ.ജി റാങ്കിലുള്ള പോലിസ്‌ ഉദ്യോഗസ്ഥന്റെയും സ്പേഷ്യല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്ഥന്റെയും ചരടുവലികളുമാണ്‌ സംഭവംവിവാദമാക്കിയതിനു പിന്നില്‍.

(Source)

Tuesday, September 8, 2009

തന്നെ ആരും മതംമാറ്റിയിട്ടില്ലെന്ന് സില്‍ജാരാജ്‌

കോട്ടയം: തന്നെ ആരും നിര്‍ബന്ധിച്ചു മതംമാറ്റിയിട്ടില്ലെന്നും സ്വമേധയാ ഇസ്​‍്ലാംമതം സ്വീകരിച്ചതാണെന്നും ഹിന്ദു ഐക്യവേദി ഉയര്‍ത്തിയ ലൗ ജിഹാദ്‌ വിവാദത്തിലെ നായിക സില്‍ജാരാജ്‌. തന്റെ ഇസ്ലാം മതാശ്ലേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേണ്ടവിധം അന്വേഷിക്കാതെ അനാവശ്യ വിവാദങ്ങളിലേക്കു തന്നെയും ഭര്‍ത്താവ്‌ അഷ്കറിനെയും വലിച്ചിഴച്ച ഹിന്ദു ഐക്യവേദിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സില്‍ജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അഷ്കറിനെ വിവാഹം കഴിച്ച ശേഷം ദിവസങ്ങളായി മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ചു വന്ന റിപോര്‍ട്ടുകള്‍ വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നും കര്‍ണാടകയിലെ ചാമരാജ്‌ നഗര്‍ സതീ റോഡില്‍ പങ്കജ്‌ ബേക്കറി ഉടമ സെല്‍വരാജിന്റെ മകളായ സില്‍ജ വ്യക്തമാക്കി.

കണ്ണൂരിലെ ചിറ്റാരിക്കടവില്‍ ബന്ധുവിന്റെ വിവാഹത്തിന്‌ പങ്കെടുക്കാന്‍ വന്ന കാലയളവിലാണു ടൂറിസ്റ്റ്‌ ടാക്സി ഡ്രൈവറായിരുന്ന അഷ്കറുമായി പ്രണയത്തിലാവുന്നത്‌. സിവില്‍ എന്‍ജിനിയീറിങ്‌ ഡിപ്ലോമ നേടിയ സില്‍ജ കംപ്യൂട്ടര്‍ പഠിക്കുന്നതിനിടെ അഷ്കറുമായി ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞമാസം എട്ടിന്‌ രക്ഷിതാക്കളെ അറിയിക്കാതെ അഷ്കറിന്റെ അടുത്തേക്ക്‌ പുറപ്പെട്ടു. യാത്രയ്ക്കിടയില്‍ ഫോണില്‍ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. കോട്ടയം കെ.എസ്‌.ആര്‍.ടി.സി സ്റ്റാന്റിലെത്തിയ ശേഷം അഷ്കര്‍ ജോലി ചെയ്യുന്ന ഈരാറ്റുപേട്ടയിലേക്കു പോയി. ബന്ധുക്കള്‍ ഈരാറ്റുപേട്ടയിലെത്തി തന്നെ തട്ടികൊണ്ടുപോയെന്ന്‌ കാണിച്ചു പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന്‌ അഭിഭാഷകനുമായി എത്തി തീരുമാനം മാറ്റണമെന്ന്‌ ആവശ്യപ്പെട്ടു. എന്നാല്‍ അതിനു തയ്യാറല്ലെന്ന്‌ വ്യക്തമാക്കി.

അഷ്കറിനെ തീവ്രവാദിയായും മതപരിവര്‍ത്തനം നടത്തുന്ന സംഘത്തിലെ ആളാണെന്നുമുളള രീതിയില്‍ തെറ്റായ റിപോര്‍ട്ടുകളാണ്‌ മാധ്യമങ്ങളില്‍ വന്നത്‌. തനിക്ക്‌ ഒന്നരവര്‍ഷമായി അടുത്തറിയാവുന്ന അഷ്കര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നില്ല. താന്‍ ഇസ്​‍്ലാമിനെക്കുറിച്ച്‌ പഠിക്കാന്‍ ആരംഭിച്ചതു യാതൊരു പ്രേരണയുമില്ലാതെയാണ്‌. അഷ്​‍്കറിനൊപ്പം ഈരാറ്റുപേട്ടയിലെത്തിയ ശേഷമാണ്‌ ഇസ്​‍്ലാംമതത്തെക്കുറിച്ച്‌ പഠിക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌. ഇതേത്തുടര്‍ന്ന്‌ അഷ്കര്‍ വാരിശേരി എന്ന സ്ഥലത്തെ പാഠശാലയില്‍ കൊണ്ടുപോയി ചേര്‍ത്തു. പ്രായപൂര്‍ത്തിയായ തനിക്ക്‌ ഏതു മതമനുസരിച്ച്‌ ജീവിക്കാനും ഇഷ്ടപുരുഷനെ വിവാഹം കഴിക്കാനുമുളള സ്വാതന്ത്ര്യമുണ്ട്‌. തനിക്കെതിരേ കേരളത്തില്‍ ഹിന്ദു ഐക്യവേദി പ്രചാരണം നടത്തുന്നത്‌ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്‌. ഭര്‍ത്താവ്‌ അഷ്കറും സില്‍ജയ്ക്കൊപ്പമുണ്ടായിരുന്നു.

(Source)