Thursday, January 20, 2011

പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോവൽ: പെൺകുട്ടി എസ്‌.പിക്ക്‌ പരാതി നൽകി


മലപ്പുറം: പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി ആഭരണം കവർന്ന കേസിൽ പെൺകുട്ടി ജില്ലാ പോലിസ്‌ സൂപ്രണ്ടിന്‌ പരാതി നൽകി. മലപ്പുറം മേൽമുറി പുള്ളിയിൽ മട്ടാശ്ശേരി അബ്ദുർറസാഖിന്റെ മകൾ ജസീല(19)യാണു കണ്ണൂർ പാൽചുരം കൊട്ടിയൂർ ഒളാട്ടുപുറം ജസ്റ്റിൻ ഫ്രാൻസിസിനെതിരേ പരാതി നൽകിയത്‌.


മേൽമുറിയിൽ ടി.ടി.സിക്ക്പഠിക്കവെ മലപ്പുറത്തെ ഇന്റർനാഷനൽ അക്കാദമിയിൽ പെൺകുട്ടി സ്പോക്കൺ ഇംഗ്ളീഷ്‌ കോഴ്സിന്‌ പോയിരുന്നു. ഇവിടെവച്ച്‌  ജസ്റ്റിൻ ഫ്രാൻസിസ്‌ സ്നേഹം നടിച്ച്‌ പ്രലോഭിപ്പിച്ച്‌ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്നു പ്രതി നിർബന്ധിക്കുകയും വഴങ്ങിയില്ലെങ്കിൽ നാണം കെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തുകയും തുടർന്ന്‌ താൽപ്പര്യമില്ലാതെ താൻ സമ്മതിക്കുകയുമായിരുന്നു. ജസ്റ്റിന്റെ പ്രേരണക്ക്‌ വഴങ്ങി വീട്ടിൽ നിന്ന്‌ സ്വർണവും പണവും എടുത്ത്‌ ഒളിവിൽ താമസിച്ചു. സ്പെഷ്യൽ മാരേജ്‌ ആക്ട്‌ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനു തന്നെക്കൊണ്ട്‌ ചില കടലാസുകളിൽ ഒപ്പിടീക്കുകയുമായിരുന്നുവെന്ന്‌ പെൺകുട്ടി പരാതിയിൽ ചൂണ്ടിക്കാട്ടി.

വീട്ടിൽ നിന്നു കിട്ടാവുന്നിടത്തോളം സ്വർണവും പണവുമെടുക്കണമെന്നു പ്രതി നിർബന്ധിച്ചപ്രകാരം 106 പവൻ സ്വർണവും 15000 രൂപയും എടുത്തിരുന്നു. ഓരോരോ ആവശ്യങ്ങൾ പറഞ്ഞ്‌ സ്വർണാഭരണങ്ങൾ വിൽക്കുകയും പണയംവയ്ക്കുകയും ചെയ്തു. വിവാഹശേഷം പ്രതിയുടെ വീട്ടിലേക്കു കൊണ്ടുപോവുകയും ജസ്റ്റിന്റെ മാതാപിതാക്കൾ സ്വർണം വാങ്ങിവയ്ക്കുകയും ചെയ്തു. തുടർന്ന്‌ പ്രതിയുടെ സഹോദരൻ ബിജുവും ബന്ധു ജോസ്‌ പൗലോസും സ്വർണം കൊണ്ടുപോയി. ചോദ്യംചെയ്ത തന്നെ മർദ്ദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭക്ഷണം പോലും നൽകാതെ പട്ടിണിക്കിട്ടു. മാനസികമായി തളർന്ന താൻ ആത്മഹത്യക്ക്‌ വരെ ചിന്തിച്ചെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

പ്രതികൾ തന്നെ ചതിക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ജസീല എസ്‌.പിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
(Source)

Thursday, January 13, 2011

പ്രണയവിവാഹത്തിന്‌ ക്ളൈമാക്സ്‌; ഭാര്യവീട്ടിൽ നിന്ന്‌ 106 പവൻ കടത്തിയതിന്‌ നവവരൻ പിടിയിൽ

മലപ്പുറം: പ്രണയം നടിച്ച്‌ യുവതിക്കൊപ്പം വീട്ടിൽനിന്ന്‌ 106 പവൻ സ്വർണം കടത്തിയ കേസിൽ യുവാവ്‌ പിടിയിൽ. കൊട്ടിയൂർ പാൽചുരം ഓളാട്ടുപുറം ജസ്റ്റിൻ ഫ്രാൻസിസ്‌ (29) ആണ്‌ പിടിയിലായത്‌. ഇന്നലെ ഉച്ചയ്ക്കു 12മണിയോടെ കേളകം പോലിസിന്റെ സഹായത്തോടെ മലപ്പുറം ഡിവൈ.എസ്‌.പി സുദർശനാണ്‌ യുവാവിനെ പിടികൂടിയത്‌. പ്രണയം നടിച്ച്‌ മലപ്പുറം മേൽമുറിയിൽ നിന്ന്‌ കടത്തിയ 19കാരിയെ കഴിഞ്ഞദിവസം ഇയാൾ സ്പെഷ്യൽ മാര്യേജ്‌ ആക്ട്‌ പ്രകാരം വിവാഹം കഴിച്ചിരുന്നു.

മലപ്പുറത്ത്​‍‌ സ്പോക്കൺ ഇംഗ്ളീഷ്‌ സ്ഥാപനം നടത്തവേയാണ്‌ ജസ്റ്റിൻ ഫ്രാൻസിസ്‌ യുവതിയെ പരിചയപ്പെടുന്നത്‌. യുവതിയെയും വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും കാണാനില്ലെന്നുകാണിച്ച്‌ പിതാവ്‌ നേരത്തെ ഹൈക്കോടതിയിൽ ഹേബിയസ്‌ കോർപ്പസ്‌ ഹരജി നൽകിയിരുന്നു.

ഡി.ജി.പി ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചതിനെ തുടർന്ന്​‍ കോടതിയിൽ ഹാജരായ യുവതിയെ യുവാവിനൊപ്പം വിട്ടെങ്കിലും സ്വർണം നഷ്ടപ്പെട്ട കേസിൽ പോലിസ്‌ നടപടിയെടുക്കുകയായിരുന്നു.

വൈകീട്ട്‌ മൂന്നുമണിയോടെ പ്രതിയുമായി പോലിസ്‌ മലപ്പുറത്തേക്കു തിരിച്ചിട്ടുണ്ട്‌. മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി പോലിസ്‌ കസ്റ്റഡിയിൽ വാങ്ങുമെന്നറിയുന്നു. (Source)